വേനൽക്കാലത്ത് പാമ്പുകടിസാധ്യതയേറെ; ജാഗ്രതപുലർത്തണം : കൊല്ലം ജില്ലാ കലക്ടർ

 Collector N. Devidas

കൊല്ലം : കഠിനമായ ചൂടിൽനിന്ന് രക്ഷനേടാൻ പാമ്പുകൾ മാളങ്ങളിൽ നിന്ന് പുറത്തിറങ്ങുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ എൻ. ദേവിദാസ് അറിയിച്ചു. തണുപ്പും തണലുമുള്ള ഇടങ്ങളായ വീടിനുള്ളിലേക്കും പരിസരങ്ങളിലേക്കും പാമ്പുകൾ എത്തിയേക്കാം. മൂർഖൻ, വെള്ളിക്കെട്ടൻ, ചേനത്തണ്ടൻ തുടങ്ങിയ വിഷപ്പാമ്പുകൾ കുഞ്ഞുങ്ങളെ വിരിയിക്കുന്ന കാലവുമാണിത്.  സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കേണ്ടതുണ്ട്.  

വീടിന്റെ പരിസരത്ത് പാമ്പുകൾ ഒളിച്ചിരിക്കാൻ സാധ്യതയുള്ള കുറ്റിക്കാടുകളും മറ്റും നീക്കം ചെയ്യണം. പൊത്തുകളോ മാളങ്ങളോ ഉണ്ടെങ്കിൽ അടയ്ക്കണം.  ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയരുത്.  രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപ് കിടക്കയും തലയിണകളും കുടഞ്ഞുനോക്കുക.  സമീപത്ത് പാമ്പിനെകണ്ടാൽപിടിക്കാനോ ഉപദ്രവിക്കാനോ പാടില്ല,  അടുത്തുള്ള ‘സർപ്പ' വൊളണ്ടിയറെയോ വനംവകുപ്പിലോ വിവരം അറിയിക്കണം.

പുനലൂർ (9188407514), അച്ചൻകോവിൽ (9188407512), തെന്മല (9188407516) എന്നിവിടങ്ങളിലെ വനംവകുപ്പ് കൺട്രോൾ റൂമുകളിലോ സംസ്ഥാനതല ടോൾഫ്രീ നമ്പറായ 1800 425 4733 ബന്ധപ്പെടാം. ‘സർപ്പ ആപ്പ്' വഴി പാമ്പുപിടുത്തക്കാരുടെ സേവനവും ചികിത്സലഭ്യമായ ആശുപത്രികളുടെ വിവരവും അറിയാനാകുമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.പാമ്പുകടിയേറ്റാൽ പരിഭ്രാന്തരാകാതെ കടിയേറ്റ വ്യക്തിയെ പരന്ന പ്രതലത്തിൽ കിടത്തുകയും ആ ഭാഗം അനങ്ങാതെ സൂക്ഷിക്കുകയും വേണം. 

മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം. മുറിവിന് മുകളിലായി കയറോ തുണിയോ ഉപയോഗിച്ച് മുറുക്കി കെട്ടുന്നത് രക്തയോട്ടം തടസ്സപ്പെടുത്താൻ കാരണമാകും. പാമ്പിനെ തിരിച്ചറിയാനായി സമയം കളയാതെ എത്രയും വേഗം ആന്റിവെനം ലഭ്യമായ ആശുപത്രിയിൽ എത്തിക്കുന്നതാണ് ജീവൻ രക്ഷിക്കാൻ ഉത്തമം. കൊല്ലം ജില്ലാ ആശുപത്രി കൂടാതെ പുനലൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, കടയ്ക്കൽ, ശാസ്താംകോട്ട താലൂക്ക് ആശുപത്രികളിൽ പാമ്പുവിഷത്തിനുള്ള ആന്റി വെനം ലഭ്യമാണ്.

Tags