മലയോര മേഖലയിലെ പുലി ഭീതി; കാസർകോട് ജില്ലാതലത്തില്‍ ആക്ഷന്‍പ്ലാന്‍ തയ്യാറാക്കും


കാസർകോട് : കാസര്‍കോട് ജില്ലയിലെ മലയോര ഗ്രാമങ്ങളില്‍ പുലിഭീതി വ്യാപകമായതോടെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ ജില്ലാ വികസന സമിതി തീരുമാനിച്ചു. ജില്ലയിലെ മലയോര ഗ്രാമങ്ങളില്‍ പുലിയിറങ്ങുന്നത് ജനങ്ങളുടെ സൈ്വര്യജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കാന്‍ ഭയപ്പെടുകയാണെന്നും പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കണ്ടേ മതിയാകൂവെന്നും അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു. കഴിഞ്ഞ ദിവസം ബേഡകത്തെ മടയില്‍ പുലി എത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും ആ പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ടെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
വിഷയം സംബന്ധിച്ച് മറ്റ് ജില്ലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്ത് ജില്ലയുടെ പ്രത്യേകതകള്‍ കൂടി പരിഗണിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. ഇതിന്റെ ഭാഗമായി പുലി ഭീതി നിലനില്‍ക്കുന്ന ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളും ഫോറസ്റ്റ്, റവന്യൂ, പോലീസ് എന്നിവരുടെ പ്രത്യേക യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. വിഷയത്തില്‍ പ്രൊപ്പോസല്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ ഡി.എഫ്.ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ നാല് പുലികളാണ് ഉള്ളതെന്ന് ഡി.എഫ്.ഒ പറഞ്ഞു. ജനവാസ കേന്ദ്രങ്ങളിലെത്തുന്ന പുലികളെ ട്രെയ്‌സ് ചെയ്ത് മയക്കുവെടി വെക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.

എരിഞ്ഞിപ്പുഴ ചെക്ക്ഡാം തുടര്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി പരിവേഷ് പോര്‍ട്ടലില്‍ സമര്‍പ്പിക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പുനര്‍ഗേഹം പദ്ധതിയില്‍ പള്ളിക്കര മിഷന്‍ കോളനി നിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കണമെന്ന് എം.എല്‍.എ പറഞ്ഞു. മൂന്നാംകടവ് ഡാം സംബന്ധിച്ച് ഫീസിബിലിറ്റി സ്റ്റഡി നടത്തും. ബാവിക്കര ടൂറിസം പദ്ധതി പുരോഗതി അവലോകനം ചെയ്തു.