ലഹരിവ്യാപനത്തിന്റെ വഴികൾ ഇല്ലാതാക്കും: മന്ത്രി എൻ ഷംസുദീൻ
കൊല്ലം : ഓപ്പറേഷൻ തൂഫാനിലൂടെ ലഹരിവ്യാപനത്തിന്റെ വഴികളെല്ലാമാണ് സംസ്ഥാന സർക്കാർ ഇല്ലാതാക്കുകയെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി എൻ ഷംസുദീൻ. കൊട്ടാരക്കര സർക്കാർ ഹയർ സെക്കന്ററി സ്‌കൂളിൽ സംഘടിപ്പിച്ച തൂഫാൻ സെമിനാറും സന്നദ്ധസംഘടനകൾ സ്‌കൂളിൽ നടപ്പാക്കുന്ന വിവിധ വാർഷികവികസനപദ്ധതികളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജീവിതമാണ് ലഹരിയെന്ന തിരിച്ചറിവ് വിദ്യാർത്ഥികൾക്കുണ്ട്; ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ ഉയർന്നപങ്കാളിത്തമാണ് തെളിവ്. പൊതുവിദ്യാലയങ്ങളെ കൂടുതൽശക്തിപ്പെടുത്തും. ഭൗതികസാഹചര്യങ്ങളും ഡിജിറ്റൽസൗകര്യങ്ങളും കാലാനുസൃതമായിപരിഷ്‌കരിക്കും. വിദ്യാർത്ഥിക്ഷേമത്തിനു പ്രഥമപരിഗണനയാണ് നൽകുന്നതെന്നും ലഹരിവ്യാപനത്തിന്റെ വേരറുക്കാൻ വിദ്യാർഥിസമൂഹത്തിന്റെ തുടർപിന്തുണ അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സന്നദ്ധ സംഘടനയായ ജെ സി ഐയുടെ കൊട്ടാരക്കര യൂണിറ്റ് പ്രസിഡന്റ് റജി നിസ അധ്യക്ഷയായി. കൊട്ടാരക്കര മുൻസിപ്പൽ ചെയർപേഴ്‌സൺ അനിത ഗോപകുമാർ, റൂറൽ പോലീസ് സൂപ്രണ്ട് ഷാജി സുഗുണൻ, വിദ്യാഭ്യാസ മന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സുൽഫിക്കർ സലാം, കൊട്ടാരക്കര എച്ച് എസ് എസ് പ്രിൻസിപ്പൽ പ്രദീപ്, കൊട്ടാരക്കര വി എച്ച് എസ് എസ് പ്രിൻസിപ്പൽ ഷൈജിത്, വിദ്യാർഥികൾ, സന്നദ്ധസംഘടനാഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

