ലോക ഗ്ലോക്കോമ വാരാചരണം; കാസർ​ഗോട് ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

GLAUCOMAPRGM

കാസർ​ഗോട് : ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ദേശീയാരോഗ്യ ദൗത്യം കോൺഫറൻസ് ഹാളിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അജയ് രാജൻ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ ഒഫ്താൽമിക്  കോർഡിനേറ്റർ  കവിത.പി അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജൂനിയർ കൺസൽട്ടന്റ് കമൽ കെ. ജോസ്, ജില്ലാ ആർ.ബി.എസ്.കെ കോഓർഡിനേറ്റർ നിജിത കെ എന്നിവർ സംസാരിച്ചു. ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ പി.പി ഹസീബ് നന്ദിയും പറഞ്ഞു.

തുടർന്ന് ജില്ലയിലെ ജെ.പി.എച്ച്.എൻ, എം.എൽ.എസ്.പി, ആർ.ബി.എസ്.കെ പ്രവർത്തകർക്ക് വേണ്ടി നടത്തിയ ബോധവൽക്കരണ സെമിനാറിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ജൂനിയർ കൺസൾറ്റൻഡ്  ഒഫ്താൽമോളജി ഡോ.അപർണ എസ്, നീലേശ്വരം  താലൂക്ക് ആശുപത്രി ഒപ്റ്റോമെട്രിസ്റ്റ് അജീഷ് കുമാർ. കെ  എന്നിവർ ക്ലാസ്സെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസ്  (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ അന്ധതാ കാഴ്ച വൈകല്യ നിയന്ത്രണ സമിതി കാസർകോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 

ഗ്ലോക്കോമയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും മാർച്ച് രണ്ടാം വാരം വേൾഡ് ഗ്ലോക്കോമ അസോസിയേഷൻ, വേൾഡ് ഗ്ലോക്കോമ പേഷ്യന്റ് നെറ്റ്വർക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ഗ്ലോക്കോമ വാരാചരണം നടത്തിവരുന്നു. മാർച്ച് എട്ട് മുതൽ 14 വരെയാണ് ഈ വർഷത്തെ ഗ്ലോക്കോമ വാരാചരണം. മാർച്ച് 12ന് ലോക ഗ്ലോക്കോമ ദിനമായി ആചരിക്കുന്നു. വരാചരണത്തിന്റെ ഭാഗമായി ഒരാഴ്ചക്കാലം ജില്ലയിലെ വിവിധ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ഗ്ലോക്കോമ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എ.വി രാംദാസ് അറിയിച്ചു.

Tags