എംപി ഫണ്ട് വിനിയോഗത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമായി കേരളത്തെ മാറ്റണം : കൊടിക്കുന്നിൽ സുരേഷ് എംപി
കൊല്ലം : എംപി ഫണ്ട് വിനിയോഗത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമായി കേരളത്തെ മാറ്റണമെന്ന് എംപിമാരുടെ പ്രാദേശിക വികസന പദ്ധതി (എംപിലാഡ്സ്) സംബന്ധിച്ച ലോക്സഭാ കമ്മിറ്റി അധ്യക്ഷൻ കൂടിയായ കൊടിക്കുന്നിൽ സുരേഷ് എംപി. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നവംബർ രണ്ടിന് നടത്തുന്ന കൂടിക്കാഴ്ചയിൽ എംപിലാഡ്സ് പദ്ധതി നിർവഹണം ലളിതമാക്കാൻ ചട്ടങ്ങളിൽ ഭേദഗതികൾ കൊണ്ടുവരണമെന്ന് നിർദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ എംപി ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാൻ കൊല്ലം കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു എംപി. എംപി ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് യോഗത്തിൽ നിർവഹണ ഉദ്യോഗസ്ഥരോട് അദ്ദേഹം നിർദേശിച്ചു. യാഥാർഥ്യബോധത്തോടെ പദ്ധതികൾ തയ്യാറാക്കുകയും പ്രായോഗിക തടസ്സങ്ങളുണ്ടെങ്കിൽ അപ്പപ്പോൾ എംപിയെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ അറിയിക്കുകയും ചെയ്യണമെന്നും എംപി ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു.
ചെങ്ങന്നൂർ, മാവേലിക്കര, ഹരിപ്പാട്, ചമ്പക്കുളം, വെളിയനാട്, ഭരണിക്കാവ്, ശാസ്താംകോട്ട, കൊട്ടാരക്കര, ചിറ്റുമല, വെട്ടിക്കവല, പത്തനാപുരം, മാടപ്പള്ളി, പള്ളം താലൂക്കുകളിലെയും മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, കൊട്ടാരക്കര മുനിസിപ്പാലിറ്റികളിലെയും വിവിധ പദ്ധതികൾ യോഗത്തിൽ അവലോകനം ചെയ്തു. പതിനേഴാം ലോക്സഭാ കാലയളവിൽ 2025.59 ലക്ഷം രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകി. ഭരണാനുമതി നൽകിയ 293 പദ്ധതികളിൽ 278 എണ്ണവും പൂർത്തിയായി. 15 എണ്ണം പൂർത്തീകരണ ഘട്ടത്തിലാണ്. പതിനെട്ടാം ലോക്സഭയുടെ കാലയളവിൽ 1059.14 ലക്ഷം രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകിയതിൽ 83 പദ്ധതികൾ ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. 77 എണ്ണത്തിന്റെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. മറ്റ് പദ്ധതികൾ വേഗത്തിൽ നടപ്പാക്കാനുള്ള നിർദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എംപി നൽകി. വെട്ടിക്കവല ഗ്രാമ പഞ്ചായത്തിലെ കോട്ടവട്ടം നോർത്ത് വാർഡ് പതിനൊന്നിൽ പനയിൽതോടിന് കുറുകെയുള്ള പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ എംപിയും ജില്ലാ കലക്ടറും ഉദ്യോഗസ്ഥരും അടക്കം പങ്കെടുക്കുന്ന യോഗം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിൽ വച്ച് ഉടൻ ചേരാനും തീരുമാനമായി.
കൊല്ലം എഡിഎമ്മിന്റെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കളക്ടർ സനോബ് എസ് ജില്ലാ കലക്ടറുടെ പ്രതിനിധിയായി യോഗത്തിൽ പങ്കെടുത്തു. കൊല്ലം ജില്ലാ പ്ലാനിങ് ഓഫീസർ ഉല്ലാസ് ജി, ആലപ്പുഴ ജില്ലാ പ്ലാനിങ് ഓഫീസർ ദീപ ശിവദാസൻ, കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പിഎമാരായ പ്രദീപ് കുമാർ, ആസാദ് എന്നിവരും വിവിധ ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും വിദ്യാഭ്യാസ വകുപ്പ്, ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
.jpg)


