എൻഡോസൾഫാൻ ദുരിതബാധിതർക്കായി കാനായി ഒരുക്കിയ 'വിക്ടിംസ് ഫ്രീഡം' ശില്പം 13ന് നിയമസഭാ സ്പീക്കർ നാടിന് സമർപ്പിക്കും
കാസർകോട് : പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ തന്റെ ജന്മനാട്ടിൽ ഒരുക്കിയ 'വിക്ടിംസ് ഫ്രീഡം' (VICTIMS FREEDOM) ശില്പം നാടിന് സമർപ്പിക്കുന്നു. കാസർകോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഈ ശില്പം 2026 നവംബർ 13ന് രാവിലെ 9.30ന് കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നാടിന് സമർപ്പിക്കും. കാസർകോടിനെ ദുരിതത്തിലാക്കിയ എൻഡോസൾഫാൻ ദുരന്തത്തെ പ്രമേയമാക്കിയാണ് 'വിക്ടിംസ്' എന്ന ശില്പം കാനായി കുഞ്ഞിരാമൻ നിർമ്മിച്ചിരിക്കുന്നത്. നിസ്സഹായനായ മനുഷ്യൻ സ്വാതന്ത്ര്യത്തിന്റെ ആകാശത്തേക്ക് കുതിച്ചുയരുന്നതിനെ ആവിഷ്‌കരിക്കുന്നതാണ് 'ഫ്രീഡം'എന്ന ശില്പം. മനുഷ്യ സ്വാതന്ത്ര്യത്തിന്റെ സന്ദേശമാണ് ഈ ശില്പങ്ങൾ വിഭാവനം ചെയ്യുന്നത്. 40 അടി ഉയരമുള്ള ക്യൂബിക് മോഡലിലാണ് ഈ കൂറ്റൻ ശില്പം നിർമ്മിച്ചിട്ടുള്ളത്.
തന്റെ ജന്മനാടായ കാസർകോടിനായി യാതൊരു ലാഭേച്ഛയും കൂടാതെ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച രണ്ട് കോൺക്രീറ്റ് ശില്പങ്ങളും അനുബന്ധ ലാൻഡ്‌സ്‌കേപ്പിംഗുമാണ് ഇപ്പോൾ നാടിനായി സമർപ്പിക്കുന്നത്. 2006-ലെ ജില്ലാ പഞ്ചായത്ത് ഭരണസമിതിയാണ് ഈ ശില്പനിർമ്മാണത്തിന് തുടക്കമിട്ടത്. തുടർന്നുണ്ടായ പ്രളയം, കോവിഡ് പ്രയാസങ്ങൾ, മറ്റ് ചില സാങ്കേതിക തടസ്സങ്ങൾ എന്നിവ കാരണമാണ് പദ്ധതി പൂർത്തിയാക്കാൻ കാലതാമസം നേരിട്ടത്. 89 ാം വയസ്സിലും തന്റെ ശാരീരികമായ അവശതകൾ വകവെക്കാതെയാണ് ശില്പി കാനായി കുഞ്ഞിരാമൻ ഈ ശ്രമകരമായ ദൗത്യം പൂർത്തിയാക്കിയത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം സ്വാഗതം ആശംസിക്കും. കല്ലട്ര മാഹിൻ ഹാജി എം.എൽ.എ അധ്യക്ഷത വഹിക്കും ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ. എസ്. ബിജു റിപ്പോർട്ട് അവതരിപ്പിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി പങ്കെടുക്കും. എം.എൽ.എമാരായ കെ. നീലകണ്ഠൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, എ.കെ.എം. അഷ്‌റഫ്, സന്ദീപ് വാര്യർ എന്നിവരും ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ്, ജില്ലാ പോലീസ് മേധാവി പി.നിതിൻ രാജ് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ സംസാരിക്കും. 2006 മുതൽ ഇതുവരെ യുള്ള ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ശിൽപ, ചിത്രകല, സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിവർ ചടങ്ങിൽ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ചെയർമാനും ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ബിജു ജനറൽ കൺവീനറുമായാണ് സംഘാടകസമിതി രൂപീകരിച്ചത്. പ്രോഗ്രാം, സ്വീകരണം തുടങ്ങിയ ഉപസമിതികളും രൂപീകരിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ നടന്ന സംഘാടകസമിതിയുടെ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇർഫാന ഇക്ബാൽ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഓക്ലാവ് കൃഷ്ണൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.മനു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റീന തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ബിജു മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമളാദേവി, മുതിർന്ന മാധ്യമ പ്രവർത്തകൻ വി.വി പ്രഭാകരൻ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ, സാംസ്‌കാരിക പ്രവർത്തകൻ നാഷണൽ അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.
.jpg)

