പുതുതലമുറയിൽ കാർഷിക സംസ്‌കാരം വളർത്തേണ്ടത് അനിവാര്യം: മന്ത്രി ബിന്ദു കൃഷ്ണ
കൊല്ലം : പുതുതലമുറയിൽ കാർഷിക സംസ്‌കാരവും വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും നാടൻ ജനുസ്സുകളോടുള്ള സ്‌നേഹവും വളർത്തണ്ടേത് അനിവാര്യമാണെന്ന് വനിതാ-ശിശുക്ഷേമ, മൃഗസംരക്ഷണ മന്ത്രി ബിന്ദു കൃഷ്ണ. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് താറാവുകുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന 'പൊൻചിറകുകൾ' പദ്ധതിയുടെയും 'ഗോസമൃദ്ധി' എൻഎൽഎം സമഗ്ര കന്നുകാലി ഇൻഷ്വറൻസ് പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കേരള സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് സ്‌കൂളുകളിലെ പൗൾട്രി ക്ലബ്ബുകൾ വഴിയാണ് 'പൊൻചിറകുകൾ' പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് ചാര, ചെമ്പല്ലി തുടങ്ങിയ നാടൻ ഇനങ്ങളിൽപ്പെട്ട അഞ്ച് താറാവുകുഞ്ഞുങ്ങൾ, ഒരു മാസത്തേക്കുള്ള പോഷകാഹാരം, ആവശ്യമായ മരുന്നുകൾ എന്നിവ സൗജന്യമായി നൽകുന്നു. നാടൻ താറാവ് ഇനങ്ങളുടെ സംരക്ഷണത്തിനും ശാസ്ത്രീയമായ വളർത്തൽ രീതികൾ പരിചയപ്പെടുത്തുന്നതിനും കുട്ടികളിൽ മൃഗങ്ങളോടുള്ള സ്‌നേഹവും കരുതലും ഉത്തരവാദിത്തബോധവും വളർത്തുന്നതിനും പദ്ധതി സഹായിക്കും. കുട്ടികളുടെ പോഷക സുരക്ഷയ്‌ക്കൊപ്പം അവരുടെ കുടുംബങ്ങൾക്ക് അധിക വരുമാനവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നുവെന്ന് മന്ത്രി പറഞ്ഞു.
രണ്ട് മുതൽ 10 വയസ്സുവരെയുള്ള കറവപ്പശുക്കൾ, എരുമകൾ, ഏഴ് മാസം പിന്നിട്ട ഗർഭിണിയായ കിടാരികൾ എന്നിവയ്ക്ക് 'ഗോസമൃദ്ധി' എൻ എൽ എം സമഗ്ര കന്നുകാലി ഇൻഷ്വറൻസ് പദ്ധതിയിലൂടെ പരിരക്ഷ ലഭിക്കും. നാഷണൽ ലൈവ്സ്റ്റോക്ക് മിഷന്റെ മാർഗനിർദേശപ്രകാരം 65,000 രൂപ വരെ മതിപ്പുവിലയുള്ള ഉരുക്കൾക്ക് പ്രീമിയത്തിന്റെ 85 ശതമാനം വരെ ഇൻഷ്വറൻസ് ലഭിക്കും. കർഷകരുടെ വ്യക്തിഗത സുരക്ഷയ്ക്കായി ഒരു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയ്ക്ക് 20 രൂപയും പരമാവധി അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷയ്ക്ക് 100 രൂപയും പ്രീമിയമായി അടയ്ക്കാവുന്ന പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്.
നാടൻ കോഴി, താറാവ് വളർത്തൽ കൂടുതൽ ജനകീയമാക്കുന്നതിനും വളർത്തുമൃഗങ്ങളുടെ ആകസ്മിക മരണമോ രോഗമോ ഉത്പാദനക്ഷമതയിലുണ്ടാകുന്ന കുറവോ കാരണമുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിൽ നിന്ന് കർഷക കുടുംബങ്ങളെ സംരക്ഷിക്കുന്നതിനും പദ്ധതികൾ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മാർഷൽ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. സിന്ധു കെ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി ആർ അനിൽകുമാർ, ശ്രീകുമാർ, ശോഭനകുമാരി, ഗ്രാമപഞ്ചായത്തംഗങ്ങളായ ശിൽപാ നായർ, ഷംനാസ് ഷാനവാസ്, മൃ?ഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടമാരായ ഡോ. വിന്നി ജോസഫ്, ഡോ. ജിജിമോൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
.jpg)

