സംസ്ഥാനത്തെ പേവിഷബാധ മുക്തമാക്കുന്നതിന് സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തം വേണം: മന്ത്രി ബിന്ദു കൃഷ്ണ

bindhu

കൊല്ലം : പേവിഷബാധമുക്ത കേരളം എന്നത് സർക്കാർ സംവിധാനങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തം ആവശ്യമാണെന്നും തൊഴിൽ, വനിത-ശിശു വികസനം  , മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണ. പേവിഷബാധയിൽനിന്ന് സംസ്ഥാനത്തെ മുക്തമാക്കാൻ ലക്ഷ്യമിട്ട് മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന 'റാബീസ് ഫ്രീ കേരളം' തീവ്രയജ്ഞ വാക്സിനേഷൻ കാമ്പയിന്റെ നാലാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം രാമവർമ ക്ലബ്ബിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്. ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യവകുപ്പ്, വിവിധ ഏജൻസികൾ, പൊതുസമൂഹം എന്നിവ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ മൃഗങ്ങളെയും കുടുംബങ്ങളെയും സമൂഹത്തെയും പേവിഷബാധയിൽ നിന്ന് സംരക്ഷിക്കാൻ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 27 വരെ നടക്കുന്ന നാലാംഘട്ട കാമ്പയിനിൽ എല്ലാവരും സജീവമായി പങ്കാളികളാകണം. പേവിഷബാധ നിയന്ത്രിക്കുന്നത് മനുഷ്യജീവൻ സംരക്ഷിക്കുന്നതിന്റെ ഭാഗം കൂടിയാണ്. വളർത്തുനായകൾ അടക്കം സംസ്ഥാനത്ത് എട്ടു ലക്ഷത്തോളം നായകൾ ഉണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്.

 വളർത്തുനായകർക്ക് കൃത്യസമയത്ത് ആന്റി റാബിസ് വാക്‌സിനേഷൻ നൽകേണ്ടത് ഓരോ ഉടമയുടെയും ഉത്തരവാദിത്തമാണ്. ഒരു നായക്ക് വാക്‌സിൻ നൽകുന്നതിലൂടെ ആ മൃഗത്തെ മാത്രമല്ല, കുടുംബത്തെയും സമൂഹത്തെയും സംരക്ഷിക്കുകയാണ്. കാമ്പയിൻ കാലയളവിൽ പരമാവധി വളർത്തുന്ന നായകൾക്ക് വാക്‌സിൻ നൽകുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ  സൈബീരിയൻ ഹസ്‌കി വിഭാഗത്തിൽ പെട്ട വളർത്തുനായ 'ജോയി'ക്ക് മന്ത്രിയുടെ സാന്നിധ്യത്തിൽ വാക്‌സിനേഷൻ നൽകി.മേയർ എ കെ ഹഫീസ് അധ്യക്ഷനായി. രണ്ട് മാസത്തിനകം കൊല്ലം നഗത്തിൽ 500 നായ്ക്കളെ താമസിപ്പിക്കാൻ കഴിയുന്ന ഡോഗ് ഷെൽട്ടർ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജന്തുജന്യ രോഗങ്ങളിൽ മനുഷ്യർക്ക് ഏറ്റവും ഭീഷണിയാകുന്നതാണ് പേവിഷബാധ.  ഈ മാരക വൈറസ് ബാധ പ്രധാനമായും മൃഗങ്ങളുടെ കടിയേൽക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്. വളർത്തുമൃഗങ്ങൾക്കും നായ്ക്കൾക്കും കൃത്യസമയത്ത് വാക്‌സിൻ ഉറപ്പാക്കുന്നതിലൂടെ രോഗവ്യാപനം പൂർണമായും തടയുകയാണ് മൃഗസംരക്ഷണ വകുപ്പിന്റെ ലക്ഷ്യം.
സംസ്ഥാന ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രൊജക്ട് കോർഡിനേറ്റർ ഡോ. ഷീല സാലി ടി ജോർജ് പദ്ധതി വിശദീകരിച്ചു.  നഗരസഭ കൗൺസിലർ ബി ഷൈലജ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കെ സിന്ധു, അഡീഷണൽ ഡയറക്ടർമാരായ ഡോ. വിന്നി ജോസഫ്, ഡോ. ജിജിമോൻ ജോസഫ്, ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. ഷീബ പി ബേബി, ജില്ല മെഡിക്കൽ ഓഫീസർ ഡോ. എ എൽ ഷീജ,  ഡോ. എൽ രജേഷ് എന്നിവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് പേവിഷ ബാധപ്രതിരോധം-അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ സാങ്കേതിക സെമിനാറും നടന്നു.

Tags