ജലചൂഷണം ചെയ്യുന്നവർക്കെതിരേ കർശന നടപടി: കൊല്ലം ജില്ലാ കലക്ടർ

 Collector N. Devidas

കൊല്ലം :ശുദ്ധജലസ്രോതസുകളിൽനിന്നും ജലചൂഷണം ചെയ്യുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ എൻ ദേവിദാസ്. ജില്ലയിൽ ഉഷ്ണകാല പ്രതിരോധ പ്രവർത്തനങ്ങളും മുന്നൊരുക്കങ്ങളും ഫലപ്രദമായി നടപ്പാക്കുന്നത് വിലയിരുത്താൻ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ജലലഭ്യത ഉറപ്പാക്കാൻ നിർദേശം നൽകി. കുടിവെള്ളവിതരണത്തിനായി തദ്ദേശസ്ഥാപനങ്ങൾക്ക് തനത്/പ്ലാൻ ഫണ്ടിൽ നിന്നും തുക വിനിയോഗിക്കാം. ഗുണനിലവാരം ഉറപ്പാക്കി കുടിവെള്ളം വിതരണം ഉറപ്പാക്കണം. ജലസ്രോതസുകളിൽ നിന്നും അനധികൃതമായ ജലചൂഷണം, മലിനമാക്കൽ തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ 9400987680 നമ്പറിൽ അറിയിക്കാം.

ഉയർന്ന താപനിലയുടെ പശ്ചാത്തലത്തിൽ തദ്ദേശസ്ഥാപനപരിധിയിലുള്ള മാലിന്യനിക്ഷേപകേന്ദ്രങ്ങളുടെ അഗ്നിസുരക്ഷാ ഓഡിറ്റ് പരിശോധന വേഗത്തിൽ പൂർത്തിയാക്കണം. മാലിന്യസംഭരണ കേന്ദ്രങ്ങൾ, ലെഗസി ഡംപ് സൈറ്റുകൾ എന്നിവിടങ്ങളിൽ ഫയർ ഓഡിറ്റ് ഫെബ്രുവരി 25നകം പൂർത്തിയാക്കണം. വനമേഖല, വലിയ തോട്ടങ്ങൾ, പറമ്പുകൾ, മൈതാനങ്ങൾ എന്നിവിടങ്ങളിൽ തീ പടരാതിരിക്കാൻ ഫയർ ബ്രേക്കുകൾ, ഫയർ ലൈനുകൾ തുടങ്ങിയവ സ്ഥാപിച്ചിട്ടുണ്ട്. വാച്ചർമാർ, റേഞ്ച് ഓഫീസർമാർ, ആർ.ആർ.ടി ഉൾപ്പെടുത്തുന്ന ക്വിക്ക് റെസ്‌പോൺസ് ടീമും സജ്ജമാണ്. മനുഷ്യ-വന്യജീവി സംഘർഷം നിയന്ത്രിക്കുന്നതിന് സൗരവേലികൾ സ്ഥാപിക്കൽ, വനമേഖലകളിലെ ജലസ്രോതസുകൾ വൃത്തിയാക്കൽ, പുതിയ ചെക്ക്ഡാം നിർമാണം തുടങ്ങിയവ നടപ്പിലാക്കി.  പ്ലാന്റേഷനുകളിലും മറ്റ് കൃഷിത്തോട്ടങ്ങളിലും തീപ്പിടുത്തം തടയാനും സംവിധാനമായി.  

വെയിലത്ത് ജോലിചെയ്യുന്നവരുടെ മെയ് 20 വരെ പുനക്രമീകരിച്ച തൊഴിൽസമയം കർശനമായി പാലിക്കുന്നുണ്ടെന്ന് തൊഴിലുടമകളും തൊഴിൽവകുപ്പും ഉറപ്പുവരുത്തണം. ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമവേളയാണ്. ജോലിസമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെയുള്ള സമയത്ത് എട്ട് മണിക്കൂറായി നിജപ്പെടുത്തണം. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലിചെയ്യുന്നവർ രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന രീതിയിലും പുനക്രമീകരിക്കണം. വിവിധ തൊഴിൽമേഖലകൾ കേന്ദ്രീകരിച്ച് ലേബർ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തും. വീഴ്ചവരുത്തുന്ന തൊഴിലുടമകൾക്കെതിരേ കർശന നിയമനടപടി സ്വീകരിക്കും. ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ ലേബർ ഓഫീസർ- 0474 2794820, അസിസ്റ്റന്റ് ലേബർ ഓഫീസർ ഒന്നാം സർക്കിൾ - 8547655361, അസിസ്റ്റന്റ് ലേബർ ഓഫീസർ രണ്ടാം സർക്കിൾ - 8547655362, അസിസ്റ്റന്റ് ലേബർ ഓഫീസർ കുണ്ടറ - 8547655363, അസിസ്റ്റന്റ് ലേബർ ഓഫീസർ കൊട്ടാരക്കര - 8547655364, അസിസ്റ്റന്റ് ലേബർ ഓഫീസർ പുനലൂർ - 8547655367, അസിസ്റ്റന്റ് ലേബർ ഓഫീസർ ശാസ്താംകോട്ട - 8547655368, അസിസ്റ്റന്റ് ലേബർ ഓഫീസർ കരുനാഗപ്പള്ളി - 8547655369, അസിസ്റ്റന്റ് ലേബർ ഓഫീസർ പരവൂർ - 8547655371, അസിസ്റ്റന്റ് ലേബർ ഓഫീസർ ചടയമംഗലം - 8547655372 നമ്പറുകളിൽ അറിയിക്കാം.

കെ.ഐ.പിയുടെ ഭാഗമായുള്ള ഇടതുകര കനാൽ അറ്റക്കുറ്റപണി പൂർത്തിയാക്കി ജലവിതരണം ഉടൻ പുനരാരംഭിക്കും. നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.

ഉത്സവ എഴുന്നള്ളത്തിന് കൊണ്ടുവരുന്ന ആനകളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം. എഴുന്നള്ളിപ്പ് സ്ഥലങ്ങളിൽ ആൾക്കൂട്ട നിയന്ത്രണ സംവിധാനങ്ങൾ കമ്മിറ്റിക്കാർ/ സംഘാടകർ പൊലിസ് നിർദേശങ്ങൾക്കനുസൃതമായി ഏർപ്പെടുത്തണം. വെടിമരുന്ന്/ പടക്കങ്ങൾ എന്നിവയുടെ അനധികൃതമായ കടത്ത് കണ്ടെത്തുന്നതിന് കർശന പരിശോധന നടത്തും. ഉത്സവപ്പറമ്പുകളിൽ എത്തിക്കുന്ന കുടിവെള്ളം, മറ്റ് ഭക്ഷ്യവസ്തുക്കൾ പരിശോധനയ്ക്ക് വിധേയമാക്കും. ശീതളപാനിയങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, തട്ടുകടകൾ, വഴിയോര കച്ചവടങ്ങൾ, ബീച്ച് എന്നിവിടങ്ങളിലും പരിശോധന കർശനമാക്കും.  

പരവൂർ, പൊഴിക്കര തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിനും ലൈഫ്ഗാർഡുമാരെ കൂടുതൽ നിയോഗിക്കാനും നടപടി സ്വീകരിക്കും. ജില്ലാ ദുരന്തനിവാരണ വിഭാഗം ജൂനിയർ സൂപ്രണ്ട് രമേശ് മാധവൻ, ഹസാർഡ് അനലിസ്റ്റ് പ്രേംപ്രകാശ്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Tags