ലോക ജനസംഖ്യാ ദിനം: കാസർഗോട് ജില്ലാ തല ഉദ്ഘാടനം സംഘടിപ്പിച്ചു
കാസർഗോട് :ലോക ജനസംഖ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജില്‍ സംഘടിപ്പിച്ചു. ചടങ്ങ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈഫുള്ള തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ കനില അധ്യക്ഷത വഹിച്ചു. ജില്ലാ ആര്.സി.എച്ച് ഓഫീസര്‍ ഡോ. സന്തോഷ്.ബി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എം.സി .എച്ച് ഓഫീസര്‍ സ്റ്റെല്ല സംസാരിച്ചു. ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി.പി ഹസീബ് സ്വാഗതവും മഞ്ചേശ്വരം കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിമല നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ സെമിനാറില്‍ മഞ്ചേശ്വരം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രഭാകര റായ് ക്ലാസ്സെടുത്തു. കാസറഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജ് വിമെന്‍ സെല്‍ ആന്‍ഡ് എന്‍.എസ്.എസ് യൂണിറ്റ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
1987 ജൂലൈ 11നാണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. ഇതിനെത്തുടര്‍ന്ന് 1989 മുതലാണ് ജനസംഖ്യ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് സമൂഹത്തെ ബോധവത്ക്കരിക്കുന്നതിനായി ജനസംഖ്യാദിനം ആചരിച്ചുവരുന്നത്. ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ഏകദേശം 146 കോടി ജനങ്ങള്‍ ഇന്ന് ഇന്ത്യയില്‍ ജീവിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. എങ്കിലും രാജ്യത്തിന്റെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി നിരക്ക് 2022ല്‍ രണ്ടിനു അടുത്തെത്തിയത് രാജ്യം വൈകാതെ ജനസംഖ്യാ സ്ഥിരത കൈവരിക്കും എന്നതിന്റെ സൂചനയാണ്.
2026 ലെ ലോക ജനസംഖ്യാ ദിനത്തിന്റെ പ്രതിപാദ്യ വിഷയം 'പ്രസവങ്ങള്‍ തമ്മില്‍ മതിയായ ഇടവേള അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും ക്ഷേമത്തിനും' എന്നതാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും കേരളത്തിലും 15 മുതല്‍ 19 വയസിനിടയിലുള്ള പെണ്‍കുട്ടികളുടെ പ്രസവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അനാവശ്യ ഗര്‍ഭധാരണത്തെ തുടര്‍ന്നുള്ള ഗര്‍ഭഛിദ്രങ്ങളുടെ തോതും കൂടിവരുന്നുണ്ട്. പ്രത്യുത്പാദന ആരോഗ്യത്തെകുറിച്ചും ആഗ്രഹിക്കാത്തതും അനവസരത്തിലുള്ളതുമായ ഗര്‍ഭധാരണങ്ങള്‍ ഒഴിവാക്കുന്നതിനെക്കുറിച്ചും ബോധവത്ക്കരണം തുടരേണ്ടതിന്റെ ആവശ്യകതയുമാണ് ഈ സാഹചര്യം നമ്മെ ബോധ്യപ്പെടുത്തുന്നത്. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്തു കൊണ്ട് ജില്ലയിലെ മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളിലും വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.ടിരേഖ അറിയിച്ചു.
.jpg)

