അർഹതയുള്ളവർക്കെല്ലാം പട്ടയം: മന്ത്രി എ പി അനിൽകുമാർ

A P Anil Kumar

കൊല്ലം :  അർഹതയുള്ളവർക്കെല്ലാം പട്ടയംനൽകുകയാണ് സർക്കാരിന്റെലക്ഷ്യമെന്ന് റവന്യു വകുപ്പ് മന്ത്രി എ. പി. അനിൽ കുമാർ. 100 ദിന കർമപരിപാടിയുടെഭാഗമായി 5000ത്തോളം പട്ടയങ്ങൾ വിതരണം ചെയ്യും; ജില്ലയിൽ നൽകുന്ന 569 പട്ടയങ്ങളും ഉൾപ്പെടും.  റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ റവന്യൂ ഓഫീസുകൾ കൂടുതൽ ജനസൗഹൃദമാകണമെന്ന് നിർദേശിച്ചു. 

പട്ടിക ജാതി-വർഗ-തീരദേശ മേഖകളിലെ പട്ടയവിഷയങ്ങൾ അടിയന്തരമായി പരിഹരിക്കും.  ജില്ലയിൽ തരംമാറ്റാനുള്ള 4589 അപേക്ഷകൾ ഉൾപ്പടെ 25,000 എണ്ണം തീർപ്പാക്കും. റവന്യൂ നിയമങ്ങൾ കാലോചിതമായി പരിഷ്‌കരിക്കും. ഇടമുളയ്ക്കൽ കൊമ്പാറ്റിമലഭാഗം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ പട്ടയഅപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കും. പത്തനാപുരം മുട്ടത്ത്കടവ് പാലത്തിനു സമീപം താമസിക്കുന്നവർക്ക് പട്ടയം ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിച്ചു. വനഭൂമിമേഖലയിൽ പട്ടയവിതരണത്തിന് കേന്ദ്രാനുമതിക്കായി നടപടികളെടുത്തു.  പരവൂർ വില്ലജിലെ മാലാകായൽ പ്രദേശത്തെ റെയിൽവേ ഭൂമിയുടെ രേഖകളിലെ അപാകംപരിഹരിച്ച് പട്ടയവിതരണ നടപടികൾ വേഗത്തിലാക്കും. 1259 സുനാമി ഫ്‌ളാറ്റ് പട്ടയങ്ങൾ വിതരണംചെയ്തു. 

തീരദേശമേഖലയിൽ അവശേഷിക്കുന്ന 44 കുടുംബങ്ങളുടെ പട്ടയവിതരണവും കാലതാമസമില്ലാതെ നടത്തും. ജില്ലയിൽ 196 അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ചു. ഡിജിറ്റൽ റീസർവേ നടപടികൾ ത്വരിതപ്പെടുത്തണം. പരവൂർ നഗരസഭാ ടൗൺഹാൾ-ഷോപ്പിങ്‌സമുച്ചയ നിർമാണത്തിനായി തുടർനടപടികൾ സ്വീകരിക്കും. തേവലക്കര വൈദ്യുതി സബ്‌സ്റ്റേഷൻ നിർമാണം, ആശ്രാമത്ത് വെള്ളക്കെട്ട് പരിഹരിക്കാനായി ഓടനിർമാണം, തിരുമുല്ലവാരം ഓഷ്യനേറിയം എന്നിവയുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ നിർദേശിച്ചു.  കരുനാഗപ്പള്ളി-ശാസ്താംകോട്ട റെയിൽവേമേൽപ്പാലനിർമാണം, വാടി-തങ്കശേരി റോഡ് നിർമാണം, മുണ്ടക്കൽ-കാച്ചിക്കടവ് പാലം, കാപ്പിൽ-അഴീക്കൽ തീരദേശ ഹൈവേ എന്നിവ ഉടൻ ആരംഭിക്കും. ജില്ലയിൽ 62 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമാണം പൂർത്തീകരിച്ചു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് 3587 ഭവനനാശ കേസുകൾക്ക് ധനസഹായം നൽകി. വകുപ്പിലെ വിവിധ ഓഫിസുകളിലെ ഒഴിവുകൾ നികത്തുമെന്നും അടിസ്ഥാനസൗകര്യങ്ങൾ വിപുലപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

ലാൻഡ് റവന്യൂ കമ്മീഷണർ എച്ച് ദിനേശൻ അധ്യക്ഷനായി. റവന്യൂ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി കെ ജയശ്രീ, ജില്ലാ കലക്ടർ ആനി ജൂല തോമസ്, എ ഡി എം എസ് സജീദ്, സബ് കലക്ടർ അഖിൽ വി. മേനോൻ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.  
 

Tags