200ൽ അധികം കേസുകൾ ; സാമൂഹികമാധ്യമങ്ങളിലെ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനത്തിനെതിരെ നടപടി: കൊല്ലം ജില്ലാ കലക്ടർ

 Collector N. Devidas

കൊല്ലം  : സമൂഹമാധ്യമങ്ങളിൽ നിയമസഭാതിരഞ്ഞെടുപ്പ് പ്രചരണാർഥം അനുമതിയില്ലാതെ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മറികടന്ന 235 പോസ്റ്റുകൾ കണ്ടെത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ. ദേവിദാസ്.  ചേമ്പറിൽ ചേർന്ന സമൂഹമാധ്യമ പെരുമാറ്റചട്ട നിരീക്ഷണസമിതി യോഗത്തിൽ ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അനധികൃതമായി നൽകിയ ആവിഷ്‌കാരങ്ങളുടെ ഉറവിടങ്ങളായ രാഷ്ട്രീയകക്ഷികൾ, സ്ഥാനാർഥികൾ എന്നിവർക്ക് നോട്ടീസ് നൽകിയതായും അറിയിച്ചു.

പണംനൽകി വാർത്താരൂപത്തിൽ അച്ചടിമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചവയുടെ വിശദീകരണവും ബന്ധപ്പെട്ടവരിൽ നിന്ന് തേടി. അതത് വരണാധികാരികൾക്ക് നിർദേശം നൽകിയാണ് നടപടി സ്വീകരിക്കുന്നത്. ചട്ടലംഘനം നടത്തുന്നവയുടേതുൾപ്പടെ പരസ്യങ്ങൾക്കും വിവിധ മാധ്യമങ്ങളിലൂടെയുള്ള ആവിഷ്‌കാരങ്ങൾക്കും ചിലവാകുന്നതുക സ്ഥാനാർഥികളുടെ ചിലവിനത്തിലാണ് ഉൾക്കൊള്ളിക്കുന്നത്. വിദ്വേഷ-അശ്ലീല        പരാമർശങ്ങൾ ഉൾക്കൊള്ളുന്ന സമൂഹമാധ്യമഉള്ളടക്കങ്ങൾക്കെതിരെ പൊലിസ് നടപടിയും സ്വീകരിക്കുന്നുണ്ട്. അത്തരം പരമാർശങ്ങൾ നീക്കംചെയ്യുന്നുമുണ്ട് എന്നും അറിയിച്ചു.

കമ്മിറ്റിയുടെ മെമ്പർ സെക്രട്ടറിയായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ. ഹേമന്ത് കുമാർ, അംഗങ്ങളായ സബ്കലക്ടർ അഖിൽ വി. മേനോൻ, ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ പി. എസ്. സുമൽകുമാർ, നിരീക്ഷകരായ കെ. രാജൻബാബു, ഇഗ്നേഷ്യസ് പെരേര, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എം.എസ്. പ്രശാന്ത് എന്നിവർ പങ്കെടുത്തു.  

Tags