കശുവണ്ടി മേഖലയെ പുനരുജ്ജീവിപ്പിക്കാൻ പ്രത്യേക പാക്കേജ് വേണം: മന്ത്രി ഷിബു ബേബി ജോൺ
കൊല്ലം : കൊല്ലത്തെ കശുവണ്ടി മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് പ്ലാനിങ് ബോർഡ് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് വനം-വന്യജീവി, നൈപുണ്യവികസന മന്ത്രി ഷിബു ബേബി ജോൺ. പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ജില്ലാതല അഭിപ്രായ രൂപീകരണ യോഗം ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഒരു കാലത്ത് ലോകവുമായി നേരിട്ട് വ്യാപാരബന്ധമുള്ള തുറമുഖവും തിരുവിതാംകൂറിന്റെ വ്യാവസായിക തലസ്ഥാനവുമായിരുന്നു കൊല്ലമെന്ന് മന്ത്രി പറഞ്ഞു. ഇന്ന് നിർഭാഗ്യവശാൽ വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണ് കൊല്ലം. കശുവണ്ടി വ്യവസായം അസ്തമിച്ചതുപോലെയാണ്. മത്സ്യമേഖല പ്രതിസന്ധിയിലാണ്. കരിമണൽ മേഖലയും നിശ്ചലാവസ്ഥയിലാണ്. കടലും കായലും മലനിരകളുമെല്ലാം ഉണ്ടായിട്ടും കൊല്ലം ടൂറിസം ഭൂപടത്തിൽ ഒരിടത്തും എത്തിയിട്ടില്ല. കൊല്ലം ജില്ലയുടെ സമഗ്രവികസനത്തിന് ഈ മേഖലകളിലെല്ലാം മാറ്റം വരേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
രണ്ട് ലക്ഷത്തോളം സ്ത്രീ തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരുന്ന കശുവണ്ടി മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിച്ചാൽ അത് കൊല്ലം ജില്ലയെ തന്നെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന പദ്ധതിയായി മാറും. കരിമണൽ വ്യവസായത്തിൽ മൂല്യവർധിത ഉത്പന്നങ്ങൾക്ക് വലിയ സാധ്യതയുണ്ടെന്നും ഈ മേഖലയിൽ സാങ്കേതിക പങ്കാളികളെ കൊണ്ടുവരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. നഷ്ടത്തിലായ പൊതുമേഖല സ്ഥാപനങ്ങളിലെ ഭൂമി ഉപയോഗപ്പെടുത്തണമെന്നും പുതിയ വ്യവസായങ്ങൾ കൊണ്ടുവരുകയും അവിടങ്ങളിൽ തൊഴിലാളികൾക്ക് ഓഹരി പങ്കാളിത്തം അനുവദിക്കണമെന്നും മന്ത്രി പറഞ്ഞു. പദ്ധതികൾ സമയബന്ധിതമായി വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞാലേ മാറ്റം കൊണ്ടുവരാനാകൂവെന്നും 15ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ജില്ലാതല അഭിപ്രായ രൂപീകരണയോഗങ്ങൾ നടത്തുന്നതിന് ആസൂത്രണ ബോർഡിനെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
വനിത- ശിശുവികസന, തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ അധ്യക്ഷത വഹിച്ചു.പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കി പുതുയുഗ കേരളം നിർമിക്കുകയാണ് ഈ സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനം വലിയ സാമ്പത്തിക ഞെരുക്കം നേരിടുന്ന ഈ ഘട്ടത്തിൽ ഓരോ രൂപയും മികച്ച ആസൂത്രണത്തോടെ ചെലവഴിക്കാനും അത് യഥാർഥ ഗുണഭോക്താക്കളിൽ എത്തിക്കാനുമാണ് സർക്കാരിന്റെ ശ്രമം. നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച മുന്നോട്ടു കൊണ്ടു പോകാൻ സർക്കാരും സർക്കാരിതര സ്ഥാപനങ്ങളും വ്യക്തികളും ഒരുമിച്ചു പ്രവർത്തിക്കണം.
