ഓണം മലയാളിയുടെ നന്മയും ഐക്യവും ഉയർത്തിപ്പിടിക്കുന്ന ആഘോഷമാകണം : മന്ത്രി കെ എം ഷാജി

PM Shri project; Minister KM Shaji changes stance,

 കൊല്ലം : കോർപ്പറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ഓണാരവം' ഓണാഘോഷങ്ങൾക്ക് ആവേശകരമായ തുടക്കം. മലയാളിയുടെ നന്മയും ഐക്യവും ആത്മബോധവും ഉയർത്തിപ്പിടിക്കുന്ന ആഘോഷമാണ് ഓണമെന്ന് മന്ത്രി കെ എം ഷാജി പറഞ്ഞു. മലയാളികൾ എല്ലാം മറന്ന് ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. നേരും സത്യസന്ധതയും ഉൾപ്പെടെയുള്ള മലയാളിയുടെ ജീവിതമൂല്യങ്ങളെ ഓരോ വർഷവും ഓണം ഓർമിപ്പിക്കുന്നു. ഈ നന്മകൾ വരുംതലമുറകളിലേക്കും പകർന്നുനൽകാനുള്ള പ്രചോദനമായി ഓണാഘോഷങ്ങൾ മാറണമെന്നും മന്ത്രി പറഞ്ഞു.
ഓണം കേവലം ഗൃഹാതുരതയുടെ ഓർമയായി ഒതുങ്ങാതെ മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായിത്തന്നെ നിലനിൽക്കണം. ഓണത്തിന്റെ ഐശ്വര്യവും സന്തോഷവും സമൂഹത്തിൽ എന്നും നിലനിൽക്കട്ടെയെന്നും മന്ത്രി ആശംസിച്ചു.

 'ഓണാരവ'ത്തിന്റെ ഭാഗമായി കൊല്ലം ബീച്ചിലും വിവിധ സ്ഥലങ്ങളിലുമായി ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നും ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ഓണാഘോഷം അവിസ്മരണീയമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പി സി നാഥ് പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷങ്ങൾക്ക് ആഗസ്റ്റ് 24ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഔപചാരികമായി തുടക്കം കുറിക്കും. ആഗസ്റ്റ് 25 മുതൽ കൊല്ലം ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡി ടി പി സി) നേതൃത്വത്തിൽ വിവിധ പരിപാടികളും നടക്കും.

ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും മലയാളികൾ ജാതി-മത വ്യത്യാസങ്ങൾക്കതീതമായി ഒരുമിച്ച് ആഘോഷിക്കുന്ന കേരളത്തിന്റെ മഹത്തായ ഉത്സവമാണ് ഓണമെന്നും മന്ത്രി പി സി നാഥ് അഭിപ്രായപ്പെട്ടു. ഓണത്തെ വരവേൽക്കാനും ആഘോഷം അവിസ്മരണീയമാക്കാനും കൊല്ലം കോർപ്പറേഷൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.മേയർ എ കെ ഹഫീസ് അധ്യക്ഷത വഹിച്ചു.  എൻ കെ പ്രേമചന്ദ്രൻ എം പി, വിഷ്ണുമോഹൻ എം എൽ എ, ഡെപ്യൂട്ടി മേയർ ഡോ. ഉദയാ സുകുമാരൻ,  വൈ. നൗഷാദ്,  ഗോപകുമാർ, ഫിൻസി ബൈജു, സദക്കത്ത്, ലൈലാകുമാരി, കുരുവിള ജോസഫ്, രാജശ്രീ, സി ബാബു, , ടി ജി ഗിരീഷ്,  ശ്രീകാന്ത് തുടങ്ങിയവർ പങ്കെടുത്തു.

Tags