സെപ്റ്റംബർ എട്ട് ലോകസാക്ഷരതാദിനം ; ഉല്ലാസ് സാക്ഷരത പക്ഷാചരണത്തിന് തുടക്കമായി

SAKSHARATHA MISSION

കാസർകോട്  :ലോകസാക്ഷരതാദിനത്തിന്റെ ഭാഗമായി ഉല്ലാസ് സാക്ഷരതാ പക്ഷാചരണത്തിന് ജില്ലയിൽ തുടക്കമായി. കേന്ദ്രസർക്കാർ നേതൃത്വത്തിൽ ഇന്ത്യയിലെ നിരക്ഷരത നിർമ്മാർജ്ജനത്തിനായി ആരംഭിച്ച പദ്ധതിയാണ് ഉല്ലാസ്. (ULLAS - Understanding of Lifelong Learning for All in Society) സാക്ഷരതയുടെയും തുടർ വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യം പൊതുജനങ്ങളിലാകെ എത്തിക്കുകയാണ് പക്ഷാചരണത്തിന്റെ ലക്ഷ്യം. ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ ചെർളടുക്ക മുളിപ്പറമ്പ് ഉന്നതിയിൽ ഭവന സന്ദർശനം നടത്തിയാണ് ജില്ലയിലെ സാക്ഷരത പക്ഷാചരണത്തിന് തുടക്കം കുറിച്ചത്.

കാസർകോട് ഗവൺമെന്റ് കോളേജിലെ ബിരുദ വിദ്യാർത്ഥികളാണ് ഇന്റേൺഷിപ്പിന്റെ ഭാഗമായി ഭവനസന്ദർശനം നടത്തിയത്. സാക്ഷരതാമിഷന്റെ വിവിധ കോഴ്‌സുകളെ പരിചയപ്പെടുത്തുകയും താത്പര്യമറിയിച്ചവരുടെ രജിസ്‌ട്രേഷന്റെ പ്രാഥമിക നടപടികൾ പൂർത്തീകരിക്കുകയുമാണ് ഭവനസന്ദർശനത്തിലൂടെ ചെയ്തതെന്ന് ടീം ലീഡർ ദീക്ഷിത എസ്.കെ പറഞ്ഞു. വിവിധ കോഴ്സുകളിലേക്ക് അൻപതോളം പേർ താത്പര്യം അറിയിച്ചു. കെ.അമൃത, യു.സിഅഞ്ജലി, വിനിത വിനോദ്, യജ്‌ന എ ആൾവ, ഭരത് രാജ് ഷെട്ടി എന്നിവരടങ്ങിയ ടീമാണ് ഭവന സന്ദർശനം നടത്തിയത്. സാക്ഷരതാമിഷൻ ജില്ലാ കോർഡിനേറ്റർ കെ.വി രതീഷ്, ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രേരക് എസ്.ജ്യോതി എന്നിവരും ഭവന സന്ദർശനത്തിൽ പങ്കാളികളായി.

സെപ്തംബർ ആറിന് ജില്ലയിലെ തുല്യതാപഠന കേന്ദ്രങ്ങളിൽ പഠിതാക്കളുടെ സംഗമം നടക്കും. തുടർ വിദ്യാഭ്യാസത്തിന്റെ അനന്ത സാധ്യതകൾ എന്ന വിഷയം അവതരിപ്പിക്കും. പഠിതാക്കൾ അനുഭവസാക്ഷ്യം പങ്കുവെയ്ക്കും. മുതിന്ന പഠിതാക്കളെ ആദരിക്കും. എട്ടിന് ലോക സാക്ഷരതാ ദിനത്തിൽ ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും സാക്ഷരത പ്രതിജ്ഞ ചൊല്ലും. ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ, തുല്യതാ പഠിതാക്കൾ എന്നിവർ പങ്കെടുക്കും. സാക്ഷരത പ്രേരക്മാർ നേതൃത്വം നൽകും. സംസ്ഥാനതല പരിപാടി എട്ടിന് തിരുവനന്തപുരത്ത് അയ്യൻകാളി ഹാളിൽ നടക്കും.

Tags