ഇതിന് നിയമങ്ങളിലും ചട്ടങ്ങളിലും ക്രമീകരണം ആവശ്യമാണെങ്കിൽ സർക്കാർ അതിന് മുൻകൈ എടുക്കും. കൊല്ലം ജില്ലയുടെ വികസന ആവശ്യങ്ങൾ മനസ്സിലാക്കി കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യാൻ തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ എം ചന്ദ്രശേഖർ ആമുഖപ്രഭാഷണം നടത്തി. സർക്കാർ നിക്ഷേപം കൊണ്ട് മാത്രം സംസ്ഥാനങ്ങൾക്കോ രാജ്യങ്ങൾക്കോ ഇന്ന് വികസനം കൊണ്ടുവരാൻ കഴിയില്ലെന്നും നമ്മുടെ സമ്പദ് വ്യവസ്ഥയെ പങ്കാളിത്ത സമ്പദ് വ്യവസ്ഥയാക്കി മാറ്റണമെന്നും അതിൽ തദ്ദേശസ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാരും തദ്ദേശസ്ഥാപനങ്ങളും വ്യക്തികളും ഒക്കെ ചേർന്നുള്ള പാർട്ണർഷിപ്പ് കെട്ടിപ്പെടുക്കലാണ് പതിനഞ്ചാം പഞ്ചവത്സര പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പദ്ധതികളുടെ റിസൾട്ട് അധിഷ്ഠിത പ്ലാനാണ് തയ്യാറാക്കുന്നതെന്നും ഇത് നിരന്തരം നിരീക്ഷിക്കാവുന്ന സ്മാർട്ട് മോഡലിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന പദ്ധതികൾ ആസൂത്രണം ചെയ്യാൻ തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്ന് ബി ബി ഗോപകുമാർ എം എൽ എ പറഞ്ഞു. വിദ്യാഭ്യാസമേഖലയിൽ നിന്നുള്ള യുവാക്കളുടെ കൊഴിഞ്ഞുപോക്ക് തടയാൻ നൂതനമായ കോഴ്‌സുകൾ കൊണ്ടുവരണമെന്നും അടിസ്ഥാനസൗകര്യമേഖലയിൽ വികസനം കൊണ്ടുവരാൻ സൂക്ഷമമായ പ്ലാനിങ് വേണമെന്നും എംഎം നസീർ എംഎൽഎ പറഞ്ഞു.
മേയർ എ കെ ഹഫീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി, ജില്ലാ കലക്ടർ ആനി ജൂല തോമസ്, സബ് കലക്ടർ ഡോ. എസ് മോഹനപ്രിയ, ജില്ലാ പ്ലാനിങ് ഓഫീസർ ജി ഉല്ലാസ്, തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പതിനഞ്ചാം പഞ്ചവത്സര പദ്ധതി പൊതുജന പങ്കാളിത്തം ഉറപ്പാക്കി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കൊല്ലം ജില്ലയുടെ പ്രധാന വികസന മുൻഗണനകളും കാഴ്ചപ്പാടുകളും ചർച്ച ചെയ്യുന്നതിന് പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടന സെഷനുശേഷം നടന്ന ചർച്ചയിൽ എംപിമാരുടെയും എംഎൽഎമാരുടെയും പ്രതിനിധികൾ, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാർ ആരോഗ്യം, വിദ്യാഭ്യാസം, മത്സ്യബന്ധനം, മാലിന്യസംസ്‌കരണം, സ്ത്രീകളും കുട്ടികളും, വനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിർദേശങ്ങളും സമർപ്പിക്കുകയും, പഞ്ചായത്തുകളും ബ്ലോക്കുകളും നഗസരഭകളും പദ്ധതി നടത്തിപ്പിൽ നേരിടുന്ന പ്രായോഗിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്തു. ജനപ്രതിനിധികൾ സമർപ്പിച്ച ഈ നിർദേശങ്ങൾ പ്ലാനിങ് ഓഫീസ് ക്രോഡീകരിച്ച് സംസ്ഥാന ആസൂത്രണബോർഡിന് കൈമാറും.
ത്രിതലപഞ്ചായത്തുകൾ സംസ്ഥാനത്തിന്റെ കുതിപ്പിലെ ഗ്രോത്ത് എഞ്ചിനുകളാണെന്നും വിഭവസമാഹരണത്തിൽ നേരിടുന്ന തടസ്സങ്ങൾ മറികടക്കാൻ ആസൂത്രണ ബോർഡിന്റെ സഹായം ഉണ്ടാകുമെന്നും ചർച്ച ക്രോഡീകരിച്ചുകൊണ്ട് ആസൂത്രണ ബോർഡ് അംഗം ശ്രീധർ രാധാകൃഷ്ണൻ പറഞ്ഞു. ഉച്ചക്ക് ശേഷം നടന്ന സെഷനിൽ ജില്ലയിലെ വിവിധ മേഖലകളിലെ വിദഗ്ധരുമായി സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ എം ചന്ദ്രശേഖറും ബോർഡ് അംഗവും ചർച്ച നടത്തി.
.jpg)


