വേനൽ പ്രതിരോധം - സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ച് കൊല്ലം ജില്ലാ കലക്ടർ
കൊല്ലം : വേനൽക്കാല പ്രതിരോധപ്രവർത്തനങ്ങൾ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിൽ സന്നദ്ധസംഘടനകളും മുന്നിട്ടിറങ്ങണമെന്ന് ജില്ലാ കലക്ടർ. ചേമ്പറിൽ വിളിച്ചുചേർത്ത വിവിധ സന്നദ്ധസംഘടനകളുടെ പ്രതിനിധിയോഗത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് സന്നദ്ധ സംഘടനകളുടെ സഹകരണവും പങ്കാളിത്തവും അഭ്യർഥിച്ചത്.
ജനസാന്ദ്രതയുള്ള കവലകൾ, ചന്തകൾ, ഗതാഗതകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തണൽ പന്തലുകൾ ഒരുക്കാം. സംഭാരം, ഒ.ആർ.എസ് ലായനി, ശുദ്ധജലം എന്നിവ വിതരണം ചെയ്യാനും മുൻകൈയെടുക്കാം. തെരുവ്കച്ചവടക്കാർ, ചുമട്ടു തൊഴിലാളികൾ, ഓൺലൈൻ ഭക്ഷണവിതരണ തൊഴിലാളികൾ, ഓട്ടോ-ടാക്‌സി ഡ്രൈവർമാർ, സിറ്റി ബസ് ഡ്രൈവർമാർ തുടങ്ങി വെയിലത്ത് ജോലി ചെയ്യേണ്ടിവരുന്നവർക്ക് പ്രത്യേക സഹായങ്ങൾ ലഭ്യമാക്കണം.
ഉയർന്ന ചൂടുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടവ, പാമ്പ് കടിയേൽക്കാതിരിക്കാനും കടിയേറ്റാൽ സ്വീകരിക്കേണ്ടതുമായ നടപടികൾ, ജലസംരക്ഷണ നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കുന്ന ജാഗ്രതാനിർദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും ഏർപ്പെടാം.
ജലാശയങ്ങളിൽ ഇറങ്ങുന്ന പ്രവണത കൂടിവരുന്നത് അപകടങ്ങൾക്കും പകർച്ചരോഗങ്ങൾക്കും കാരണമാകുന്നു. പാറക്കുളങ്ങളിലും മലിനമായ മറ്റ് ജലാശയങ്ങളിലും കുട്ടികളടക്കമുള്ളവർ ഇറങ്ങുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കും. മലിനജലത്തിലൂടെ പകരുന്ന അമീബിക് മസ്തിഷ്‌കജ്വരം പോലുള്ള മാരകരോഗങ്ങൾക്കെതിരെ കൃത്യമായ അറിവ് നൽകാനും മുന്നിട്ടിറങ്ങണം. വെള്ളത്തിലിറങ്ങുമ്പോഴുള്ള അപകടസാധ്യതകളെക്കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേകമായ ബോധവൽക്കരണം നൽകേണ്ടത് ആവശ്യമാണെന്നും ജില്ലാ കലക്ടർ ഓർമിപ്പിച്ചു.
എ ഡി എം ടി കെ വിനീത്, ജോയിന്റ് ആർ ടി ഓ ആർ ശരത് ചന്ദ്രൻ, ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി, ഗാന്ധിഭവൻ തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, ദുരന്തനിവാരണവിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

