ഭൂമിയുടെ വിവരങ്ങളെല്ലാം ഒറ്റ ചിപ്പിൽ ഘടിപ്പിച്ച റവന്യൂ കാർഡ് 24ന് കേരളത്തിന് സമർപ്പിക്കും: മന്ത്രി കെ.രാജൻ

Heavy rains expected in the state in the coming days; no flood threat yet, says Minister K Rajan

കൊല്ലം : ഭൂമിയുടെ എല്ലാ വിവരങ്ങളും ഒറ്റ ചിപ്പിൽ ഘടിപ്പിച്ച സംവിധാനമായ റവന്യൂ കാർഡ് ഈ മാസം 24ന് സമർപ്പിക്കുമെന്ന് റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ.രാജൻ. പുതുതായി നിർമിക്കുന്ന ഇളമാട് സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇളമാട് ഗ്രാമപഞ്ചായത്ത് മഹാത്മ കമ്മ്യൂണിറ്റി സെന്ററിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും പട്ടയമിഷൻ രൂപീകരിച്ചത് വലിയ മുന്നേറ്റമുണ്ടാക്കി. തഹസിൽദാറിൽ കുറയാത്ത ഉദ്യോഗസ്ഥർ നോഡൽ ഓഫീസറായി പട്ടയപ്രശ്‌നങ്ങൾ ക്രോഡീകരിച്ച് അതത് താലൂക്ക് -ജില്ലാതലങ്ങളിൽ പരിഹരിച്ചു. പരിഹരിക്കാത്തവ പട്ടയം ഡാഷ്‌ബോർഡിൽ ഉൾപ്പെടുത്തി മൂന്നുമാസത്തിലൊരിക്കൽ അദാലത്ത്, അവലോകനം തുടങ്ങിയവയിലൂടെ വേഗത്തിൽ പരിഹരിച്ചുവരുന്നു. നാലരലക്ഷം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കിയത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചുവെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റൽ റിസർവേ വഴി 10 ലക്ഷത്തിലധികം ഹെക്ടർ ഭൂമി അളന്ന് തിട്ടപ്പെടുത്തി. ഭൂമിയുടെ വ്യവഹാരം സുതാര്യമാക്കി പ്രവർത്തനങ്ങളെ ക്രോഡീകരിക്കാനുള്ള ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനത്തിലേക്ക് മാറി. റവന്യൂ ഓഫീസിലെ സേവനങ്ങൾ ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള പത്തോളം രാജ്യങ്ങളിൽ ചെയ്യാൻ കഴിയുന്ന വിധത്തിൽ ഇ -ട്രഷറി പ്രവർത്തിച്ചുവരുന്നു. 673 സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഉദ്ഘാടനം ചെയ്തു. 253 വില്ലേജ് ഓഫീസുകളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അധ്യക്ഷയായി. ജില്ലയിലെ 61 വില്ലേജ് ഓഫീസുകൾ സ്മാർട്ടായി മാറി. സേവനങ്ങളെല്ലാം ഓൺലൈനായി ലഭ്യമാകുന്ന സംവിധാനം നടപ്പാക്കി. അർഹരായവർക്ക് പട്ടയവും ഭൂമിയും നൽകി റവന്യൂ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കലക്ടർ എൻ.ദേവിദാസ്, ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.റഷീദ ബീവി, വൈസ് പ്രസിഡന്റ് വാളിയോട് ജേക്കബ്, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.പുഷ്പകുമാരി, കെ സി ഷൈനി, ഇളമാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആര്യാ ദേവ്, കൃഷ്ണജിത്ത് ശ്രീധർ, ഷീല സജീവ്, നസീമ ബീവി,സന്ദീപ് അർക്കന്നൂർ, ആമിന റമീസ്, ആർ സന്തോഷ് കുമാർ, ജി എസ് ജോസ്, ഷൈല മനോജ്, ലിജോയ് ചെറുവക്കൽ, കൊട്ടാരക്കര ഭൂരേഖ തഹസീൽദാർ എസ്. ഉണ്ണികൃഷ്ണപിള്ള, പുനലൂർ റവന്യൂ ഡിവിഷണൽ ഓഫീസർ ജി.സുരേഷ് ബാബു, ഇളമാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ എം.സി ബിനുകുമാർ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
 

Tags