ഉഷ്ണതരംഗം: ത്വക്-നേത്രരോഗങ്ങൾക്കും സാധ്യത ,സുരക്ഷാമുൻകരുതലെടുക്കണം : കൊല്ലം ജില്ലാ കലക്ടർ

 Collector N. Devidas

കൊല്ലം :ഉഷ്ണതരംഗപശ്ചാത്തലത്തിൽ തുടർച്ചയായി കൂടുതൽസമയം അൾട്രാവയലറ്റ്‌രശ്മികൾ ശരീരത്തിൽഏൽക്കുന്നതിനെതിരെ സുരക്ഷാമുൻകരുതലെടുക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻനായ ജില്ലാ കലകട്ർ എൻ. ദേവിദാസ്. സൂര്യാതപത്തിനുപുറമേ ത്വക്ക്‌രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും സാധ്യത നിലനിൽക്കുകയാണ്.  പകൽ 10 മണി മുതൽ മൂന്ന് വരെയുള്ള സമയത്താണ് അൾട്രാവയലറ്റ് സൂചിക ഏറ്റവും ഉയർന്ന നിലയിലാകുക.  കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത്  ഒഴിവാക്കുകയാണ് പ്രധാനം.

പുറംജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ ജലാശയങ്ങളിലും മത്സ്യബന്ധനം നടത്തുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർ പ്രത്യേക ജാഗ്രത പുലർത്തണം. ചർമ്മരോഗങ്ങൾ, ആൽബനിസം, നേത്രരോഗങ്ങൾ, ക്യാൻസർ എന്നിവയുള്ളവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും വെയിലത്തിറങ്ങരുത്.പകൽസമയത്ത് പുറത്തിറങ്ങുന്നവർ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ശീലമാക്കണം. ശരീരം മുഴുവൻ മറയുന്ന പരുത്തിവസ്ത്രങ്ങൾ ഉചിതം. 

യാത്രകൾക്കിടയിലും ജോലിക്കിടയിലുമുള്ള ഇടവേളകളിൽ തണലിൽ വിശ്രമിക്കാം.  മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും അൾട്രാവയലറ്റ് രശ്മികളുടെ തീവ്രത കൂടുതലായിരിക്കും. തെളിഞ്ഞ ആകാശമുള്ള ദിവസങ്ങളിലും അന്തരീക്ഷത്തിൽ ഇത്തരം രശ്മികളുടെ സാന്നിധ്യം ഉയർന്നേക്കാം. ജലാശയങ്ങൾ, മണൽ തുടങ്ങിയ പ്രതലങ്ങൾ വെളിച്ചത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ അത്തരം മേഖലകളിലും സൂചിക ഉയർന്ന നിലയിലായിരിക്കും. സാഹചര്യം കണക്കിലെടുത്ത് പുറത്തിറങ്ങുന്നതിന് സ്വയംനിയന്ത്രണത്തിന് വിധേയമാകാമെന്നും വ്യക്തമാക്കി.

Tags