കൊല്ലം ജില്ലയിൽ മൂന്ന് മാസത്തിനിടെ 1497 സ്ഥാപനങ്ങളിൽ പരിശോധന; 1.67 ലക്ഷം രൂപ പിഴ ഈടാക്കി

fine

 
കൊല്ലം : ജില്ലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി മൂന്ന് മാസത്തിനിടെ 1497 സ്ഥാപനങ്ങളിൽ   പരിശോധന നടത്തിയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ അറിയിച്ചു.  നിയമലംഘനം നടത്തിയ സ്ഥാപനങ്ങളിൽ നിന്ന് 1,67,900 രൂപ പിഴ ഈടാക്കി. 223 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 918 ഭക്ഷ്യ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 14 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പിച്ചു. 42 കേസുകൾ കോടതികളിലാണ്.

ക്ലീൻ കേരള ക്യാമ്പയിനിന്റെ ഭാഗമായി 509 പരിശോധനകൾ നടത്തി, 103 സാമ്പിളുകൾ ലാബുകളിലേക്ക് നൽകി. മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ 'ഓപ്പറേഷൻ സേഫ് സമ്മർ' പരിശോധനയ്ക് സ്‌ക്വാഡുകൾ രൂപീകരിച്ച് 443 പരിശോധനകൾ നടത്തി, 97 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. റംസാനോടനുബന്ധിച്ച് 149 പരിശോധനകൾ നടത്തി 28 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

വിവിധ വകുപ്പുകളുമായി ചേർന്ന് സംയുക്ത സ്‌ക്വാഡുകൾ രൂപീകരിച്ച് സ്‌കൂളുകൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ഉത്സവ മേഖലയായി പ്രഖ്യാപിച്ച ആരാധനാലയങ്ങളുടെ പരിസരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിലും കൃത്യമായ ഇടവേളകളിൽ സ്‌ക്വാഡുകൾ പരിശോധന നടത്തുന്നുണ്ട്. വെളിച്ചെണ്ണയിൽ മായം ചേർത്ത് വിൽപ്പന നടത്തിയതിനെ തുടർന്ന് പൂട്ടി ലേബൽ ചെയ്ത സ്വകാര്യ സ്ഥാപനം നിയമവിരുദ്ധമായി വീണ്ടും പ്രവർത്തിക്കുന്നുവെന്ന പരാതിയിൽ അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ പോലീസിന് കൈമാറി. സ്‌കൂളുകളിൽ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്ന് ഉറപ്പാക്കാൻ സ്‌ക്വാഡുകളുടെ പ്രവർത്തനം വിപുലീകരിക്കും. ഭക്ഷ്യസുരക്ഷ സംബന്ധിച്ച് വിവിധ ബോധവൽക്കരണ ക്ലാസുകളും പരിശീലന പരിപാടികളും  സംഘടിപ്പിച്ചു.

 യോഗത്തിൽ എ.ഡി.എം. എസ്. സജീദ് അധ്യക്ഷനായി. അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ സക്കീർ ഹുസൈൻ,  ഉദ്യോഗസ്ഥർ തുടങ്ങിയവർ  പങ്കെടുത്തു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവർത്തന ഏകോപനം വിലയിരുത്താൻ കലക്ട്രേറ്റിൽ എ.ഡി.എം എസ്. സജീദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിവരങ്ങൾ വ്യക്തമാക്കിയത്.

Tags