തെരുവ് നായ നിയന്ത്രണം തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ഷെൽട്ടറുകൾ നിർമ്മിക്കണം; ഡി.പി.സി ചെയർപേഴ്‌സൺ

DPC MEETING

കാസർ​ഗോട് : തെരുവ് നായ നിയന്ത്രണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ഷെൽട്ടറുകൾ നിർമ്മിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്‌സൺ സാബു അബ്രഹാം പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വന്തമായോ രണ്ടോ മൂന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചേർന്നോ തെരുവുനായകളെ പാർപ്പിക്കുന്നതിന് ഷെൽട്ടറുകൾ സ്ഥാപിക്കണം. വിഷയം ചർച്ച ചെയ്യാനായി സെപ്തംബർ ആദ്യവാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്വംയഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾ തയ്യാറാക്കുന്ന ഘട്ടത്തിൽ മനുഷ്യർക്ക് ഏറ്റവും ആവശ്യമുള്ള സുരക്ഷിതമായ കുടിവെള്ളം, താമസ യോഗ്യമായ പാർപ്പിടം, യുവാക്കൾക്ക് തൊഴിൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകണെന്നും നൂതന പദ്ധതികൾക്കൊപ്പം തന്നെ ഇത്തരം പദ്ധതികളും നടപ്പിലാക്കേണ്ടതുണ്ടെന്നും ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് പറഞ്ഞു. ജില്ലയുടെ സ്വപ്‌ന പദ്ധതികൾക്ക് കളക്ടർ എന്നും കൂടെ ഉണ്ടാകും എന്നും കളക്ടർ ഉറപ്പ് നൽകി.

കഴിഞ്ഞ കാലവർഷം ജില്ലയിൽ വേണ്ടത്ര വെള്ളം ലഭിച്ചിട്ടില്ലെന്നും അതിനാൽ നവംബറിനുള്ളിൽ തന്നെ ചെക്ക് ഡാമുകളിൽ ചാക്കിൽ മണൽ നിറച്ച് വെള്ളം സംഭരിക്കേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. തൊഴിലുറപ്പ് പദ്ധതിയിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു.  43 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭേതഗതികൾക്കും 28 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഹെൽത്ത് ഗ്രാന്റ് പദ്ധതികൾക്കും അംഗീകാരം നൽകി.

ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ ഡി.പി.സി ചെയർപേഴ്‌സൺ സാബു അബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ്, ജില്ലാ പ്ലാനിങ് ഓഫീസർ ഡോ.ബി.എം അനിൽകുമാർ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

Tags