ഹരിതസഭയും ഇക്കോസെൻസ് സ്കോളർഷിപ്പും; വിദ്യാർഥികൾക്ക് പ്രോത്സാഹനവുമായി എഴുകോൺ ഗ്രാമപഞ്ചായത്ത്

Ezhukone

 
കൊല്ലം : 'നിർമലം പുതുയുഗ ശുചിത്വ കേരളം' പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളിൽ ശാസ്ത്രീയമായ മാലിന്യ പരിപാലന മനോഭാവവും പരിസ്ഥിതി സംരക്ഷണ അവബോധവും വളർത്തിയെടുക്കുന്നതിനായി എഴുകോൺ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹരിതസഭയും ഇക്കോസെൻസ് വിദ്യാർഥി ഹരിതസേന സ്കോളർഷിപ്പ് വിതരണവും പഞ്ചായത്ത് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സണ്ണി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ പങ്കാളിത്തം ഏറെ നിർണായകമാണെന്നും മാലിന്യമുക്തമായ ചുറ്റുപാട് ഒരുക്കുന്നതിൽ പുതുതലമുറയ്ക്ക് മുഖ്യപങ്ക് വഹിക്കാനാകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ശുചിത്വ മിഷൻ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. എഴുകോൺ ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട 26 വിദ്യാർഥികൾക്ക് സ്കോളർഷിപ്പും പ്രശസ്തിപത്രവും വിതരണം ചെയ്തു. യു പി വിഭാഗത്തിൽ ആറ്,ഏഴ് ക്ലാസുകളിലെയും ഹൈസ്കൂൾ വിഭാഗത്തിൽ എട്ട്, ഒമ്പത് ക്ലാസുകളിലെയും ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി  വിഭാഗങ്ങളിൽ ഒന്നാം വർഷത്തെയും വിദ്യാർഥികൾക്ക് 1,500 രൂപ വീതമാണ് സ്കോളർഷിപ്പ്. ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സ്കൂൾ തലത്തിൽ വിദ്യാർഥികൾ തയ്യാറാക്കിയ റിപ്പോർട്ടുകൾ ചടങ്ങിൽ അവതരിപ്പിച്ചു. കൂടാതെ, വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ്‌വസ്തുക്കളിൽ നിന്നും കുട്ടികൾ നിർമിച്ച കരകൗശല ഉത്പന്നങ്ങളുടെ പ്രദർശനവും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ശാന്തിനി രാജു ലാൽ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി ഓമനക്കുട്ടൻ, മിനി അനിൽ, ശാന്ത ചെല്ലപ്പൻ, സൗമ്യ രാജ്, രജനി ദേവി, സിഡിഎസ് ചെയർപേഴ്സൺ ശാന്തകുമാരി, ശുചിത്വമിഷൻ കൊട്ടാരക്കര ബ്ലോക്ക്‌ റിസോഴ്സ് പേഴ്സൺ ലാലമ്മ സതീഷ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ എസ് ബിന്ദു, പ്രോജക്ട് ഇംപ്ലിമെന്റിങ് ഓഫീസർ സുരേഷ് കുമാർ, വിവിധ സ്കൂളുകളിലെ അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Tags