2031ൽ പാലുൽപാദനത്തിൽ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കും: മന്ത്രി ജെ.ചിഞ്ചുറാണി
കൊല്ലം : 2031ൽ സംസ്ഥാനം പാലുൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന്റെ കുളത്തൂപ്പുഴ ഫാമിൽ സ്ഥാപിക്കുന്ന അഡ്വാൻസ്ഡ് ടെക്നോളജീസ് ഇൻ ബോവൈൻ പ്രൊഡക്ഷൻ ആൻഡ് റിസർച്ച് സെന്ററിന്റെ ശിലാസ്ഥാപന കർമം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പാലുൽപാദനത്തിൽ 14 ശതമാനം വർധനവുണ്ടായി. പ്രതിവർഷം 25.27 ലക്ഷം മെട്രിക് ടൺ പാലാണ് ഉല്പാദിപ്പിക്കുന്നത്. 2031 ൽ ഓരോ പശുവിന്റെയും ശരാശരി ഉൽപാദനക്ഷമത 12.5 ശതമാനമായി ഉയർത്തും. ഇതോടൊപ്പം മുട്ട, മാംസം എന്നിവയുടെ ഉത്പാദനവും വർധിപ്പിക്കും. ആധുനിക പ്രജനന രീതികൾ അവലംബിച്ച് മികച്ച ജനിതക ഗുണമുള്ള പശുക്കളെ വികസിപ്പിച്ചെടുക്കും. പുത്തൻ സാങ്കേതികവിദ്യയിലൂടെ തരംതിരിച്ച ബീജം കർഷകർക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും വെറ്ററിനറി ആംബുലൻസുകൾ സജ്ജീകരിക്കും. ക്ഷീരകർഷകർക്ക് സബ്‌സിഡിയോടുകൂടി പശുക്കളെ വാങ്ങാൻ സംസ്ഥാനത്തുടനീളം കിടാരി പാർക്കുകൾ സ്ഥാപിക്കും. സംസ്ഥാനത്ത് സമഗ്ര ഇൻഷുറൻസ് പദ്ധതി ആവിഷ്‌കരിക്കും. മിൽമ കേരളത്തിൽ ലാഭകരമായി മുന്നോട്ടുപോവുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജില്ലയിൽ സെന്റർ ഓഫ് എക്‌സലൻസ് അഡ്വാൻസ്ഡ് ടെക്നോളജീസ് ഇൻ ബോവൈൻ പ്രൊഡക്ഷൻ ആൻഡ് റിസർച്ച് സെന്റർ പ്രാവർത്തികമാകുന്നതോടെ വിദേശ രാജ്യങ്ങളിൽ നിന്ന് വൻതുകയ്ക്ക് ഇറക്കുമതി ചെയ്യുന്ന ബൊവൈൻ ഭ്രൂണങ്ങളുടെ ഇൻ-വിട്രോ ഉൽപാദനത്തിൽ ഉപയോഗിക്കുന്ന മീഡിയകളും ലിംഗനിർണയം നടത്തിയ ബീജമാത്രകളും തദ്ദേശീയമായി വികസിപ്പിക്കാനും ഇതുവഴി കർഷകർക്ക് കുറഞ്ഞ ചെലവിൽ ഇ ടി ഐവിഎഫ് സേവനങ്ങൾ ലഭ്യമാക്കാനും സാധിക്കും. ഐസിഎആർ വികസിപ്പിച്ചെടുത്ത ഹരിത് ധാര ആൻഡ് ടാമറിൻ പ്ലസ് ആന്റി - മെത്തനോജെനിക് ഫീഡ് സപ്ലിമെന്റ് ക്ഷീരകർഷകർക്ക് ആവശ്യത്തിന് ലഭ്യമാകും. ഇതിലൂടെ പരിസ്ഥിതി സൗഹൃദരീതിയിലുള്ള കന്നുകാലി പരിപാലനവും സാധ്യമാകും. 80 കോടി രൂപ ചെലവഴിച്ചാണ് റിസർച്ച് സെന്റർ നിർമിക്കുന്നത്. ആദ്യഘട്ടം 15 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ ഇരുന്നൂറോളം പശുക്കളെയാണ് വളർത്തുന്നത്.
ചടങ്ങിൽ മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ സർജറി യൂണിറ്റിലേക്കുള്ള സർജറി കിറ്റുകൾ വിതരണം ചെയ്തു. സംസ്ഥാന സർക്കാരിന്റെ തീറ്റപ്പുൽകൃഷി പദ്ധതി പ്രകാരം ജില്ലയിൽ വിജയകരമായി തീറ്റപ്പുൽ കൃഷി പൂർത്തീകരിച്ച ക്ഷീരകർഷകർക്കുള്ള ധനസഹായവും ചടങ്ങിൽ വിതരണം ചെയ്തു. മാട്ടുപ്പെട്ടി യൂണിറ്റിൽ ആരംഭിക്കുന്ന സെന്റർ ഫോർ അഡ്വാൻസ്‌മെന്റ് ഇൻ ലൈവ്‌സ്റ്റോക്ക് പ്രൊഡക്റ്റിവിറ്റി ആൻഡ് റിസർച്ചിന്റെ ധാരണാപത്രം കെ.എൽ.ഡി.ബോർഡും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കോഴിക്കോടും പരസ്പരം കൈമാറി.
പി.എസ്.സുപാൽ എം.എൽ.എ അധ്യക്ഷനായി. കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനബ ബീവി, കെ.എൽ.ഡി.ബോർഡ് മാനേജിംഗ് ഡയറക്ടർ ഡോ.ആർ.രാജീവ്, മാനേജർ ഡോ.പി.എസ്.അരുൺ കുമാർ, ജില്ലാ പഞ്ചായത്ത് അംഗം റീന ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി ടോം, കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് വാർഡ് അംഗം ബി.സുനിൽ കുമാർ, കെ.എൽ.ഡി.ബോർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ.ടി.സജീവ് കുമാർ, മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ സിന്ധു, കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മേധാവികളായ ഡോ.ചിത്ര, സജിത്ത് കുമാർ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

