റോഡുകളുടെ വശങ്ങളിൽ മുറിച്ചിട്ട മരങ്ങൾ എത്രയും വേഗം നീക്കണം; ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കണം: കൊല്ലം ജില്ലാ വികസനസമിതി

Kollam District Development Committee

കൊല്ലം  : റോഡുകളുടെ വശങ്ങളിൽ മുറിച്ചിട്ട മരങ്ങൾ എത്രയും വേഗം നീക്കണമെന്നും ജില്ലയിലെ ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കണമെന്നും ജില്ലാ വികസന സമിതി. ടൂറിസം, സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥിന്റെ സാന്നിധ്യത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയത്. ജില്ലാ കലക്ടർ ആനി ജൂല തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ എംഎൽഎമാരായ ഉല്ലാസ് കോവൂർ, എ എം നസീർ എന്നിവരും ജില്ലയിലെ എംഎൽഎമാരുടെയും എംപിമാരുടെയും പ്രതിനിധികളും പങ്കെടുത്തു.

പി ഡബ്ല്യു ഡി റോഡുകൾക്ക് സമീപം മുറിച്ചിട്ട മരങ്ങൾ പലയിടത്തും ഗതാഗത തടസ്സം ഉണ്ടാക്കുന്നുവെന്ന ജില്ലയിലെ  ജനപ്രതിനിധികളുടെ പരാതികളെ തുടർന്നാണ് തീരുമാനം. ഓപ്പറേഷൻ തെളിമയുടെ ഭാഗമായി ഭക്ഷ്യവില്പന ശാലകളിൽ നടത്തിയത് പോലുള്ള പരിശോധനകൾ ജില്ലയിൽ ശക്തമാക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.കുണ്ടറ കെഎസ്ആർടിസി ബസ് സ്റ്റേഷൻ നിർമാണത്തിന് കണ്ടെത്തിയ പുതിയ സ്ഥലത്ത് ഉടൻ സൈറ്റ് വിസിറ്റ് നടത്താൻ മന്ത്രി പി സി വിഷ്ണുനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കണ്ണനല്ലൂർ ജങ്ഷൻ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തികൾ നടക്കുന്നത് മൂലമുണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കാനും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും വാട്ടർ അതോറിറ്റി, കെ എസ് ഇ ബി, കെ ആർ എഫ് ബി എന്നിവ സംയുക്ത പരിശോധന നടത്തണം. ഈ റോഡിലെ കുഴികൾ അടിയന്തരമായി അടക്കാൻ കെ ആർ എഫ് ബിക്കും മന്ത്രി നിർദേശം നൽകി. തൃക്കോവിൽവട്ടം, കൊറ്റങ്കര പഞ്ചായത്തുകളിൽ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത് ഇനിയും വൈകുകയാണെങ്കിൽ ഏജൻസിയെ മാറ്റുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.

കന്നേറ്റിമുക്ക് ശക്തികുളങ്ങര ദേശീയപാതയുടെ നിർമാണം വൈകുന്നത് സംബന്ധിച്ച വനം, വന്യജീവി മന്ത്രി ഷിബു ബേബി ജോണിന്റെ പ്രതിനിധിയുടെ പരാതിയിൽ നിർമാണപ്രവൃത്തി വേഗത്തിലാക്കാൻ കരാറുകാരന് നിർദേശം നൽകിയതായി ദേശീയപാത അതോറോറ്റി പ്രൊജക്ട് ഡയറക്ടർ അറിയിച്ചു. ചവറ അഗ്‌നിരക്ഷാ നിലയത്തിന്റെ ഡിസൈനിങ് പുരോഗമിക്കുന്നതായും മന്ത്രിയുടെ പ്രതിനിധിയുടെ ചോദ്യത്തിന് മറുപടിയായി പി  ഡ ബ്ല്യു ഡി അധികൃതർ അറിയിച്ചു.

