അനുമതിയില്ലാത്ത സാമൂഹ്യ മാധ്യമ പരസ്യങ്ങൾ കണ്ടെത്തി : കൊല്ലം ജില്ലാ കലക്ടർ
കൊല്ലം : തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട പ്രകാരം അനുമതി നേടാത്ത സാമൂഹ്യ മാധ്യമ പരസ്യങ്ങൾ കണ്ടെത്തി എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ എൻ ദേവിദാസ്. ചേമ്പറിൽ ചേർന്ന മാധ്യമനിരീക്ഷണ സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അനുമതി ഇല്ലാത്തവയ്ക്ക് ചട്ടപ്രകാരമുള്ള നിരക്ക് കണക്കാക്കി സ്ഥാനാർത്ഥികളുടെ ചിലവ്കണക്കിൽ ഉൾപ്പെടുത്തും. ഇത്തരത്തിൽ കണ്ടെത്തിയ പരസ്യങ്ങളുടെ ഉറവിടത്തിന് അനുമതി നേടുന്നതിനുള്ള നിർദ്ദേശം നൽകും.
ദൃശ്യ- ശ്രവ്യ - സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് എം സി എം സി ( മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി ) അനുമതി നിർബന്ധമാണ്. തിരഞ്ഞെടുപ്പിന് 48 മണിക്കൂർ മുമ്പ് നൽകുന്ന അച്ചടി മാധ്യമ പരസ്യങ്ങൾ, നൽകാൻ ഉദ്ദേശിക്കുന്ന തീയതിക്ക് രണ്ട് ദിവസം മുമ്പ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം. രാഷ്ട്രീയ കക്ഷികളുടെയും സ്ഥാനാർത്ഥികളുടെയും പേരിലുള്ള സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നൽകുന്ന പരസ്യ സ്വഭാവമുള്ള പോസ്റ്റുകൾക്ക് അനുമതി വേണം. റേഡിയോ പരസ്യങ്ങൾ, ബൾക്ക് എസ് എം എസുകൾ എന്നിവയ്ക്കും അനുമതി ബാധകം. മറികടക്കുന്നവർക്കെതിരെ തിരഞ്ഞെടുപ്പ് ചട്ട പ്രകാരമുള്ള നടപടി ഉണ്ടാകും. കലക്ടറേറ്റിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന എം സി എം സി സെല്ലിൽ പരസ്യങ്ങൾക്ക് അനുമതി രേഖാമൂലം അപേക്ഷിച്ച് നേടാമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.
മാധ്യമ നിരീക്ഷണ സമിതി മെമ്പർ സെക്രട്ടറിയായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ. ഹേമന്ത് കുമാർ, സബ് കലക്ടർ അഖിൽ വി. മേനോൻ, അംഗങ്ങളായ മുതിർന്ന മാധ്യമപ്രവർത്തകർ കെ. രാജൻ ബാബു, ഇഗ്‌നേഷ്യസ് പെരേര, ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ പി. എസ്. സുമൽ കുമാർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എം. എസ്. പ്രശാന്ത് എന്നിവർ പങ്കെടുത്തു.
.jpg)


