സംസ്ഥാനത്ത് മികവുറ്റ ഗതാഗതസൗകര്യങ്ങൾ ഒരുക്കി: മുഖ്യമന്ത്രി പിണറായി വിജയൻ

cm-pinarayi

കൊല്ലം : സംസ്ഥാനത്ത് മികവുറ്റ ഗതാഗതസൗകര്യങ്ങൾ സാധ്യമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതുതായി നിർമിച്ച കാവനാട് മുക്കാട്ടുകടവ്-ഫാത്തിമ ഐലൻഡ്, ഫാത്തിമ ഐലൻഡ്-അരുളപ്പൻതുരുത്ത് പാലങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.541 കോടി രൂപ ചിലവഴിച്ച്  17 പൊതുമരാമത്ത് പദ്ധതികൾ നടപ്പിലാക്കി.

tRootC1469263">

 പാലങ്ങൾ, ഫ്‌ളൈഓവറുകൾ, ക്രോസ്‌വേകൾ, കലുങ്കുകൾ തുടങ്ങിയവ നിർമിച്ചു. റോഡുകൾ അന്താരാഷ്ട്രനിലവാരത്തിൽ നവീകരിക്കാൻ സാധിച്ചു. പ്രളയദുരന്തത്തെ പ്രതിരോധിക്കാൻ കഴിയുന്ന രീതിയിലാണ് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ നിർമാണം. തീരദേശ, മലയോര ഹൈവേകൾക്കുള്ള പദ്ധതിയും നടപ്പാക്കി. ദേശീയ ജലപാത റീച്ച് പൂർത്തീകരിച്ചു. ഇടമൺ-കൊച്ചി പവർ ഹൈവേ വഴി വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ സാധിച്ചു. കാർഷിക, ജലസേചന, ടൂറിസം മേഖലകളിലും പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുക്കാട് പള്ളി പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ ഡോ. സുജിത് വിജയൻപിള്ള എംഎൽഎ അധ്യക്ഷനായി. തുരുത്തുകൾ ബന്ധിപ്പിക്കാൻ  അപ്പ്രോച്ച് റോഡുകളും നിർമിക്കുമെന്ന് എംഎൽഎ അറിയിച്ചു.മുക്കാട്ടുകടവ്- ഫാത്തിമ ഐലൻഡ് പാലത്തിന് 183.33 മീറ്റർ നീളവും ഫാത്തിമ ഐലൻഡ് - അരുളപ്പൻ തുരുത്ത് പാലത്തിന് 78.6 മീറ്റർ നീളവുമാണ്. സഞ്ചാരപാതയും നടപ്പാതയും ഉൾപ്പെടും. പാലങ്ങളുടെ ഇരുകരകളിലുമായി അപ്രോച്ച് റോഡുകളും നിർമിച്ചു. കിഫ്ബിയിൽ നിന്നും 25.7 കോടി രൂപ ചിലവിലാണ് നിർമാണം പൂർത്തിയാക്കിയത്.
മുൻ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, മുക്കാട് ഇടവക സഹവികാരി പ്രശാന്ത്, പാലം നിർമാണ ബെനിഫിഷ്യറി കമ്മിറ്റി സെക്രട്ടറി ജോസഫ് തോബിയാസ്, കഥാകൃത്ത് എഡ്വേർഡ് നസ്രത്ത്, മുൻ കൗൺസിലർ ജാനറ്റ് ഹണി, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Tags