പ്രസിഡന്റ്സ് ട്രോഫി വള്ളംകളിക്കൊരുങ്ങി കൊല്ലം
കൊല്ലം :പ്രസിഡന്റ്സ് ട്രോഫി 12-ാം എഡിഷനും ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലിനും ഒരുങ്ങി കൊല്ലം. നവംബർ 21ന് ഉച്ചയ്ക്ക് 2 മണിക്ക് കൊല്ലം അഷ്ടമുടി കായലിൽ നടക്കുന്ന വള്ളംകളിയുടെ രജിസ്ട്രേഷൻ നാളെ (19) വൈകിട്ട് അഞ്ച് മണി വരെ നീട്ടി. ചെറുവള്ളങ്ങളുടെ ബോണസ് തുക ഉയർത്താനും ജില്ലാ കലക്ടർ ആനി ജൂല തോമസിന്റെ അധ്യക്ഷതയിലും വിഷ്ണു മോഹൻ എം എൽ എയുടെ സാന്നിധ്യത്തിലും കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. മുൻകാലങ്ങളിൽ വെപ്പ്, ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളങ്ങൾക്ക് 75,000 രൂപയായിരുന്ന ബോണസ് ഇത്തവണ ഒരു ലക്ഷം രൂപയാക്കി വർധിപ്പിച്ചു.
ഈ ഇനങ്ങളിൽ വിജയികൾക്ക് സമ്മാനത്തുകയായി 25,000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 20,000 രൂപയും ട്രോഫിയുമാണ് ലഭിക്കുക. ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങൾക്ക് 50,000 രൂപയായിരുന്ന ബോണസ് 75,000 ആക്കി വർധിപ്പിച്ചു. വിജയികൾക്ക് സമ്മാനത്തുകയായി 20,000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 15,000 രൂപയും ട്രോഫിയും ലഭിക്കും. വനിതകളുടെ തെക്കനോടി വള്ളങ്ങൾക്ക് 60,000 രൂപയായിരുന്ന ബോണസ് 75,000 രൂപയാക്കി വർധിപ്പിച്ചു. ഈ ഇനത്തിൽ വിജയികൾക്ക് 25,000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനത്തിന് 20,000 രൂപയും ട്രോഫിയുമാണ് സമ്മാനം. അഷ്ടമുടിക്കായലിൽ ആവേശത്തുഴയെറിയുന്ന 9 ചുണ്ടൻ വള്ളങ്ങളിൽ വിജയിയാകുന്ന ചുണ്ടന് പ്രസിഡന്റ്സ് ട്രോഫി സമ്മാനിക്കും.ചെറുവള്ളങ്ങളുടെ മത്സരങ്ങളിൽ ഏതെങ്കിലും ഇനങ്ങളിൽ രണ്ട് വള്ളങ്ങൾ മാത്രം രജിസ്റ്റർ ചെയ്താലും മത്സരം നടത്താൻ യോഗം തീരുമാനിച്ചു.
ഓളപ്പരപ്പിലെ ആവേശപ്പോരാട്ടങ്ങൾക്ക് മുന്നോടിയായി ഇന്ന് (18) മുതൽ കലാസാംസ്കാരിക പരിപാടികൾ അരങ്ങേറും. ഇന്ന് (18) വൈകിട്ട് 6.30ന് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപമുള്ള ഡി ടി പി സി ഇൻഫർമേഷൻ സെന്ററിൽ കലാമണ്ഡലം രതീഷ് ഭാസും സംഘവും അവതരിപ്പിക്കുന്ന മിഴാവ് തായമ്പക അരങ്ങേറും. തുടർന്ന് 8.30 മുതൽ കുട്ടികളുടെ കലാപരിപാടികളും നടക്കും. നാളെ (19) വൈകീട്ട് 6.30ന് ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിലെ മംഗനിയാർ ഗാർഡൻസിൽ ഗായകൻ ജോബ് കുര്യനും സംഘവും സംഗീതവിരുന്നൊരുക്കും. മറ്റന്നാൾ (20) വൈകീട്ട് 6.30ന് ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ മത്തായി സുനിലും സംഘവും നയിക്കുന്ന പാട്ടുപുരയും എട്ട് മണിക്ക് കീഴില്ലം ഉണ്ണിക്കൃഷ്ണൻ അവതരിപ്പിക്കുന്ന മുടിയേറ്റും അരങ്ങേറും.
പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയുടെയും ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലിന്റെയും പ്രചാരണാർഥമുള്ള ഫുട്ബോൾ മത്സരങ്ങൾ ഇന്ന് (18) വൈകിട്ട് നാല് മണിക്ക് ആശ്രാമം മൈതാനത്ത് മേയർ എ കെ ഹഫീസ് ഉദ്ഘാടനം ചെയ്യും. ഇന്ന് ലീഗ് മത്സരങ്ങളും നാളെ (19) ഫൈനൽ മത്സരങ്ങളുമാണ് നടക്കുന്നത്. ലീഗ് മത്സരങ്ങളിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ ടീമും ജില്ലാ കലക്ടർ, മേയർ, സ്പോർട്സ് കൗൺസിൽ എന്നിവരുടെ ടീമുകളും ഏറ്റുമുട്ടും.
ജലോത്സവത്തോടനുബന്ധിച്ച് നാളെ (19ന്) നാല് മണിക്ക് പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസ് പരിസരം മുതൽ പ്രസിഡന്റ്സ് ട്രോഫി പവലിയൻ വരെ വർണാഭമായ സാംസ്കാരിക ഘോഷയാത്ര നടക്കും. മന്ത്രിമാർ, ജനപ്രതിനിധികൾ, മേയർ , ജില്ലാ കലക്ടർ, കലാകായിക സാംസ്കാരിക രംഗത്തെ പ്രമുഖർ, എൻ എസ് എസ്, എസ് പി സി, എൻ സി സി കേഡറ്റുകൾ, കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവരും ഘോഷയാത്രയിൽ അണിചേരും. 19ന് രാവിലെ 6.30ന് മേയർ, ജില്ലാ കലക്ടർ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ഡി ടി പി സി, കോർപ്പറേഷൻ, ഹരിതകർമസേന, ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തുടങ്ങിയവരുടെ സഹകരണത്തോടെ വള്ളംകളി നടക്കുന്ന കായൽ പ്രദേശം ശുചീകരിക്കും.
അവലോകന യോഗത്തിൽ സബ് കളക്ടർ ഡോ. എസ് മോഹനപ്രിയ, എ ഡി എം എസ് സജീദ്, ടൂറിസം ജോയിന്റ് ഡയറക്ടർ പി ഐ സുബൈർ കുട്ടി, ഡി ടി പി സി ജില്ലാ സെക്രട്ടറി ജ്യോതിഷ് കേശവൻ തുടങ്ങിയവരും സംഘാടക സമിതി പ്രതിനിധികളും വിവിധ സബ് കമ്മിറ്റി പ്രതിനിധികളും പങ്കെടുത്തു.
.jpg)

