കൊല്ലം വനാതിര്‍ത്തിയിലെ സ്വകാര്യഭൂമിയില്‍ കാട്ടാന ചരിഞ്ഞനിലയില്‍

പത്തനാപുരം : വനാതിര്‍ത്തിയിലെ സ്വകാര്യ പുരയിടത്തില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദൂരുഹതയുണ്ടെന്ന് വനംവകുപ്പ്. അസ്വഭാവിക മരണത്തിന് കേസെടുത്തു. പുനലൂർ വനം ഡിവിഷനില്‍ ഉള്‍പ്പെട്ട പത്തനാപുരം റേയിഞ്ച് പുന്നല കടശ്ശേരി ചെളിക്കുഴി ഭാഗത്താണ് കാട്ടാനയുടെ ജഡം കണ്ടത്. 25 വയസ്സ് തോന്നിക്കുന്ന കൊമ്പനാണ് െചരിഞ്ഞത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ആനയുടെ ജഡം പ്രദേശവാസികള്‍ കണ്ടത്. തുടര്‍ന്ന് വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. വനംവകുപ്പും വെറ്ററിനറി വിഭാഗവും നടത്തിയ പരിശോധനയില്‍ കാലുകളിലും ശരീരത്തും തുമ്പിക്കൈയിലും വൈദ്യുതി കമ്പികള്‍ ഉരഞ്ഞ് ഷോക്കേറ്റതിന്റെ പാടുകളുണ്ട്.
വനമേഖലയോട് ചേർന്ന താമസക്കാരനായ ശിവദാസന്റെ പുരയിടത്തിലാണ് ജഡം കണ്ടത്. പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വ്യക്തമായ കാരണങ്ങള്‍ കണ്ടെത്താനാകുവെന്ന് വകുപ്പ് അധികൃതര്‍ പറയുന്നു. പാലോട് ജന്തുരോഗ കേന്ദ്രത്തിലെ രണ്ട് ഡോക്ടര്‍മാരും വനംവകുപ്പിന്റെ രണ്ട് വെറ്ററിനറി ഡോക്ടര്‍മാരും ചേര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി.
ബുധനാഴ്ച പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കും. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. അപായപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ മനപൂർവം കെണിവെച്ചാതായിരിക്കാമെന്ന സാധ്യതയും വകുപ്പ് തള്ളി കളയുന്നില്ല. പ്രദേശത്ത് കാട്ടാനകളുടെ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
സാധാരണയായി പ്രദേശത്ത് ഒറ്റയാനായി നടക്കുന്ന ആനയാണ് ചരിഞ്ഞത്. കൃഷി വകകൾ നശിപ്പിക്കുമെങ്കിലും പൊതുവേ മനുഷ്യരെ ഉപദ്രവിക്കാറില്ലെന്ന് പ്രദേശവാസികള്‍ പറയുന്നുണ്ട്. വാഹനങ്ങള്‍ കടന്നുവരാന്‍ സൗകര്യം ഇല്ലാത്തതിനാൽ ജഡം കണ്ട സ്ഥലത്ത് തന്നെ പോസ്റ്റുമോർട്ടം നടത്തി മറവ് ചെയ്തു.
വനംവകുപ്പ് ഉദ്യോഗസ്ഥരായ ഡി.എഫ്.ഒ ഷാനവാസ്, റെയിഞ്ച് ഓഫിസർ ദിലീഫ്, ഡെപ്യൂട്ടി റെയിഞ്ച് ഓഫിസർ ഗിരി, വനം വകുപ്പ് വെറ്ററിനറി ഡോക്ടർമാരായ ശ്യാം, സിബി എന്നിവരുടെ മേല്‍നോട്ടത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു.