തദ്ദേശ തിരഞ്ഞെടുപ്പ്: പെരുമാറ്റ ചട്ടലംഘനത്തിനെതിരെ നടപടി: കൊല്ലം ജില്ലാ കലക്ടർ
കൊല്ലം : തദ്ദേശസ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പിലെ പെരുമാറ്റ ചട്ടലംഘനത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ എൻ ദേവിദാസ്. പെരുമാറ്റചട്ടനിരീക്ഷണ സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കവെ അർധസർക്കാർ സർവീസിൽ തുടരവേ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജീവനക്കാരനെതിരെ ലഭിച്ച പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാൻ നിർദേശം നൽകി.
ഏഴു പരാതികളാണ് സമിതിക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ നിർത്തിവച്ച നിർമാണപ്രവർത്തനങ്ങൾ സംബന്ധിച്ച് തദ്ദേശവകുപ്പുമായി ബന്ധപ്പെടാനും തുടർനടപടിക്കും നിർദേശം നൽകി. വ്യക്തിഗത അനൂകൂല്യങ്ങൾ നൽകുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പിൽ നിന്ന് വിശദീകരണം തേടി. റോഡ് പണിയുമായിബന്ധപ്പെട്ട പരസ്യബോർഡ് സ്ഥാപിച്ചവർക്കെതിരെ നടപടി സ്വീകരിക്കാൻ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡിനെയും തദ്ദേശസ്ഥാപന സെക്രട്ടറിയേയും ചുമതലപ്പെടുത്തി.
സമിതിയുടെ കൺവീനറായ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എസ് സുബോധ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ ഹേമന്ത് കുമാർ, ഡി വൈ എസ് പി രവി സന്തോഷ്, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ബി ജയശ്രീ, വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)


