ലഹരിവിപത്തിനെതിരെ കൈകോർക്കാം: മന്ത്രി രമേശ് ചെന്നിത്തല
കൊല്ലം : ലഹരിയെന്നവിപത്തിനെതിരെ എല്ലാവിഭാഗംജനങ്ങളും കൈകോർക്കണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കൊല്ലം എസ് എൻ കോളജിൽ സംഘടിപ്പിച്ച ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർസംവിധാനങ്ങളുടെ ഏകോപനത്തോടെ നടപ്പാക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ വിജയമായതിന് പിന്നിലുള്ളത് പൊതുജനപങ്കാളിത്തമാണ്. ഓപ്പറേഷൻ തൂഫാന്റെ വിജയത്തിനായി കൂടുതൽ പിന്തുണ നൽകിയത് സ്ത്രീസമൂഹമാണ്.
മൂന്ന് ഘട്ടങ്ങളായാണ് ലഹരിവിരുദ്ധപ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. തൂഫാൻ സ്‌ട്രൈക്ക് ഒന്നാം ഘട്ടത്തിൽ പൊലിസ്-എക്‌സൈസ് വകുപ്പുകളുടെ ഏകോപനത്തോടെ ലഹരി വിൽപനയ്ക്ക് തടയിടുന്നു. രണ്ടാം ഘട്ടമായ തൂഫാൻ വാരിയർ-സർക്കാർപ്രവർത്തങ്ങളിൽപൊതുജനപങ്കാളിത്തവും ബോധവൽക്കരണവും ഉറപ്പാക്കുന്നു. തൂഫാൻ കെയർ മൂന്നാം ഘട്ടത്തിലൂടെ ലഹരിവിമുക്തി പ്രവർത്തങ്ങളാണ് നടത്തുന്നത്.
ജീവിതമാണ് ലഹരിയെന്ന് പുതുതലമുറ തിരിച്ചറിയണം. സംസ്ഥാനത്തിന്റെ അതിർത്തിപ്രദേശങ്ങളിലെ ലഹരിപ്രവർത്തനങ്ങൾതടയാൻ അയൽസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രത്യേകയോഗംചേരും. രാജ്യത്തിന് മാതൃകയാകും വിധം ഓപ്പറേഷൻ തൂഫാൻ മുന്നേറുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തൂഫാൻ വാരിയർ ബാഡ്ജ് എസ് എൻ കോളജ് പ്രിൻസിപ്പൽ ഡോ എസ് ലൈജുവിനെ മന്ത്രി അണിയിച്ചു.
വിഷ്ണു മോഹൻ എം എൽ എ അധ്യക്ഷനായി. മേയർ എ കെ ഹഫീസ്, ഡെപ്യൂട്ടി മേയർ ഡോ ഉദയാ സുകുമാരൻ, വാർഡ് കൗൺസിലർ ടി ഷൈനി, നർക്കോട്ടിക്സ് സെൽ എ സി പി റോബർട്ട് ജോണി, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ബി എൽ ഷിബു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അർച്ചന പി ജെ, ആർ ഡി സി ചെയർമാൻ അനൂപ് ശങ്കർ, ലഹരി ബോധവൽക്കരണ സെൽ കോർഡിനേറ്റർ ഡോ പി എസ് പ്രീത, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

