നീണ്ടകര താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം സെപ്റ്റംബർ 30 നകം പ്രവർത്തനക്ഷമമാക്കി ആരോഗ്യവകുപ്പിന് കൈമാറും :മന്ത്രി ഷിബു ബേബി ജോൺ
കൊല്ലം : നീണ്ടകര താലൂക്ക് ആശുപത്രിയിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടം സെപ്തംബർ 30 നകം പൂർണ്ണമായും പ്രവർത്തനക്ഷമമാക്കി ആരോഗ്യവകുപ്പിന് കൈമാറാൻ തീരുമാനം. പ്രവൃത്തിപുരോഗതി വിലയിരുത്തുന്നതിനായി വനം-വന്യജീവി, നൈപുണ്യവികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തിൽ ചവറ കെ.എം.എം.എൽ ഗസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി അറിയിച്ചത്. നിർമ്മാണ പ്രവൃത്തികളിൽ കാലതാമസവും ഉണ്ടാകരുതെന്ന് കർശന നിർദ്ദേശവും നൽകി.
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡാണ് 28.24 കോടി രൂപ വിനിയോഗിച്ച് സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി നിർമ്മാണം നടത്തുന്നത്. സിവിൽ പ്രവൃത്തികളുടെ 96 ശതമാനവും ലിഫ്റ്റുകളുടെ നിർമാണവും പൂർത്തിയായി. ഇലക്ട്രിക്കൽ, ഫയർ ഫൈറ്റിംഗ്, എക്‌സ്ട്രാ ലോ വോൾട്ടേജ് പ്രവൃത്തികളുടെ 85 ശതമാനവും, ഹീറ്റിംഗ്-വെന്റിലേഷൻ-എയർകണ്ടിഷനിംഗ് എന്നിവയുടെ 70 ശതമാനവും, മലിനജലസംസ്‌കരണ പ്ലാന്റ് നിർമ്മാണത്തിന്റെ 95 ശതമാനവും ഫർണിച്ചർ ലഭ്യമാക്കുന്നതിലെ 60 ശതമാനവും പൂർത്തിയായി. ഇലക്ട്രിക്കൽ ജോലികൾ ഓഗ്സ്റ്റ് 31 ഓടെ പൂർത്തിയാക്കുമെന്ന് ഭവനനിർമ്മാണ ബോർഡ് ചീഫ് എഞ്ചിനീയർ അറിയിച്ചു.
ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഭവനനിർമാണ ബോർഡ്, കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ ലിമിറ്റഡ് പ്രതിനിധികളെ ഉൾപ്പെടുത്തി ആഴ്ചതോറും അവലോകനയോഗം ചേരും. ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പുമായിചേർന്ന് രണ്ടാഴ്ചയിലൊരിക്കൽ പുരോഗതി വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി നിർദ്ദേശിച്ചു.7358 ചതുരശ്ര മീറ്ററിൽ നിർമ്മിക്കുന്ന ഇരുനിലകളുള്ള പുതിയ മെയിൻ ഹോസ്പിറ്റൽ ബ്ലോക്കിൽ 113 കിടക്കകൾ ഉൾപ്പടെ അത്യാധുനിക ചികിത്സാസൗകര്യങ്ങളാണ് ഒരുങ്ങുന്നത്. വിപുലമായ കാഷ്വാലിറ്റി, 400 പേർക്കിരിക്കാവുന്ന വെയ്റ്റിംഗ് ഏരിയ, ഫാർമസി, ലാബ്, രണ്ട് മോഡുലാർ ഓപ്പറേഷൻ തിയറ്ററുകൾ, 16 ബെഡുകളുള്ള ഐ.സി.യു, 6 ബെഡുകളുള്ള നവജാതശിശു തീവ്രപരിചരണവിഭാഗം, ബ്ലഡ് ബാങ്ക്, ഡെലിവറി റൂമുകൾ, ജനറൽ-ഡെന്റൽ എക്‌സ്‌റേ യൂണിറ്റുകൾ എന്നിവയും സജ്ജീകരിക്കും.
ജനറൽ മെഡിസിൻ, പീഡിയാട്രിക്, ഗൈനക്കോളജി, ഒഫ്താൽമോളജി, ഡെന്റൽ, ഡെർമറ്റോളജി, ഇ.എൻ.ടി, സർജറി, ഓർത്തോപീഡിക്, സൈക്യാട്രി തുടങ്ങിയ ഒ.പി കൺസൾട്ടിംഗ് റൂമുകളും സി.ടി സ്‌കാൻ, യു.എസ്.ജി സൗകര്യങ്ങൾ സജ്ജമാക്കാനുള്ള മുറികളും തയാറാക്കി. ആശുപത്രിക്ക് അനുബന്ധമായി 485 ചതുരശ്ര മീറ്ററിലുള്ള കാന്റീൻ-അഡ്മിനിസ്‌ട്രേഷൻ കെട്ടിടവും 82 ചതുരശ്ര മീറ്ററിലുള്ള സ്റ്റാഫ് ക്വാർട്ടേഴ്‌സും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ചവറ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, വൈസ് പ്രസിഡന്റ് ആനന്ദ് എസ്. മുണ്ഡകത്തിൽ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.ആർ. ശ്രീഹരി, ഭവനനിർമാണ ബോർഡ്-കേരള മെഡിക്കൽസർവ്വീസസ് കോർപ്പറേഷൻ ലിമിറ്റഡ് ഉദ്യോഗസ്ഥർ, കരാറുകാർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

