കൊല്ലം ജില്ലാ വികസന സമിതിയോഗം ചേർന്നു
കൊല്ലം : അമൃതകുളം ട്രൈബൽ പോസ്റ്റ്മെട്രിക് ഹോസ്റ്റൽ എത്രയും പെട്ടെന്ന് തുറന്നുകൊടുക്കണമെന്ന് വിഷ്ണുമോഹൻ എം എൽ എ
ഒരു വർഷത്തിലധികമായി അടഞ്ഞുകിടക്കുന്ന അമൃതകുളം ട്രൈബൽ പോസ്റ്റ്മെട്രിക് ഹോസ്റ്റൽ വിദ്യാർഥികൾക്കായി എത്രയുംപെട്ടെന്ന് തുറന്ന് കൊടുക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് വിഷ്ണുമോഹൻ എം എൽ എ ജില്ലാ വികസന സമിതിയോഗത്തിൽ ആവശ്യപ്പെട്ടു. ട്രൈബൽ വിദ്യാർഥികളെ താത്കാലികമായി എസ് സി വിഭാഗക്കാർക്കായുള്ള ഹോസ്റ്റലിലാണ് താമസിപ്പിച്ചിരിക്കുന്നത്. . ഇതിന് പരിഹാരം ഉണ്ടാകണമെന്നും എം എൽ എ ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചെന്നും രണ്ടാഴ്ചയ്ക്കകം ഹോസ്റ്റൽ തുറന്ന് പ്രവർത്തിക്കുമെന്നും ജില്ലാ കലക്ടർ ആനി ജൂല തോമസ് അറിയിച്ചു.
ബൈപ്പാസ് റോഡ് തുറന്ന് കൊടുത്തെങ്കിലും കല്ലുംതാഴത്ത് കെ എസ് ആർ ടി സി ബസ്സുകൾക്ക് സ്റ്റോപ്പില്ലാത്തത് നാട്ടുകാർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ ആർ ടി ഒ, ദേശീയപാത അധികൃതർ, ട്രാഫിക് പൊലീസ്, കെ എസ് ആർ ടി അധികൃതർ എന്നിവർ സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് കലക്ടർക്ക് കൈമാറണമെന്ന് വിഷ്ണുമോഹൻ എം എൽ എ ആവശ്യപ്പെട്ടു. പള്ളിമുക്കിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ബസ് സ്റ്റോപ്പ് പത്ത് മീറ്റർ മുന്നോട്ട് സ്ഥാപിക്കുക, സാങ്കേതിക പിഴവ് പരിഹരിച്ച് ഭിന്നശേഷി വിദ്യാർഥികൾക്ക് ആധാർ അടക്കമുള്ള രേഖകൾ തരപ്പെടുത്തി അവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും എം എൽ എ ഉന്നയിച്ചു.
തിങ്കൾക്കരിക്കം, ആര്യൻകാവ് വില്ലേജ് ഓഫീസുകൾ സ്മാർട്ട് ഓഫീസുകളാക്കി മാറ്റുന്നതിന് ഫോറസ്റ്റ് വകുപ്പുമായി ബന്ധപ്പെട്ട തടസ്സങ്ങൾ എത്രയും പെട്ടെന്ന് തീർക്കണമെന്ന് സി അജയപ്രസാദ് എം എൽ എ ആവശ്യപ്പെട്ടു.ടെർമിനൽ നിർമാണവുമായി ബന്ധപ്പെട്ട് കൊല്ലം കെ എസ് ആർ ടി സി ഓഫീസ് താത്കാലികമായി ആശ്രാമം വ്യാവസായിക കേന്ദ്രത്തിൽ പ്രവർത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മന്ത്രി ബിന്ദുകൃഷ്ണയുടെ പ്രതിനിധി തൃദീപ് കുമാർ ആവശ്യപ്പെട്ടു. പ്രവർത്തനം നിലച്ച പാർവതി മില്ലിന്റെ 16 ഏക്കർ സ്ഥലം കൊല്ലം മെഡിക്കൽ കോളജ് യാഥാർഥ്യമാക്കുന്നതിനായി ഉപയോഗപ്പെടുത്തണം, ലിങ്ക് റോഡിലെ മാലിന്യ നിർമാർജനം കൂടുതൽ കാര്യക്ഷമമാക്കുക, കടപ്പാക്കടയിൽ അങ്കണവാടിക്കായി വാങ്ങിയ സ്ഥലത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് നിർമാണം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം സമിതിയിൽ ഉന്നയിച്ചു.
ഓച്ചിറ മുതൽ കാവനാട് വരെയുള്ള ദേശീയപാതയുടെ നിർമാണം മന്ദഗതിയിലാണെന്നും യാത്രക്കാർക്ക് ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും മന്ത്രി ഷിബു ബേബിജോണിന്റെ പ്രതിനിധി വാഴയിൽ അസീസ് പറഞ്ഞു. ചവറ ഫയർസ്റ്റേഷൻ വിപുലപ്പെടുത്തുന്നതിന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടാവണം, ചവറ, പന്മന, വടക്കുംതല ഭാഗത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നടപടിയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കണ്ണനല്ലൂർ ജങ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി റോഡ് വീതികൂട്ടൽ നടപടി ത്വരിതപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പി സി വിഷ്ണുനാഥ് എം എൽ എയുടെ പ്രതിനിധി കെ ബാബുരാജ് ആവശ്യപ്പെട്ടു.
കൊട്ടാരക്കര എം സി റോഡിൽ വർധിച്ചു വരുന്ന റോഡ് അപകടങ്ങൾ കുറയ്ക്കാൻ മോട്ടോർവാഹന വകുപ്പും പൊലീസും സംയുക്തമായി കർമപദ്ധതി നടപ്പാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പ്രതിനിധി എബ്രഹാം സാമുവേൽ ആവശ്യപ്പെട്ടു. കേന്ദ്രഫണ്ട് ഉപയോഗപ്പെടുത്തി കൊല്ലം ചെങ്കോട്ട റോഡ് വികസനം എത്രയും പെട്ടെന്ന് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പ്രേമചന്ദ്രൻ എം പിയുടെ പ്രതിനിധി കെ എസ് വേണുഗോപാൽ ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി പുതിയകാവ് നെഞ്ചുരോഗാശുപത്രിയിലെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിലേക്ക് കാൻസർ രജിസ്ട്രേഷൻ സെന്റർ മാറ്റിസ്ഥാപിക്കണമെന്ന് കെ സി വേണുഗോപാൽ എം പിയുടെ പ്രതിനിധി എം ഇബ്രാഹിംകുട്ടി ആവശ്യപ്പെട്ടു.
പത്തനാപുരം താലൂക്ക് ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിലനിർത്തുക, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, തെരുവ് നായശല്യം അവസാനിപ്പിക്കാൻ തദ്ദേശസ്ഥാപന മേധാവികൾ ക്രിയാത്മക പദ്ധതികൾ ആവിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ വിവിധ എം എൽ എമാരുടെ പ്രതിനിധികൾ സമിതിയിൽ ഉന്നയിച്ചു. ജില്ലാ കലക്ടർ ആനി ജൂല തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്ലാനിങ് ഓഫീസർ ജി ഉല്ലാസ്, എ ഡി എം സജീദ്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

