വാക്കിൻ്റെ മറപറ്റി നിന്ന് ഒളിയുദ്ധം നടത്തരുതെന്ന് ഡോ: സുനിൽ പി. ഇളയിടം

Dr. Sunil P. should not wage a war of words. breeding ground
Dr. Sunil P. should not wage a war of words. breeding ground

സനാതന ധർമ്മം സങ്കുചിതമല്ല വിശാലമാണെന്നു ബി ജെ പി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.

കൊല്ലം : വാക്കിൻ്റെ മറപറ്റി നിന്ന് ഒളിയുദ്ധം നടത്തരുതെന്ന് ചിന്തകനും എഴുത്തുകാരനുമായ ഡോ: സുനിൽ പി. ഇളയിടം. സി പി ഐ എം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച "സനാതന ധർമ്മം മാനവിക ധർമ്മമോ" എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സനാതന ധർമ്മം എന്ന വാക്ക് ഇന്നത്തെ ഹിന്ദുത്വ വാദികൾ ഉപയോഗിച്ച അർത്ഥത്തിലല്ല, ശ്രീനാരായണ ഗുരു ഉപയോഗിച്ചത്. ചാതുർവർണ്യ വ്യവസ്ഥയിൽ അധിഷ്ഠിതമായ സനാതന ധർമ്മത്തെ ഗുരു നിരാകരിക്കുകയാണ് ചെയ്തതെന്നും സുനിൽ പി ഇളയിടം ഓർമ്മിപ്പിച്ചു.

സനാതന ധർമ്മത്തിൻ്റെ അടിസ്ഥാനം വേദങ്ങളാണെങ്കിൽ അതേ വേദങ്ങളിൽ തന്നെയാണ് ജാതി വർണ വ്യവസ്ഥയെ കുറിച്ചും പറയുന്നത്. ഋഗ്വേദത്തിലെ വർണ സങ്കൽപത്തെ ആധാരമാക്കിയാണ് ചാതുർവർണ്യം നിലവിൽ വന്നത് മനുസ്മൃതിയും ബ്രാഹ്മണ സാഹിത്യവും ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ അത് ശ്രീനാരായണ ഗുരു നിരാകരിക്കുകയാണ് ചെയ്തത്. മതങ്ങളുടെ കാതൽ അതിൻ്റെ നൈതികതയാണ്. സ്നേഹവും കാര്യണ്യവും സാഹോദര്യവുമാണ് ആ നൈതികത. എന്നാൽ വർണധർമ്മ സങ്കൽപത്തിൽ മറ്റൊരു രൂപത്തിലാണ് ഈ വാക്ക് നിലവിൽ വന്നത്. സനാതനം എന്ന വാക്ക് ശാശ്വതം എന്നതിൽ നിന്ന് പാരമ്പര്യം എന്നതിലേക്ക് മാറി. പുനസംഘടിപ്പിക്കപ്പെട്ട ബ്രാഹ്മണ മതമാണ് പിന്നീട് ഹിന്ദുമതമായി മാറിയതെന്നും സുനിൽ പി ഇളയിടം അഭിപ്രായപ്പെട്ടു.

സനാതന ധർമ്മം സങ്കുചിതമല്ല വിശാലമാണെന്നു ബി ജെ പി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. സനാതന മൂല്യങ്ങൾ ജീവിതത്തിൽ പകർത്തണം. അതിന് എന്തെങ്കിലും ജീർണതയും അപചയങ്ങളും ഉണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ട് പോകണം വർണാശ്രമം ജാതി വ്യവസ്ഥയല്ല, ശാസ്ത്രീയമായ ശ്രേണി തിരിക്കലാണ്. പ്രകൃതിയെ പോലും മാതാവായി കണ്ട് സംരക്ഷിക്കുന്ന മതിൽക്കെട്ടുകളില്ലാത്ത വിശ്വമാനവികതയാണ് സനാതന ധർമ്മമെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.

സ്ത്രീകൾ ഇപ്പോൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം സനാതന ധർമ്മം തന്നതല്ല പോരാട്ടത്തിലൂടെ നേടിയതാണെന്ന് എഴുത്തുകാരി തനൂജ എസ് ഭട്ടതിരി അഭിപ്രായപ്പെട്ടു. ശൈശവ വിവാഹം ഇല്ലാതായതും വിദ്യാഭ്യാസം ചെയ്തതുമൊക്കെ സാധാരണ ജനം സമരം ചെയ്ത് നേടിയതാണ്. സതിയും സപത്നീ വ്രതവും ഉണ്ടായിരുന്നതും  സനാതന ധർമ്മം ഉണ്ടായിരുന്ന കാലത്താണ്. സനാതന ധർമ്മമല്ല, ധാർമ്മികതയാണ് പുതിയ തലമുറയ്ക്ക് മനസ്സിലാക്കി കൊടുക്കേണ്ടത്. വിമർശനാതീതമാണ് സനാതന ധർമ്മം എന്ന അഭിപ്രായമില്ലന്നും തനൂജ പറഞ്ഞു.

വാക്കുകളെ തെറ്റായി ഉദ്ധരിച്ചും വളച്ചൊടിച്ചും സനാതന ധർമ്മത്തെ മഹത്വവൽക്കരിക്കാനാണ് ചിലരുടെ ശ്രമമെന്ന് സെമിനാറിൻ്റെ മോഡറേറ്ററായിരുന്ന അധ്യാപകനും ഗവേഷകനുമായ ഡോ. ടി.എസ്.ശ്യാംകുമാർ പറഞ്ഞു. സാധാരണ ജന സമൂഹത്തെ കുറിച്ചോ അവൻ്റെ ആവശ്യകതകളെ കുറിച്ചോ ഒരു വരി പോലും പറഞ്ഞിട്ടില്ലാത്ത ഗ്രന്ഥങ്ങൾ ഉദ്ധരിച്ചാണ് ഇക്കൂട്ടർ സനാതന ധർമ്മം സർവ്വവ്യാപിയാണെന്ന് വാദിക്കുന്നത്. ഇത് കോവിഡ് പോലെ ഉന്മൂലനം ചെയ്യേണ്ടതെന്നാണ് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രി വർക്കലയിൽ പറഞ്ഞ മാനവിക ധർമ്മ പരാമർശത്തെ രാഷ്ട്രീയ നേട്ടത്തിനായി വിവാദമാക്കാൻ നോക്കിയതും ഇക്കൂട്ടരാണ്. എന്നാൽ 1950 ൽ ഗുരുവിൻ്റെ ശിഷ്യൻ സഹോദരൻ അയ്യപ്പനാണ് ഇക്കാര്യം ആദ്യം പറഞ്ഞതെന്നും ശ്യാംകുമാർ ഓർമ്മിപ്പിച്ചു.

Tags

News Hub