ഗോദയൊരുങ്ങുന്നു; ചടയമംഗലം ഗുസ്തി ആവേശത്തിലേക്ക്
കൊല്ലം : നവംബർ 27ന് ചടയമംഗലത്തെ പേൾ ഓഡിറ്റോറിയത്തിൽ 14 മീറ്റർ ചതുരാകൃതിയിൽ ഗോദ ഒരുങ്ങും, ഗോദയുടെ മധ്യത്തിലെ വൃത്തത്തിൽ എതിരാളികളെ മലർത്തിയടിച്ച് മത്സരാർഥികൾ മുന്നേറുമ്പോൾ കാണികൾ വിജഭേരി മുഴക്കും..ചരിത്രത്തിലാദ്യമായി ഗുസ്തി മത്സരത്തിന് വേദിയാകാനൊരുങ്ങുകയാണ് ചടയമംഗലം ഗ്രാമപഞ്ചായത്ത്.
കേരള റസ്ലിംഗ് ഫെഡറേഷനും ചടയമംഗലം ഗ്രാമപഞ്ചായത്തും ചേർന്നാണ് കുട്ടികൾക്കുള്ള സംസ്ഥാനതല ഗുസ്തി മത്സരം സംഘടിപ്പിക്കുന്നത്. രണ്ട് ഗോദകളിലായി 15 വയസ്സിൽ താഴെയുള്ള 500 ഓളം മത്സരാർത്ഥികളാണ് ഗുസ്തിയുടെ ആവേശത്തിന് മാറ്റുകൂട്ടാനെത്തുന്നത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മത്സരം മൂന്നു വിഭാഗങ്ങളിലായാണ് സംഘടിപ്പിക്കുന്നത്. ആദ്യദിനം വനിതാ ഗുസ്തിയും രണ്ടാം ദിനം ഫ്രീ സ്റ്റേജ് ഗുസ്തിയും മൂന്നാം ദിവസം ഗ്രീക്കോ റോമൻ ഗുസ്തിയും അരങ്ങേറും. 29നാണ് സമാപനം. അഖിലേന്ത്യ റസ്ലിംങ് ഫെഡറേഷൻ ജനറൽ സെക്രട്ടറി വി എൻ പ്രസൂദാണ് മാച്ച് നിയന്ത്രിക്കുക.
സംസ്ഥാനതല ഗുസ്തി മത്സരത്തിന്റെ സംഘാടക സമിതി യോഗം ചടയമംഗലം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ കെ സുദേവൻ യോഗം ഉദ്ഘാടനം ചെയ്തു. മൊബൈൽ ഫോണുകളിലും ലഹരി മരുന്നുകളിലും അകപ്പെട്ടു പോകാതെ പുതിയ തലമുറയെ സംരക്ഷിക്കാൻ സാധിക്കുക കലാ - കായിക പ്രവർത്തനങ്ങളിലൂടെയാണെന്ന് പ്രസിഡന്റ് പറഞ്ഞു.വിവിധ ജില്ലകളിൽ നിന്ന് വരുന്ന മത്സരാർഥികൾക്ക് താമസ, ഭക്ഷണം, ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് പഞ്ചായത്ത് പ്രത്യേക പാനൽ രൂപീകരിക്കും. പൊലീസ്, ഫയർഫോഴ്സ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും, ഡോക്ടർമാർ, നഴ്സുമാർ, ആംബുലൻസ് തുടങ്ങിയ മെഡിക്കൽ സംവിധാനങ്ങളും ഉറപ്പുവരുത്തും. ജനപ്രതിനിധികൾ ഉൾപ്പെടുന്ന ടീമുകൾ ഇതിനായി രൂപീകരിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റും സംഘാടകസമിതി വൈസ് ചെയർപേഴ്സനുമായ എസ് ഗീതാകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ ദിവ്യ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി അജയൻ, പഞ്ചായത്ത് സെക്രട്ടറി ബി വിനോദ്, കേരള റസലിംഗ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് ടൈറ്റസ് ലൂക്കോസ്, വാർഡ് അംഗം ആർ എസ് ശ്യാംരാജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
.jpg)

