പ്രസിഡന്റ്സ് ട്രോഫി ജലോത്സവം കൊല്ലത്തിന്റെ പ്രധാന വിനോദസഞ്ചാര ആകർഷണമാക്കണം: എൻ കെ പ്രേമചന്ദ്രൻ എം പി
കൊല്ലം : നവംബർ 21-ന് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി ജലോത്സവം കൊല്ലത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര ആകർഷണമായും സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന പരിപാടിയായും മാറ്റണമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു. പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത വർഷം മുതൽ കേരളപ്പിറവി ദിനത്തിൽ പ്രസിഡന്റ്സ് ട്രോഫി വള്ളംകളി നടത്തുമെന്ന ടൂറിസം മന്ത്രി പി സി വിഷ്ണുനാഥിന്റെ പ്രഖ്യാപനം സ്വാഗതാർഹമാണെന്ന് എം പി പറഞ്ഞു. ഇത് കൊല്ലത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ കൂടുതൽ വികസിപ്പിക്കുന്നതിനും ജലോത്സവത്തിന് ദേശീയതലത്തിൽ ശ്രദ്ധ നേടുന്നതിനും സഹായകമാകും.
ജലോത്സവത്തിന് മുന്നോടിയായി വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണം. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും വള്ളംകളിയുടെ അറിയിപ്പ് എത്തിക്കുന്നതിനും കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എം പി നിർദേശിച്ചു.
വള്ളംകളിയുമായി ബന്ധപ്പെട്ട വിവിധ കമ്മിറ്റികൾ പരിമിതമായ സമയത്തിനുള്ളിൽ കൂടുതൽ ജാഗ്രതയോടെയും ഏകോപനത്തോടെയും പ്രവർത്തിക്കണമെന്ന് ജില്ലാ കലക്ടർ ആനി ജൂലാ തോമസ് പറഞ്ഞു. ജലോത്സവം കൂടുതൽ മികവോടെയും ഭംഗിയോടെയും സംഘടിപ്പിക്കുന്നതിന് കമ്മിറ്റി അംഗങ്ങൾ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും കലക്ടർ നിർദേശിച്ചു.
വിഷ്ണുമോഹൻ എം എൽ എ, സിറ്റി പോലീസ് കമ്മീഷണർ അശ്വതി ജിജി, സബ് കലക്ടർ എസ് മോഹനപ്രിയ, അസിസ്റ്റന്റ് പോലിസ് കമ്മീഷണർ എഫ് ഷാജി, എ ഡി എം എസ്.സജീദ്, ടൂറിസം വകുപ്പ് സ്പെഷ്യൽ പ്രൊജക്റ്റ് ഡെപ്യുട്ടി ഡയറക്ടർ അബ്ദുൽ സലാം, ജോയിന്റ് ഡയറക്ടർ സുബൈർ കുട്ടി, ഡി ടി പി സി ജില്ലാ സെക്രട്ടറി ജ്യോതിഷ് കേശവൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
.jpg)

