മനസ്സ് നിറച്ച് വന്ദേ ഭാരത് യാത്ര; ഇഞ്ചവിള വൃദ്ധസദനത്തിലെ അമ്മമാർക്ക് സ്വപ്നസാഫല്യം
കൊല്ലം : നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയ ജീവിതത്തിൽ നിന്ന് സ്വപ്നങ്ങളുടെ ചിറകിലേറി വന്ദേ ഭാരത് എക്‌സ്പ്രസിന്റെ വേഗത്തിലേക്ക്... അവിടെനിന്ന് കൊച്ചിയുടെ മനോഹരമായ കായൽക്കാഴ്ചകളിലേക്കും സ്‌നേഹസൗഹൃദങ്ങളുടെ പുതുലോകത്തിലേക്കും ഒരു യാത്ര. ഇഞ്ചവിള സർക്കാർ വൃദ്ധസദനത്തിലെ അമ്മമാർക്ക് ഇത് കേവലമൊരു വിനോദയാത്രയായിരുന്നില്ല; കാലങ്ങളായി മനസ്സിൽ സൂക്ഷിച്ചുവച്ചിരുന്ന ഒരു വലിയ ആഗ്രഹത്തിന്റെ സാക്ഷാത്കാരവും ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഓർമകളുടെ സമ്മാനവുമായിരുന്നു.ഓണക്കാലത്ത് സ്‌നേഹത്തിന്റെയും കരുതലിന്റെയും നിറവിൽ, കൊല്ലം ഡിസ്ട്രിക്ട് വിമൻസ് കൗൺസിലും വൈസ് മെൻസ് ഇന്റർനാഷണലും സംയുക്തമായാണ് അമ്മമാർക്കായി ഈ അപൂർവ സൗഹൃദയാത്ര ഒരുക്കിയത്.
കഴിഞ്ഞ മെയ് മാസത്തിൽ മാതൃദിനം ഇഞ്ചവിള വൃദ്ധസദനത്തിലെ അമ്മമാർക്കൊപ്പം ആഘോഷിച്ചതോടെയാണ് അവരുടെ ചെറുതും വലുതുമായ ആഗ്രഹങ്ങൾ അടുത്തറിഞ്ഞത്. അതിന്റെ ഭാഗമായി 'അമ്മമാർക്കൊപ്പം ഒരു പകൽ' എന്ന പേരിൽ നഗരക്കാഴ്ചകൾ കാണാനും സിനിമ ആസ്വദിക്കാനും അവസരമൊരുക്കി. തുടർന്ന് ആരാധനാലയങ്ങൾ സന്ദർശിക്കണമെന്ന അവരുടെ ആഗ്രഹവും സഫലമാക്കി. സ്‌നേഹത്തിന്റെ ഈ യാത്രയുടെ മൂന്നാം ഘട്ടമായാണ് അമ്മമാരുടെ മനസ്സിലെ വലിയൊരു സ്വപ്നമായ വന്ദേ ഭാരത് യാത്രയും കൊച്ചി സന്ദർശനവും യാഥാർഥ്യമായത്.
രാവിലെ 5.50-ന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഡിസ്ട്രിക്ട് വിമൻസ് കൗൺസിൽ പ്രസിഡന്റ് കൂടിയായ ജില്ലാ കളക്ടർ ആനി ജൂല തോമസ് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. ആവേശവും കൗതുകവും നിറഞ്ഞ മനസ്സുകളോടെ അമ്മമാർ വന്ദേ ഭാരത് എക്‌സ്പ്രസിൽ യാത്രതിരിച്ചു.കൊച്ചിയിലെത്തിയ ശേഷം വാട്ടർ മെട്രോയിൽ രണ്ടു മണിക്കൂർ നീണ്ട ക്രൂയിസ് യാത്ര അമ്മമാർക്ക് തികച്ചും നവ്യാനുഭവമായി. കായൽക്കാറ്റും കൊച്ചിയുടെ മനോഹര കാഴ്ചകളും അവർ സന്തോഷത്തോടെ ആസ്വദിച്ചു. തുടർന്ന് വല്ലാർപാടം ബസിലിക്ക സന്ദർശിക്കുകയും പ്രാർഥനാനിർഭരമായ നിമിഷങ്ങൾ പങ്കിടുകയും ചെയ്തു.
യാത്രയിലെ ഏറ്റവും ഹൃദയസ്പർശിയായ അനുഭവങ്ങളിലൊന്നായിരുന്നു കൊച്ചിയിലെ സർക്കാർ വൃദ്ധസദനത്തിലെ അന്തേവാസികളുമായുള്ള കൂടിക്കാഴ്ച. അപരിചിതരെ കണ്ടുമുട്ടിയവർ നിമിഷങ്ങൾക്കകം സ്‌നേഹത്തിന്റെ ഭാഷയിൽ അടുത്ത സുഹൃത്തുക്കളായി. ജീവിതാനുഭവങ്ങളും വിശേഷങ്ങളും സന്തോഷവും സങ്കടങ്ങളും പരസ്പരം പങ്കുവെച്ച ആ നിമിഷങ്ങൾ എല്ലാവരുടെയും ഹൃദയത്തിൽ മായാത്ത ഓർമയായി.
തങ്ങളുടെ ജീവിതത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു യാത്രയും സ്‌നേഹനിറഞ്ഞ അനുഭവവും ലഭിക്കുന്നതെന്ന് അമ്മമാർ നിറകണ്ണുകളോടെ പറഞ്ഞു. വൃദ്ധസദനത്തിന്റെ ചരിത്രത്തിൽ തന്നെ ഇത്തരമൊരു സൗഹൃദയാത്ര ആദ്യമാണെന്നും അവർ സന്തോഷത്തോടെ പങ്കുവെച്ചു.
ഒരു യാത്രയുടെ സന്തോഷത്തിനപ്പുറം, ''നിങ്ങൾ ഒറ്റയ്ക്കല്ല; നിങ്ങളെ സ്‌നേഹിക്കാനും നിങ്ങളുടെ ആഗ്രഹങ്ങൾ കേൾക്കാനും ഒപ്പമുണ്ടാകാനും ഒരു സമൂഹമുണ്ട്'' എന്ന വലിയ സന്ദേശം കൂടിയാണ് ഈ യാത്ര സമ്മാനിച്ചത്.
വിമൻസ് കൗൺസിൽ വൈസ് പ്രസിഡന്റ് ജെയിൻ ആൽസിൽ ഫ്രാൻസിസ്, സെക്രട്ടറി ജയശ്രീ രാജീവ്, ഗീത സക്കറിയ, ബീന മാർട്ടിൻ, ആശ ദുലാരി എന്നിവരും വൈസ് മെൻസ് ഇന്റർനാഷണൽ ഭാരവാഹികളായ ജയകുമാർ, ആസ്റ്ററിൻ ബെനൻ എന്നിവരുൾപ്പെടെയുള്ള പ്രതിനിധികളും യാത്രയിൽ അമ്മമാർക്കൊപ്പം പങ്കുചേർന്നു.
.jpg)

