മൃഗങ്ങളിലും സൂര്യാഘാതസാധ്യത; വളർത്തുന്നവർ ജാഗ്രത പാലിക്കണം

sun

കൊല്ലം : വേനൽച്ചൂടിൽ മൃഗങ്ങളിലും സൂര്യാഘാതസാധ്യതാ മുന്നറിയിപ്പ്.  കർഷകർ ജാഗ്രത പാലിക്കണമെന്നാണ്  മൃഗസംരക്ഷണ വകുപ്പിന്റെ നിർദേശം. സാഹചര്യം നേരിടാൻ എല്ലാ മൃഗാശുപത്രികളും സജ്ജമാക്കി. മരുന്നുകളും ജീവൻരക്ഷാമരുന്നുകളും ശേഖരിച്ചു. മാർഗനിർദേശങ്ങൾ ഹീറ്റ് ആക്ഷൻ പ്ലാനാക്കി കർഷകർക്കും പൊതുജനങ്ങൾക്കും നൽകി. താപനില നിശ്ചിതപരിധിക്ക് മുകളിൽഉയരുന്ന ഘട്ടങ്ങളിൽ, എസ്എംഎസ് വഴി കർഷകർക്ക് മുന്നറിയിപ്പ് നൽകും.

പകൽ 11 നും ഉച്ചയ്ക്ക് മൂന്നിനും മധ്യേ തുറസായ സ്ഥലങ്ങളിൽ ഉരുക്കളെ മേയാൻ വിടരുത്. പശുക്കളെ പാടത്ത് കെട്ടിയിടരുത്.  ആസ്ബസ്റ്റോസ്-തകര ഷീറ്റ് കൂടാരങ്ങളിൽ നിന്ന് മാറ്റണം, മരത്തണലിൽ കെട്ടിയിടാം. തൊഴുത്തിൽ  ഫാനുകളിടണം.  തെങ്ങോല, ടാർപോളിൻ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് മേൽക്കൂരയ്ക്ക് കീഴെ സീലിംഗ് ഒരുക്കി ചൂട് നിയന്ത്രിക്കാം. അരമണിക്കൂർ ഇടവേളയിൽ പശുക്കളെ നനയ്ക്കാം.  
വാഹനത്തിലെ ദീർഘദൂരയാത്രകൾ രാവിലെയും വൈകിട്ടുമായി ക്രമീകരിക്കണം. തൊഴുത്തിൽ എപ്പോഴും തണുത്തകുടിവെള്ളം ലഭ്യമാക്കണം. നിലവാരമുള്ള കാലിതീറ്റ നൽകണം, ധാതുലവണമിശ്രിതങ്ങൾ ചേർക്കാം. വളർത്തു കോഴികൾക്കായി പലതവണ ചകിരിച്ചോർതറവിരി ഇളക്കിയിടണം. മേൽക്കൂര വെള്ളത്താൽ തണുപ്പിക്കണം.

വളർത്തുനായ്ക്കൾക്കും അലങ്കാരപൂച്ചകൾക്കും തണുത്ത കുടിവെള്ളം എപ്പോഴും ലഭ്യമാക്കണം. നായ്ക്കൂടുകൾക്ക് മുകളിൽ തണൽ വലകൾ വിരിക്കാം. തീറ്റ പലതവണകളായി നൽകണം. കൂട്ടിൽ ഫാൻ നിർബന്ധം. ദിവസവും ദേഹം ബ്രഷ് ചെയ്യണം. നായ്ക്കളെയും പൂച്ചകളെയും കാറിനുള്ളിലോ മുറിക്കുള്ളിലോ അടച്ചിടരുത്. സൂര്യാഘാതമേറ്റാൽ നായ്ക്കളെ തണലിടങ്ങളിലേക്ക് മാറ്റി തണുത്തവെള്ളത്തിൽമുക്കിയ ടവൽ പുതപ്പിക്കണം എന്നീ നിർദേശങ്ങളാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി. ഷൈൻകുമാർ നൽകിയത്.

Tags