ക്രിക്കറ്റ് ടൂർണമെന്റിൽ വിജയകിരീടം : പരിമിതമായ കാഴ്ചയിലും പൊരുതിനേടി കാസർകോട് ബ്ലൈൻഡ് സ്കൂൾ വിദ്യാർഥികൾ

blindcricket

കാസർ​ഗോട് :  കാഴ്ച പരിമിതമായിരുന്നെങ്കിലും തങ്ങൾക്ക് നേരെ വരുന്ന പന്തുകളെ അതിർത്തി കടത്താൻ ജില്ലയിലെ കാഴ്ച പരിമിതരുടെ സ്കൂളിലെ വിദ്യാർഥികൾക്ക് അതൊരു തടസമായിരുന്നില്ല. അങ്ങനെ അടിച്ച ആറു ബൗണ്ടറികളുടെ പിന്തുണയിൽ കാഴ്ച പരിമിതരുടെ ക്രിക്കറ്റ്‌ അസോസിയേഷൻ സംഘടിപ്പിച്ച പ്രഥമ സംസ്ഥാന ക്രിക്കറ്റ് ടൂർണമെന്റിൽ വിജയകിരീടം ചൂടിയിരിക്കുകയാണ് ജില്ലയിലെ മിടുക്കന്മാർ. ചരിത്രത്തിലേക്ക് കൂടിയുള്ള ബൗണ്ടറികൾ കൂടിയായിരുന്നു അത്.

tRootC1469263">

 രണ്ട് ദിവസങ്ങളിലായി തിരുവനന്തപുരത്ത് വച്ച് നടന്ന മത്സരത്തിൽ കളിച്ച ഒരു കളിയിൽ പോലും പരാജയപ്പെടാതെയാണ് ഫൈനലിൽ എതിരാളികളായ പാലക്കാടിനെ തോൽപ്പിച്ച് ടീം കാസർകോട് കിരീടം ചൂടിയത്. അവസാനവട്ട മത്സരത്തിൽ മൂന്ന് ഓവറിൽ പാലക്കാട് സ്കൂൾ ടീം ഉയർത്തിയ 33 റൺസ് മറുപടി ബാറ്റിംഗിൽ ക്യാപ്റ്റൻ മുസ്തഫയുടെ ഉശിരൻ ബാറ്റിംഗിൽ 2.3 ഓവറിൽ ജില്ലയുടെ ചുണക്കുട്ടികൾ ലക്ഷ്യം കണ്ടു. കാഴ്ച പരിമിതർക്കുള്ള ചെസ്സ് ചാമ്പ്യൻ കൂടിയായ ടീം നായകൻ മുസ്തഫ 12 പന്തിൽ ആറ് ബൗണ്ടറികൾ അടക്കം 30 റൺസ് നേടി. ഫൈനൽ മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സീരീസും മുസ്തഫക്ക് ലഭിച്ചു

 മുസ്തഫ നയിച്ച ടീമിൽ മുഹമ്മദ് സ്വാലി, കിരൺ, വഫ, ആയിഷ മിന്ന, ഫാത്തിമ റിംഷാ സുൽത്താന തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ബി 1 കാറ്റഗറിയിൽ മികച്ച കളിക്കാരനായി കാസർകോട് ബ്ലൈന്റ് സ്കൂളിലെ വഫയെ തിരെഞ്ഞെടുത്തു. മനോജ്, പി കെ റിയാസ്, കാദർ ബോവിക്കാനം,ഹരീഷ്, വത്സല തുടങ്ങിയവരുടെ മികച്ച പരിശീലനത്തിലാണ് ടീമിന്റെ വിജയത്തിളക്കം. എൻ എ നെല്ലിക്കുന്ന് എം എൽ എ അടക്കമുള്ള ജനപ്രതി നിധികൾ റെയിൽവേ സ്റ്റേഷനിൽ ടീമംഗങ്ങളെ സ്വീകരിക്കാനെത്തി. നഗരസഭ വൈസ് ചെയർമാൻ കെ എം ഹനീഫ്, സ്കൂൾ വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ, രക്ഷിതാക്കൾ, ലയൺസ് ക്ലബ്ബ് ഭാരവാഹികൾ എന്നിവരും മധുരം നൽകി ടീമിനെ സ്വീകരിച്ചു.

Tags