വേനൽക്കാലത്ത് കിണർ വൃത്തിയാക്കുന്നതിനിടെയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങളും മുൻകരുതലും ഉറപ്പാക്കണം: കൊല്ലം ജില്ലാ കലക്ടർ

 Collector N. Devidas

കൊല്ലം : വേനൽക്കാലത്ത് കിണർ വൃത്തിയാക്കുന്നതിനിടെയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങളും മുൻകരുതലും ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടർ എൻ ദേവിദാസ്. വിഷവാതകം ശ്വസിച്ചും, കയർ പൊട്ടിയും, മണ്ണ് ഇടിഞ്ഞുമുള്ള അപകടങ്ങളാണ് പ്രധാനമായും ഉണ്ടാകുക. കിണറിനുള്ളിൽ ഓക്‌സിജൻ കുറയുന്നതും മീഥേൻ, ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയ വിഷവാതകങ്ങൾ അടിഞ്ഞുകൂടുന്നതും  ബോധക്ഷയത്തിനും മരണത്തിനും കാരണമാകും.  കിണറിൽ ഇറങ്ങാൻ ഉപയോഗിച്ച കയർ പൊട്ടുകയോ കൃത്യമായി  കെട്ടാതിരിക്കുകയോ ചെയ്യുന്നത് വീഴ്ചയ്ക്ക് ഇടയാക്കും. ആഴം കൂടിയതും പഴയതുമായ കിണറുകൾ വൃത്തിയാക്കുമ്പോൾ മണ്ണ് ഇടിഞ്ഞു വീഴാനും കിണറിന്റെ പാലം തകർന്നു വീഴാനും സാധ്യതയുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ  കിണർ വൃത്തിയാക്കുന്ന തൊഴിലാളികളും അവരെ നിയോഗിക്കുന്ന വീട്ടുടമകളും സുരക്ഷാ നടപടികൾ ഉറപ്പുവരുത്തണം.

കിണറ്റിലിറങ്ങുന്നതിന് മുമ്പ്  കത്തുന്ന മെഴുകുതിരി താഴ്ത്തി നോക്കുക. മെഴുകുതിരി അണയുമെങ്കിൽ ഓക്സിജൻ ലഭ്യത കുറവാണെന്ന് ഉറപ്പാക്കാം. ഇലയുള്ള മരച്ചില്ലകൾ കയറിൽ കെട്ടി താഴേക്കിറക്കുകയും മുകളിലേക്ക് വലിച്ചുകയറ്റുകയും ചെയ്യുന്നത് വായുസഞ്ചാരം ഉറപ്പാക്കും. കിണറിൽ ഇറങ്ങുമ്പോൾ ഹെൽമെറ്റ്, സുരക്ഷാ ബെൽറ്റ്, ദൃഢതയുള്ള കയറുകൾ എന്നിവ ഉപയോഗിക്കണം. കിണറിന്റെ പാലം ഉറപ്പുള്ളതാണോയെന്ന്  പരിശോധിക്കണം. എത്ര പരിചയസമ്പന്നൻ ആണെങ്കിലും കിണറ്റിൽ ഇറങ്ങുമ്പോൾ അധികം മുറുകാത്ത തരത്തിൽ അരയിൽ ഒരു കയർ കെട്ടേണ്ടതും കയറിന്റെ മറുഭാഗം മുകളിൽ എവിടെയെങ്കിലും കെട്ടുകയോ സഹായത്തിനുള്ള ആളെ ഏൽപ്പിക്കുകയോ ചെയ്യണം. കിണർ വൃത്തിയാക്കാൻ ഇറങ്ങുമ്പോൾ ഒരാൾ  സഹായത്തിനായി മുകളിൽ നിൽക്കുന്നത് അഭികാമ്യം. ശ്വാസംമുട്ടലോ തലകറക്കമോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ മുകളിലേക്ക് കയറുക. അടിയന്തര സാഹചര്യം ഉണ്ടായാൽ എത്രയും പെട്ടെന്ന് അഗ്‌നിരക്ഷാ സേനയെ (101) വിവരമറിയിക്കുക. രക്ഷപ്പെടുത്താൻ ഇറങ്ങുന്നവരും ആവശ്യമായ  മുൻകരുതലുകൾ എടുക്കണമെന്നും ജില്ലാ കലക്ടർ കൂട്ടിച്ചേർത്തു.

Tags