'യുവ ആപ്ദാ മിത്ര' സന്നദ്ധപ്രവർത്തകർക്ക് ദുരന്തനിവാരണ പരിശീലനം; ജില്ലാ കലക്ടർ ഉദ്ഘാടനം ചെയ്തു

 YUVA APTHAMITHRA

കൊല്ലം : 'യുവ ആപ്ദാ മിത്ര' സന്നദ്ധപ്രവർത്തകർക്കായി  സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദുരന്തനിവാരണ പരിശീലന പരിപാടിക്ക് ജില്ലയിൽ തുടക്കമായി. സെപ്റ്റംബർ 25 വരെ നീളുന്ന പരിശീലനം ജില്ലാ ഫയർ ഓഫീസ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ ആനി ജൂലാ തോമസ് ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ കൂടുതലായും സാമൂഹിക മാധ്യമങ്ങൾക്ക് പിന്നാലെ പോകുന്ന കാലഘട്ടത്തിൽ സന്നദ്ധ സേവനത്തിനായി മുന്നോട്ട് വന്നവരുടെ സാമൂഹിക പ്രതിബദ്ധതയെ അഭിനന്ദിക്കുന്നുവെന്ന് കലക്ടർ പറഞ്ഞു. 

പുതിയ തലമുറ വിലപ്പെട്ട സമയം പാഴാക്കാതെ പുത്തൻ നൈപുണികൾ ആർജിക്കണം. ഏത് പ്രതിസന്ധിഘട്ടത്തെയും കൈകാര്യം ചെയ്യാനുള്ള കരുത്ത് ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന ഓരോരുത്തർക്കും ലഭിക്കും എന്നും ജില്ലാ കലക്ടർ പറഞ്ഞു. എൺപതിലേറെ സന്നദ്ധ പ്രവർത്തകരാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ് സജീദ് അധ്യക്ഷനായ ചടങ്ങിൽ ജില്ലാ ഫയർ ഓഫീസർ എൻ രാംകുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ കൊല്ലം സ്റ്റേഷൻ ഓഫീസർ ശിവകുമാർ ടി, കലക്ട്രേറ്റ് ഡിഎം സെക്ഷൻ ജൂനിയർ സൂപ്രണ്ട് ഡോ.ബിജു ജി, ആപ്ദാ മിത്ര മാസ്റ്റർ ട്രെയിനർമാരായ ശരണ്യ എസ്, ഷർമിള എസ്, തദ്ദേശ സ്വയംഭരണ ദുരന്ത നിവാരണ പദ്ധതി കോർഡിനേറ്റർ മീനു എസ് തുടങ്ങിയവർ സംസാരിച്ചു.

  കായിക ശേഷിയും സന്നദ്ധ മനോഭാവവുമുള്ള തദ്ദേശീയരെ വിദഗ്ദ്ധ പരിശീലനം നൽകി ദുരന്ത സാഹചര്യങ്ങളെ നേരിടാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ദുരന്തനിവാരണ അതോറിറ്റി വിഭാവനം ചെയ്ത പദ്ധതിയാണ് ആപ്ദാ മിത്ര. ഇതിന്റെ തുടർച്ചയായാണ് 'യുവ ആപ്ദാ മിത്ര' പരിപാടി ആരംഭിച്ചത്. അടിക്കടിയുണ്ടാകുന്ന പ്രകൃതി - മനുഷ്യജന്യ ദുരന്തങ്ങളിൽ പ്രാദേശിക സമൂഹങ്ങൾക്ക് സഹായകരമായി ഇടപെടാൻ കഴിയുന്ന രീതിയിൽ പരിശീലനം ലഭിച്ച യുവാക്കളായ സന്നദ്ധ പ്രവർത്തകരെ വാർത്തെടുക്കുകയാണ് 'യുവ ആപ്ദാ മിത്ര'യുടെ ലക്ഷ്യം. നാഷണൽ സർവീസ് സ്‌കീം, എൻ സി സി, മേരാ യുവ ഭാരത് (നെഹ്റു യുവ കേന്ദ്ര), ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, മറ്റ് സന്നദ്ധ സംഘങ്ങൾ എന്നിവയുടെ ഭാഗമായിട്ടുള്ള, 18 നും 40 നും ഇടയിൽ പ്രായമുള്ള യുവാക്കളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 ദേശീയ ദുരന്തനിവാരണ അതോറിറ്റി നിശ്ചയിച്ചിട്ടുള്ള സിലബസ് അനുസരിച്ച് അഗ്നിരക്ഷാസേന, ദുരന്തനിവാരണ വകുപ്പ്, പോലീസ്, വനം വകുപ്പ്, ആരോഗ്യ വകുപ്പ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ള വിദഗ്ദ്ധർ പരിശീലന പരിപാടിയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കുന്നു. ദുരന്തമുഖങ്ങളിൽ സ്വീകരിക്കേണ്ട മനഃശാസ്ത്ര സമീപനം, സന്നദ്ധ മനോഭാവം, ധാർമ്മിക മൂല്യങ്ങൾ തുടങ്ങിയ വിഷയങ്ങളിലും ക്ലാസുകൾ നടക്കും.യുവജനങ്ങളെ ദുരന്ത പ്രതികരണ പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുകയും പ്രാദേശിക ദുരന്തപ്രതികരണ സംവിധാനങ്ങളുമായി ഏകോപിപ്പിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ മറ്റൊരു ലക്ഷ്യം. 2026ഓടെ രാജ്യത്ത് ദുരന്തസാധ്യത കൂടുതലുള്ള 350 ജില്ലകളിലായി രണ്ട് ലക്ഷത്തിലധികം യുവ സന്നദ്ധപ്രവർത്തകരെ പരിശീലനം നൽകി സജ്ജരാക്കുക വഴി ഓരോ ദുരന്ത മേഖലയിലും മിനിറ്റുകൾക്കുള്ളിൽ ഇടപെടാൻ കഴിയുന്ന പരിശീലനം നേടിയ വ്യക്തികളുടെ സാന്നിധ്യം ഉറപ്പാക്കാൻ 'യുവ ആപ്ദാ മിത്ര' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

Tags