പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ളതാകണം യഥാർഥ വികസനം: മന്ത്രി ബിന്ദു കൃഷ്ണ

bindu krishna

കൊല്ലം :പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് യഥാർത്ഥ വികസനമെന്നും ‘സുസ്ഥിര കൊല്ലം’ പദ്ധതിയിൽ അതാണ് സാധ്യമാക്കുന്നതെന്നും തൊഴിൽ, വനിത-ശിശു വികസന മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കൊല്ലം മണ്ഡലത്തിന്റെ സുസ്ഥിരവികസനം ലക്ഷ്യമിട്ട് സ്ഥലം എം എൽ എയും മന്ത്രിയുമായ ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സംയോജിത ജനകീയ വികസന പദ്ധതി 'സുസ്ഥിര കൊല്ലം' ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പദ്ധതിയുടെ ലോഗോ പ്രകാശനവും കൊല്ലം തണ്ണീർത്തട അറ്റ്ലസ് പ്രകാശനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു.

'സുസ്ഥിര കൊല്ലം' വെറുമൊരു പദ്ധതിയല്ല. ഭാവിയെ കുറിച്ചുള്ള സമഗ്ര വികസന കാഴ്ചപ്പാടാണ്. ഇത് കൊല്ലത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും പദ്ധതിയാണ്. മണ്ണ്, ജലം, തണ്ണീർത്തടങ്ങൾ, ഹരിതമേഖകൾ, പൊതുവിടങ്ങൾ എന്നിവ കൃത്യമായി വേർതിരിച്ച് വിശദമായ പദ്ധതി രേഖ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.ഭൂവിനിയോഗ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സുസ്ഥിര കൊല്ലം പദ്ധതി പ്രധാനമായും എട്ട് ഉപപദ്ധതികളിലൂടെയാണ് നടപ്പാക്കുന്നത്. ജലസംരക്ഷണവും ഭൂഗർഭജല വിതാനം ഉയർത്തലും ലക്ഷ്യമിടുന്ന ‘വാട്ടർ പോസിറ്റീവ് കൊല്ലം', ശാസ്ത്രീയ മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്ന ‘സീറോ വേസ്റ്റ് കൊല്ലം', പൊതുമന്ദിരങ്ങളെയും തെരുവുകളെയും ഹരിതോർജത്തിലേക്ക് മാറ്റുന്ന ‘ഊർജ കൊല്ലം', കാർഷിക വികസനവും നഗര ഹരിതവത്കരണവും സമന്വയിപ്പിക്കുന്ന ‘ബ്ലൂ - ഗ്രീൻ കൊല്ലം' എന്നിവയാണ് പ്രധാന പാരിസ്ഥിതിക ഇടപെടലുകൾ. 

ഇതിനുപുറമെ ജനങ്ങളുടെ ശാരീരിക-മാനസിക ആരോഗ്യത്തിനായി സുസ്ഥിര തെരുവുകളും പാർക്കുകളും ഒരുക്കുന്ന ‘ആരോഗ്യ കൊല്ലം', പരിസ്ഥിതി സൗഹൃദ സംരംഭങ്ങളിലൂടെ വരുമാനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന ‘ഗ്രീൻ ലൈവ്‌ലിഹുഡ്', സംരംഭകത്വത്തിലൂടെയും അടിസ്ഥാന സൗകര്യവികസനത്തിലൂടെയും സ്ത്രീ ശാക്തീകരണം ഉറപ്പാക്കുന്ന ‘വനിതാ സൗഹൃദ കൊല്ലം' എന്നീ സാമൂഹിക-സാമ്പത്തിക വികസന പദ്ധതികളും ഉൾപ്പെടുന്നു. കൊല്ലം പോർട്ട് വികസനവും സുപ്രധാന ഉപപദ്ധതിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ , വിവിധ വകുപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവരെ ഫലപ്രദമായി ഏകോപിപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. മണ്ഡലത്തിൽ ജി ഐ എസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ വിഭവ സർവെ നടത്തി ഭൂവിനിയോഗ വകുപ്പ് വിശദമായ പദ്ധതിരേഖ തയ്യാറാക്കും.
വിവിധ വകുപ്പ് മേധാവികളും ജനപ്രതിനിധികളും ഒരുമിച്ചിരുന്ന് തീരുമാനങ്ങൾ എടുക്കുന്നതിലൂടെ വികസനകാര്യങ്ങളിൽ ഉയർന്നുവരുന്ന പ്രതിസന്ധികൾക്ക് വേഗത്തിൽ പരിഹാരം കാണാൻ സാധിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായ മേയർ എ കെ ഹഫീസ് പറഞ്ഞു.  ജില്ലയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണിതെന്നും വിജയകരമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും ജില്ലാ കലക്ടർ ആനി ജൂല തോമസ് പറഞ്ഞു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി, തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മാർഷൽ, പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനിത വിജയൻ, കൗൺസിലർ കുരുവിള ജോസഫ്, ലാൻഡ് യൂസ് കമ്മിഷണർ യാസ്മിൻ എൽ റഷീദ്, ജില്ലാ പ്ലാനിങ് ഓഫീസർ ഉല്ലാസ് ജി, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ സുബോധ് എസ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ടെക്നിക്കൽ സെഷനിൽ യാസ്മിൻ എൽ റഷീദ് സുസ്ഥിരകൊല്ലം പദ്ധതി അവതരണവും ഭൂവിനിയോഗ വകുപ്പ് അസിസ്റ്റന്റ് ഡയറഡയറക്ടർ എസ് സിമി കൊല്ലം തണ്ണീർത്തട അറ്റ്ലസ് പരിചയപ്പെടുത്തലും നിർവഹിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ചയും ഭാവി കർമപദ്ധതി അവതരണവും നടന്നു.

Tags