സെൻസസ് 2027: രണ്ടാം ഘട്ട ജനസംഖ്യ കണക്കെടുപ്പ് ജനുവരി 25 ന് ആരംഭിക്കും: കൊല്ലം ജില്ലാ കലക്ടർ

CENSUS

കൊല്ലം :  സെൻസസ് 2027 ന്റെ രണ്ടാം ഘട്ട പ്രവർത്തനമായ ജനസംഖ്യ കണക്കെടുപ്പ് ജില്ലയിൽ ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ നടക്കുമെന്ന് പ്രിൻസിപ്പൽ സെൻസസ് ഓഫിസറും ജില്ലാ കലക്ടറുമായ ആനി ജൂലാ തോമസ് പറഞ്ഞു. ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന ജില്ലാതല സെൻസസ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ.സെൻസസിന്റെ രണ്ടാംഘട്ടം വിജയകരമാക്കുന്നതിന് എല്ലാ ജീവനക്കാരുടെയും പൂർണമായ സഹകരണം ആവശ്യമാണ്. ഒന്നാംഘട്ടത്തിൽ ഉദ്യോഗസ്ഥരുടെ ലഭ്യതയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകൾ ഉണ്ടായതായും രണ്ടാംഘട്ടത്തിൽ അതുണ്ടാവാതിരിക്കാൻ ജില്ലാതല ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടർ പറഞ്ഞു.

സെൻസസ് രണ്ടാംഘട്ടത്തിലെ സെൽഫ് എന്യൂമറേഷൻ സൗകര്യം ജനുവരി 10 മുതൽ 24 വരെയാണ്. പൊതുജനങ്ങൾ പരമാവധി ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കലക്ടർ പറഞ്ഞു.ഒന്നാം ഘട്ടത്തിൽ ജില്ലയിൽ 4663 ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളാണ് ഉണ്ടായിരുന്നത്. ഏറ്റവും കൂടുതൽ എച്ച് എൽ ബികൾ ഉണ്ടായിരുന്നത് കൊട്ടാരക്കര താലൂക്കിലാണ് (996). ഏറ്റവും കുറവ് കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലും (44). ആദ്യഘട്ടത്തിൽ ജില്ലയിലാകെ 67520 പേർ സെൽഫ് എ ന്യൂമറേഷൻ പ്രക്രിയ പൂർത്തിയാക്കി.  

രണ്ടാംഘട്ട സെൻസസ് പ്രവർത്തനങ്ങൾക്കുള്ള ഉദ്യോഗസ്ഥരുടെ പരിശീലനം പൂർത്തിയായിട്ടുണ്ട്. ഫീൽഡ് ട്രെയിനർമാർക്കുള്ള പരിശീലനം നവംബർ 30 മുതൽ ഡിസംബർ അഞ്ചുവരെ നടക്കും. എന്യുമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കുമുള്ള പരിശീലനം ഡിസംബർ 21 മുതൽ ജനുവരി 15 വരെ നടക്കും.

ഒന്നാംഘട്ട സെൻസസ് പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിച്ച ജില്ലാതല ഉദ്യോഗസ്ഥർക്ക് സെൻസസ് ഡയറക്ടറേറ്റ് ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ യോഗത്തിൽ ജില്ലാ കലക്ടർ വിതരണം ചെയ്തു. ജില്ലാതല ഉദ്യോഗസ്ഥരായ സബ് കളക്ടർ, പുനലൂർ ആർ ഡി ഒ, ജില്ലാ പ്ലാനിങ് ഓഫീസർ, ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജെ ഡി എൽ എസ് ജി ഡി, ഡി ഡി എജ്യുക്കേഷൻ, ഡി ഡി ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്, കേരള ഐടി മിഷൻ പ്രോജക്ട് ഓഫീസർ എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

യോഗത്തിൽ എഡിഎം എസ് സജീദ്, സബ് കളക്ടർ ഡോ. എസ് മോഹന പ്രിയ, സെൻസസ് വിഭാഗം സീനിയർ ക്ലർക്ക് എസ് രാജീവ്, മറ്റു ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
 

Tags