കായിക ഭൂപടത്തിൽ കൊല്ലത്തെ അടയാളപ്പെടുത്തണം: മന്ത്രി ബിന്ദു കൃഷ്ണ
കേരളത്തിന്റെ കായികഭൂപടത്തിൽ അടയാളപ്പെടുംവിധം കൊല്ലത്തിന്റെ കായികമേഖല വികസിക്കണമെന്ന് തൊഴിൽ, വനിതാ ശിശുവികസന, ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ. ലോക ഒളിമ്പിക്‌സ് ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്നപരിപാടികൾസംബന്ധിച്ച് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ആലോചനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലഹരിയിൽ നിന്ന് യുവതയെ കായിക മേഖലയിലേക്ക് ആകർഷിക്കണം. വിദ്യാർഥികളെയും വിവിധ സർക്കാർ വകുപ്പുകളെയും സ്‌പോർട്‌സ് പ്രേമികളെയും ദിനചാരണത്തിന്റെ ഭാഗമായി അണിനിരത്തണമെന്നും മന്ത്രി പറഞ്ഞു.
ലോക ഒളിമ്പിക്‌സ് ദിനമായ ജൂൺ 23ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് പരിസരത്ത് ആരംഭിക്കുന്ന റാലിയിൽ ഏഴായിരത്തോളം പേർ പങ്കെടുക്കും. വിദ്യാർഥികൾ, എസ്.പി.സി, എൻ.സി.സി കെഡറ്റുകൾ, വിവിധ സർക്കാർ വകുപ്പുകൾ പങ്ക് ചേരും. പരിപാടികളുടെഭാഗമായി കുട്ടികൾക്കുള്ള കലാകായിക മത്സരങ്ങളും നടത്തും. ദിനാചരണത്തിന്റെ ഭാഗമായി 2026 വൃക്ഷതൈകൾ ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നടുമെന്നും യോഗത്തിൽ അറിയിച്ചു.
ജില്ലാ കലക്ടർ ആനി ജൂല തോമസ് അധ്യക്ഷയായി. മേയർ എ.കെ. ഹഫിസ്, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഷിബു പ്രഭാകരൻ, സീനിയർ വൈസ് പ്രസിഡന്റ് രാമഭദ്രൻ, ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഗോപൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.ഐ.ലാൽ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

