ദേശീയപാത വികസനം: വെള്ളക്കെട്ട് പരിഹരിക്കാൻ ശാശ്വത നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ
കൊല്ലം : ചാത്തന്നൂർ മണ്ഡലത്തിൽ ദേശീയപാത കടന്നുപോകുന്ന പ്രദേശങ്ങളിൽ വെള്ളകെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശാശ്വത നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ ആനി ജൂല തോമസ്. പാരിപ്പള്ളി ജംഗ്ഷനിൽ ദേശീയപാതയിൽ നിന്നുള്ള വെള്ളം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് ഒഴുക്കി വെള്ളക്കെട്ടുണ്ടാക്കുന്നു എന്ന പരാതി പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പും ദേശീയപാത അതോറിറ്റിയും സംയുക്ത പരിശോധന നടത്തും.
കല്ലുവാതുക്കൽ, ഇത്തിക്കര, ചാത്തന്നൂർ എന്നിവിടങ്ങളിലെ ഓട നിർമാണ പ്രവർത്തനങ്ങൾ, സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലേക്ക് വെള്ളം ഒഴുകിയെത്തുന്നതുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ പരിഹരിക്കുന്നതിനും വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താൻ യോഗത്തിൽ തീരുമാനമായി. ദേശീയപാതയിലെ ഓടകളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ തദ്ദേശസ്വയംഭരണ വകുപ്പിന് നിർദേശം നൽകി.
ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേമ്പറിൽ ചേർന്ന യോഗത്തിൽ ബി.ബി ഗോപകുമാർ എം.എൽ.എ, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, ദേശീയപാത അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
.jpg)

