ലഹരി വ്യാപനത്തിനുള്ള സാഹചര്യം ഇല്ലാതാക്കും : മന്ത്രി ബിന്ദു കൃഷ്ണ
കൊല്ലം : കാടുപിടിച്ച പ്രദേശങ്ങളുടെ മറവിൽ ലഹരി വ്യാപനം നടത്തുന്നതിനുള്ള സാഹചര്യം പൂർണ്ണമായും ഇല്ലാതാക്കുമെന്ന് വനിതാശിശു-വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ജില്ലയിലെ മാലിന്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഇതര സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ കലക്ടറേറ്റിൽ വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വാടി കടപ്പുറത്തെ കാടുപിടിച്ചസ്ഥലങ്ങൾ വൃത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കണം. പ്രദേശത്തെ മാലിന്യനിർമാർജനത്തിന് ശാശ്വത പരിഹാരം കണ്ടെത്തണം.ഹാരിസൺ മലയാളം പ്ലാന്റേഷനിൽനിന്ന് ഏറ്റെടുത്ത 4 ഏക്കർ, ജല അതോറിറ്റിയുടെ ഒരു ഏക്കർ, കൊടിമരം ജംഗ്ഷനിലെ പോർട്ട് അതോറിറ്റിയുടെ സ്ഥലം എന്നീയിടങ്ങൾ അടിയന്തരമായി വൃത്തിയാക്കാൻ മന്ത്രി നിർദ്ദേശിച്ചു.
കോർപ്പറേഷൻ, എക്‌സൈസ്, പോലീസ്, പോർട്ട്-വാട്ടർ അതോറിറ്റി എന്നീ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തിയതിനു ശേഷം വൃത്തിയാക്കുമെന്നു ജില്ലാ കലക്ടർ അറിയിച്ചു. ശുചിത്വ മിഷന്റേയും കോർപറേഷന്റേയും സഹകരണത്തോടെയാകും ശുചീകരണം.
ജില്ലയിലെ ജൈവമാലിന്യ ശേഖരണത്തിന് കൂടുതൽ സംവിധാനങ്ങൾ ഒരുക്കും . പ്രാദേശിക മാലിന്യ സംസ്‌കരണത്തതിനായി തുമ്പൂർമുഴിയിൽ ഒരുക്കിയ യൂണിറ്റുകൾ കൂടുതൽ പ്രവർത്തനക്ഷമമാക്കും. ബയോഗ്യാസ് പ്ലാന്റുകളും വിപുലീകരിക്കും. കുരീപുഴയിൽ ബി പി സി എൽ മുഖേന നിർമിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന്റെ നിർമാണം ത്വരിതപ്പെടുത്താൻ പ്രത്യേക യോഗം ചേരും. നിർമാണം തുടരുന്ന സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പൂർത്തീകരണവും വേഗത്തിലാക്കും. കോർപറേഷൻ പരിധിയിൽ ഹരിതകർമ്മസേന മുഖേന നടത്തുന്ന മാലിന്യശേഖരണം വിപുലപെടുത്തും. മുളങ്കാടകം, കിളികൊല്ലൂർ എന്നിവിടങ്ങളിൽ എം സി എഫ് നിർമിക്കുന്നത് പരിഗണനയിലാണ്.
മാലിന്യം പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് തടയാൻ സി സി ടി വി സംവിധാനങ്ങൾ സ്ഥാപിക്കും. ഹരിതകർമ്മ സേനയ്ക്ക് വാഹനങ്ങളും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കും. തങ്കശേരിയിൽ നിർമിക്കുന്ന സാനിറ്ററി പാഡ് സംസ്‌കരണ പ്ലാന്റും പിറവന്തൂരിലെ പ്രാദേശിക പ്ലാന്റും നിർമാണവും വേഗത്തിലാക്കും. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കായി ഇടക്കാല സംഭരണ കേന്ദ്രങ്ങൾ കോർപറേഷന്റെ സഹകരണത്തോടെ സ്ഥാപിക്കും. കോർപറേഷന്റെ അറവുശാല പ്ലാന്റിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ നവീകരിക്കും - മന്ത്രി വ്യക്തമാക്കി. മേയർ എ കെ ഹഫീസ്, എ ഡി എം എസ് സജീദ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

