മുങ്ങിമരണങ്ങൾ ഒഴിവാക്കാം; ജാഗ്രത പാലിക്കണം
കൊല്ലം : ജില്ലയിൽ മുങ്ങിമരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജലാശയ അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷൻ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.
മുങ്ങിമരണങ്ങളുടെ പൊതുവായ കാരണങ്ങൾ
1. നീന്തലറിയുന്ന മുതിർന്നവരുടെ മേൽനോട്ടമില്ലാതെ കുട്ടികൾ ജലാശയത്തിൽ ഇറങ്ങുന്നത്.
2. നീന്തലറിയാതെയോ അൽപം നീന്തൽ പഠിച്ചോ പരിചിതമല്ലാത്ത ജലാശയങ്ങളിൽ ഇറങ്ങുന്നത്.
3. ലഹരിയുടെ സ്വാധീനമുള്ളപ്പോൾ ജലാശയങ്ങളിൽ ഇറങ്ങുന്നത്.
4. കുളങ്ങൾ, വീടിനു സമീപമുള്ള ജലാശയങ്ങൾ എന്നിവയിൽ കൈവരികൾ ഇല്ലാത്തതുമൂലം കുട്ടികൾ വീണുപോകുന്നത്.
5. ആഴമുള്ള ഭാഗത്ത് മുങ്ങാംകുഴി ഇടുക, വെള്ളത്തിൽ ഇറങ്ങുന്നത് നിരോധിച്ചിട്ടുള്ള മേഖലകളിൽ നീന്താൻ ശ്രമിക്കുക തുടങ്ങിയ സാഹസിക അഭ്യാസങ്ങൾ കാണിക്കുന്നത്.
6. സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കാതെ ബോട്ടുകളിലും വള്ളങ്ങളിലും സഞ്ചരിക്കുന്നത്.
7. അശ്രദ്ധമായും അപകടകരമായും ഫോട്ടോകളും വീഡിയോകളും ചിത്രീകരിക്കാൻ ശ്രമിക്കുന്നത്.
മുങ്ങിമരണങ്ങൾ ഒഴിവാക്കാൻ
1. അവധിക്കാലത്ത് ബന്ധുവീടുകളും മറ്റും സന്ദർശിക്കുമ്പോഴും ടൂർ പോകുമ്പോഴും നീന്തൽ വശമുണ്ടെങ്കിൽപോലും പരിചിതമല്ലാത്ത ജലാശയങ്ങളിൽ ഇറങ്ങാതിരിക്കുക, ഇറങ്ങുകയാണെങ്കിൽ നന്നായി നീന്തൽ അറിയാവുന്ന മുതിർന്നവരുടെ മേൽനോട്ടത്തിൽ മാത്രം ഇറങ്ങുക.
2. കുട്ടികൾ കൂട്ടമായി നീന്താൻ പോകുമ്പോഴും ജലാശയങ്ങൾക്ക് സമീപം കായികവിനോദങ്ങളിൽ ഏർപ്പെടുമ്പോഴും ആവശ്യംവേണ്ട സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക. ആരെങ്കിലും അബദ്ധത്തിൽ വെള്ളത്തിൽ അകപ്പെട്ടാൽ രക്ഷിക്കാനായി വെള്ളത്തിലേക്ക് എടുത്ത് ചാടാതെ കമ്പോ കയറോ തുണിയോ എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്താൻ ശ്രമിക്കുക.
3. ജലാശയങ്ങളിൽ ബോട്ടിങ്, കയാക്കിങ് തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ ലൈഫ് ജാക്കറ്റ് നിർബന്ധമായും ധരിക്കുക.
4. സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലകളിൽ തദ്ദേശസ്ഥാപനങ്ങൾ മുൻകൈയെടുത്ത് ബഹുഭാഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക.
5. ആളുകൾ ധാരാളമായി എത്തുന്ന ജലാശയവിനോദകേന്ദ്രങ്ങളിൽ രക്ഷാപ്രവർത്തനത്തിന് പരിശീലനം ലഭിച്ച ലൈഫ് ഗാർഡുമാർ സിവിൽ ഡിഫെൻസ് വോളന്റിയർമാർ എന്നിവരുടെ സേവനം അധികൃതർ ഉറപ്പുവരുത്തുക.
6. കുളങ്ങൾ, ഉപേക്ഷിക്കപ്പെട്ട ക്വാറികൾ തുടങ്ങിയവ കൈവരികൾ സ്ഥാപിച്ച് സുരക്ഷിതമാക്കുക.
7. നീന്തൽ പഠനം സാർവത്രികമാക്കുക.
.jpg)


