എ ഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ചവറയുടെ തൊഴിൽ മേഖലയെ കൂടുതൽ മെച്ചപ്പെടുത്തും: മന്ത്രി ഷിബു ബേബി ജോൺ
കൊല്ലം : എ ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചവറ മണ്ഡലത്തിന്റെ തൊഴിൽ മേഖലയെ മെച്ചപ്പെടുത്തുമെന്ന് വനം, വന്യജീവി, നൈപുണ്യ വികസന മന്ത്രി ഷിബു ബേബി ജോൺ. ചവറ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പഞ്ചായത്തുതല പദ്ധതി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഡ്സ് സ്കൂളുകൾക്ക് പുറമേ ബഡ്സ് റീഹാബിലിറ്റേഷൻ കേന്ദ്രങ്ങൾ ആരംഭിക്കും. കശുവണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണത്തിനായി പുതിയ പദ്ധതികൾ വരാനിരിക്കുന്ന ബജറ്റിൽ ആവിഷ്കരിച്ച് നടപ്പിലാക്കും. മലയോര പ്രദേശങ്ങളിലെ പ്രശ്നങ്ങൾ, കാട്ടുപന്നി ശല്യം എന്നിവയ്ക്ക് പരിഹാരം കാണും. ഹരിതകർമസേനാംഗങ്ങൾക്ക് ആശ്വാസമായി ശീതീകരണ സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അടുത്ത നാല് വർഷത്തെ വികസനം ലക്ഷ്യമിട്ട് പഞ്ചായത്തിന്റെ വിവിധ ആവശ്യങ്ങൾ ഉൾപ്പെടുത്തിയ നിവേദനം ജനപ്രതിനിധികൾ യോഗത്തിൽ മന്ത്രിക്ക് കൈമാറി. ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാദേവി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി ആർ ജയപ്രകാശ് പഞ്ചായത്തിന്റെ പ്രധാന വികസന ആവശ്യങ്ങൾ യോഗത്തിൽ വിശദീകരിച്ചു. ഹോമിയോ ആശുപത്രി, ബഡ്സ് സ്കൂൾ, തെരുവ് നായ്ക്കൾക്കുള്ള ഷെൽട്ടർ ഹോം, ചവറ ബസ് സ്റ്റാൻഡ് നവീകരണം, ഹൈമാസ്റ്റ്/ലോ മാസ്റ്റ് ലൈറ്റുകൾ, അഷ്ടമുടിക്കായലിന്റെ മനോഹരമായ കാഴ്ചകൾ പ്രയോജനപ്പെടുത്തി വിനോദസഞ്ചാരികളെയും പ്രദേശവാസികളെയും ആകർഷിക്കുന്ന ചിൽഡ്രൻസ് പാർക്ക്, നൈപുണ്യ വികസന പദ്ധതികൾ, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം തുടങ്ങിയ ആവശ്യങ്ങളാണ് പഞ്ചായത്ത് യോഗത്തിൽ അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്തംഗം ഐ ജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്തംഗം ശരത്ത് പട്ടത്താനം, ചവറ ഗ്രാമപഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി രേഖ, കുടുംബശ്രീ അംഗങ്ങൾ, വയോജനക്ലബ് അംഗങ്ങൾ, ബഡ്സ് സ്കൂൾ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)


