ഭിന്നശേഷി വിഭാഗത്തിന് വോട്ടിംഗ് ദിനത്തിൽ പ്രത്യേക സൗകര്യങ്ങൾ: കൊല്ലം ജില്ലാ കലക്ടർ

 Collector N. Devidas

കൊല്ലം : ഭിന്നശേഷി വിഭാഗത്തിലെ വോട്ടർമാർക്കായി വോട്ടിംഗ്ദിനത്തിൽ  പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ എൻ ദേവിദാസ്. എല്ലാ പോളിങ് സ്റ്റേഷനുകളിലും റാമ്പ്, ഇരിപ്പിടം, അടിയന്തിര ചികിത്സ സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തും. കുടിവെള്ളം, വാഹന സൗകര്യവും വോട്ടർമാർക്കായി ഉറപ്പാക്കും.  ഭിന്നശേഷി വോട്ടർമാർക്കായി ഒരുക്കിയ ഭിന്നശേഷി സൗഹൃദ പോളിങ് സ്റ്റേഷനിൽ (ഇന്ക്ലൂസീവ് പോളിങ് സ്റ്റേഷൻ) വോട്ടർമാരെ സഹായിക്കാൻ നാലു അംഗനവാടി പ്രവർത്തകരെയും ഇതര പോളിങ് സ്റ്റേഷനുകളിൽ ഓരോ അംഗനവാടി ജീവനക്കാരിയും എൻ എസ് എസ് വോളന്റിയറും ഉണ്ടാകും.

പത്തനാപുരം നിയോജകമണ്ഡലത്തിലെ  വിളക്കുടി സർക്കാർ എൽ പി എസിൽ ഒരുക്കുന്ന 134 ആം പോളിങ് സ്റ്റേഷനാണ് ജില്ലയിലെ  ഭിന്നശേഷി സൗഹൃദ (ഇൻക്ലൂസീവ്) പോളിങ് സ്റ്റേഷൻ. കാഴ്ച, കേൾവി പരിമിതിയുള്ളവർക്കും ഓട്ടിസം ബാധിതരായവർക്കും സുഗമമായി വോട്ട് ചെയ്യാൻ കഴിയും വിധം മാഗ്‌നിഫൈയിങ് ഷീറ്റുകൾ, ബൂത്തുകളുടെ പ്രവേശന കവാടം മുതൽ എക്സിറ്റ് പോയിന്റ് വരെ സ്പർശനം വഴി സഞ്ചരിക്കാൻ കഴിയുന്ന ഇടനാഴികൾ, വീൽചെയർ സൗകര്യം, വീൽചെയറിലിരുന്ന് വോട്ട് ചെയ്യാനായി പ്രത്യേകം തയാറാക്കിയ ടേബിളുകൾ, കുടിവെള്ളം എന്നീ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. ബൂത്തിന് പുറത്ത് സൈൻ ലാൻഗ്വേജ് വഴി വോട്ടിങ് പ്രക്രിയ ഓഡിയോ സഹായത്തോടെ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Tags