കൊല്ലം കോർപറേഷനിലെ വടക്കുംഭാഗം ലിങ്ക് റോഡിൽ കാനറ ബാങ്കിനോട് ചേർന്ന റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നത് സംബന്ധിച്ച് മന്ത്രി ബിന്ദുകൃഷ്ണയുടെ പ്രതിനിധിയുടെ ചോദ്യത്തിന് ഓട നിർമിക്കുന്നതിന് ടെൻഡർ ചെയ്യാൻ നടപടി സ്വീകരിച്ചതായി നഗരസഭ സെക്രട്ടറി അറിയിച്ചു. കൊല്ലം ബോട്ട് ജെട്ടി ലിങ്ക് റോഡ് ഭാഗത്ത് മാലിന്യം അടിഞ്ഞുകൂടിയത് നീക്കം ചെയ്യുന്നത് സംബന്ധിച്ച മന്ത്രിയുടെ ചോദ്യത്തിന് ടൂറിസം വകുപ്പ് കായൽ ശുചീകരിക്കുന്നതിന് 1.5 കോടി  രൂപയ്ക്ക് ടെൻഡർ ക്ഷണിച്ചതായും മണിച്ചിതോടിൽ നിന്നും മാലിന്യം അഷ്ടമുടി കായലിൽ എത്തുന്നത് തടയാൻ മൂന്ന് സ്ഥലങ്ങളിൽ ഗ്രിൽ സ്ഥാപിച്ച് എല്ലാ ദിവസവും മാലിന്യം നീക്കം ചെയ്യുന്നതായി നഗരസഭ അറിയിച്ചു.

ആശുപത്രിമുക്ക് കൊട്ടിയം റോഡിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ച് ഒന്നര വർഷമായിട്ടും ലൈറ്റ് തെളിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് കുന്നത്തൂർ എംഎൽഎ ഉല്ലാസ്  കോവൂർ പറഞ്ഞു. മൈനാഗപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അതിരൂക്ഷമായ വൈദ്യുതി പ്രശ്‌നം നിലനിൽക്കുന്നതായും ഭരണിക്കാവിൽ ഗതാഗത കുരുക്ക് രൂക്ഷമാണെന്നും സിഗ്‌നൽ ലൈറ്റുകളുടെ സമയം ക്രമീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിക്ക് ആവശ്യമായ സ്ഥലം ലഭിച്ചിട്ടുണ്ടെന്നും നിർമാണത്തിനാവശ്യമായ നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. കടയ്ക്കൽ മാർക്കറ്റ് നവീകരണം വൈകുന്നതായും കടക്കൽ കോടതി സമുച്ചയനിർമാണം നിലച്ചതായും എ എം നസീർ എംഎൽഎ ചൂണ്ടിക്കാട്ടി. മണ്ഡലത്തിൽ പലയിടത്തും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നതായും വില്ലേജ് ഓഫീസർമാരുടെ അഭാവം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും എംഎൽഎ പറഞ്ഞു. കെ എ പി കനാൽ പരിസരം കാടുമുടിക്കിടക്കുന്നതായും കാട്ടുപന്നികളുടെ ആവാസകേന്ദ്രങ്ങളായി ഇവ മാറിയെന്നും എൻ കെ പ്രേമചന്ദ്രൻ എംപിയുടെ പ്രതിനിധി കെ എസ് വേണുഗോപാൽ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് പ്രവർത്തികൾക്ക് എസ്റ്റിമേറ്റ് തയാറാക്കുമ്പോൾ ജില്ലക്ക് പൊതുവായി ഒരു കോസ്റ്റ് ഇൻഡക്‌സാണ് നിലവിലുള്ളതെന്നും മൺറോ തുരുത്ത് പോലെ സാധനങ്ങൾ എത്തിക്കുന്നതിനു ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ പൊതുവായ കോസ്റ്റ് ഇൻഡക്‌സ് ഉപയോഗിക്കുന്നത് ടെൻഡർ വേളയിൽ കരാറുകാർ പങ്കെടുക്കാതിരിക്കുന്ന അവസ്ഥ ഉണ്ടാക്കുന്നുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രതിനിധി എബ്രഹാം സാമുവൽ ചൂണ്ടിക്കാട്ടി. ഇത്തരം പ്രദേശങ്ങളിലെ അധിക ചെലവ് കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് പോലുള്ള പ്രദേശങ്ങളിൽ പ്രത്യേക കോസ്റ്റ് ഇൻഡക്‌സ് നിലവിലുള്ളത് പോലെ  മന്റോ തുരുത്തിന് പ്രത്യേക കോസ്റ്റ് ഇൻഡക്‌സ് തയ്യാറാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഇത് വികസനസമിതി അംഗീകരിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കാൻ പി ഡബ്ല്യു ഡിക്ക് നിർദേശം നൽകുകയും ചെയ്തു.

