അപ്പീൽ തീർപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ നൽകും: വിവരാവകാശ കമ്മീഷണർ

Information Commissioner


കൊല്ലം :  വിവരാവകാശ നിയമപ്രകാരം നൽകുന്ന ഒന്നാം അപ്പീലുകൾ സമയബന്ധിതമായി തീർപ്പാക്കി മറുപടി നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്യുമെന്ന്  സംസ്ഥാന വിവരാവകാശ കമ്മീഷണർ ടി.കെ രാമകൃഷ്ണൻ. കൊല്ലം ടൗൺ ഹാൾ അനക്‌സിൽ നടത്തിയ വിവരാവകാശ കമ്മീഷൻ  ഹിയറിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപേക്ഷകന് വിവരം ലഭിക്കാതെ വരുമ്പോൾ സമർപ്പിക്കുന്ന ഒന്നാം അപ്പീലുകൾ കൃത്യതയോടും കാര്യക്ഷമതയോടും കൂടെ തീർപ്പാക്കി മറുപടി നൽകാനുള്ള നിയമപരമായ ബാധ്യത ഒന്നാം അപ്പീൽ അധികാരിയായ ഉദ്യോഗസ്ഥനുണ്ട്. വിവരം ലഭിച്ചിട്ടില്ലെങ്കിൽ അത് ലഭ്യമാക്കാനുള്ള ഉത്തരവാദിത്വവും അപ്പീലധികാരിയ്ക്കാണ്. ഒന്നാം അപ്പീലുകൾ കാര്യക്ഷമമായി തീർപ്പാക്കിയാൽ കമ്മീഷനിൽ എത്തുന്ന രണ്ടാം അപ്പീലുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാനാകും. അപ്പീൽ അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് പൊതുവിവരാവകാശ ഓഫീസർമാർ അപേക്ഷകർക്ക് വിവരങ്ങൾ നൽകണം. തെറ്റായ വിവരങ്ങൾ നൽകരുതെന്നും പൊതുവിവരാവകാശ ഓഫീസർമാർക്ക് കമ്മീഷണർ നിർദ്ദേശം നൽകി.

വിവരങ്ങൾ ലഭ്യമല്ല എന്ന മറുപടി സ്വീകാര്യമല്ല. രേഖകളും ഫയലുകളും വർഗ്ഗീകരിച്ച് സുരക്ഷിതമായി സൂക്ഷിക്കാനും എളുപ്പത്തിൽ ലഭ്യമാക്കാനുമുള്ള ഉത്തരവാദിത്വം വിവരാവകാശ നിയമം വകുപ്പ് 4 പ്രകാരം പൊതുഅധികാരികൾക്കുണ്ട്. അതേസമയം, ഒരേ വിഷയത്തിൽ തന്നെ നിരവധി അപേക്ഷകളും അപ്പീലുകളും സമർപ്പിക്കുന്നത് വിവരാവകാശ നിയമത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കുന്നതല്ലെന്നും കമ്മീഷണർ വ്യക്തമാക്കി.വ്യക്തമായ വിവരങ്ങൾ നൽകാത്ത ഡി.എം.ഒ ഓഫീസ്, കുരീപ്പുഴ ഗവ. യു.പി. സ്‌കൂൾ എന്നിവിടങ്ങളിലെ പൊതുവിവരാവകാശ ഓഫീസർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹിയറിംഗിൽ പരിഗണിച്ച 18 അപ്പീലുകൾ കമ്മീഷൻ തീർപ്പാക്കി.

Tags