കരുനാഗപ്പള്ളി താലൂക്ക് ഓഫീസിന്റെ അപകടാവസ്ഥ, പിറവന്തൂർ പഞ്ചായത്തിലെ കുരിയോട്ടുമല ആദിവാസി കോളനിയുടെ ശോചനീയാവസ്ഥ, പരിസ്ഥിതിലോല പ്രദേശങ്ങളിൽ നിന്നും ജനവാസ മേഖലകളെ ഒഴിവാക്കണം, തെരുവുനായ ശല്യം, ഭൂമി തരംമാറ്റ നടപടികൾ കാര്യക്ഷമമാക്കണം, പഴകിയ മത്സ്യം വിൽക്കുന്നത് തടയാൻ പരിശോധന കർശനമാക്കണം തുടങ്ങിയ ഒട്ടേറെ വിഷയങ്ങൾ എംഎൽഎമാരുടെ പ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചു.

ചിക്കൻഗുനിയ, ഡെങ്കിപ്പനി എന്നിവ ജില്ലയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സർക്കാർ ഓഫീസുകളിലും സ്‌കൂളുകളിലും വീടുകളിലും ഡ്രൈഡേ ആചരിക്കാനും വികസന സമിതി തീരുമാനിച്ചു. തദ്ദേശസ്ഥാപനങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണമെന്ന് സമിതി നിർദേശിച്ചു.
യോഗത്തിൽ മന്ത്രി ഷിബു ബേബി ജോണിന്റെ പ്രതിനിധി വാഴയിൽ അസീസ്, മന്ത്രി ബിന്ദുകൃഷ്ണയുടെ പ്രതിനിധി പി പത്മകുമാർ, മന്ത്രി പി സി വിഷ്ണുനാഥിന്റെ പ്രതിനിധി കെ ബാബുരാജൻ, കെ സി വേണുഗോപാൽ എംപിയുടെ പ്രതിനിധി അഡ്വ. എം ഇബ്രാഹീംകുട്ടി, ഉല്ലാസ് കോവൂർ എം എൽ എയുടെ പ്രതിനിധി ജി ഗോപകുമാർ, ബി ബി ഗോപകുമാർ എം എൽ എയുടെ പ്രതിനിധി എസ് വി അനിത് കുമാർ, അഡ്വ. വിഷ്ണുമോഹൻ എം എൽ എയുടെ പ്രതിനിധി കെ ജെ അരുൺ, സി ആർ മഹേഷ് എംഎൽഎയുടെ പ്രതിനിധി നജീബ് മണ്ണേൽ, എ എം നസീർ എം എൽ എയുടെ പ്രതിനിധി ജയിംസ് എൻ ചാക്കോ, ജ്യോതികുമാർ ചാമക്കാല എം എൽ എയുടെ പ്രതിനിധി അഡ്വ. എം ഷാൻ, എ ഡി എം എസ് സജീദ്, ജില്ലാ പ്ലാനിങ് ഓഫീസർ ജി ഉല്ലാസ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags