വാക്കത്തോൺ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഫ്‌ളാഗ് ഓഫ് ചെയ്തു


കാസർഗോഡ് : കായിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ പ്രചാരണ ക്യാമ്പെയിൻ 'കിക്ക് ഡ്രഗ്സ് 'ന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് മുന്നോടിയായി കാസർകോട് കളക്ടറേറ്റിൽ നിന്നും പുതിയ ബസ് സ്റ്റാന്റിലേക്ക് നടത്തിയ വാക്കത്തോൺ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഫ്‌ളാഗ് ഓഫ് ചെയ്തു. എംഎൽഎ മാരായ സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലൻ, ഇ ചന്ദ്രശേഖരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, ജില്ലാ കളക്ടർ കെ ഇൻപശേഖർ, ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ ജില്ല സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി.ഹബീബ് റഹ്‌മാൻ, വി.വി രമേശൻ, വിവിധ അസോസിയേഷൻ ഭാരവാഹികൾ കായികതാരങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 1500ലധികം കായികസ്‌നേഹികൾ വാക്കത്തോണിന്റെ ഭാഗമായി.
കളിക്കളങ്ങളെ സജീവമാക്കി ലഹരിയെ പ്രതിരോധിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് കായിക വകുപ്പിന്റെ 'കിക്ക് ഡ്രഗ്സ്' 14 ജില്ലകളിലൂടെയും സഞ്ചരിക്കുന്നത്. ലഹരി വിരുദ്ധ പ്രചാരണത്തിന്റെ മിനി മാരത്തോൺ ഫ്‌ലാഗ് ഓഫ് ഉദുമ പാലക്കുന്നിൽ ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി നിർവഹിച്ചു. മിനി മാരത്തൺ മത്സരങ്ങൾ വിദ്യാനഗർ കളക്ടറേറ്റ് സമീപം സമാപിച്ചു. മാരത്തോൺ പുരുഷ വിഭാഗത്തിൽ കാസർകോട് സ്വദേശി സി. മിഥുൻരാജ് മാരത്തോണിൽ ഒന്നാമതെത്തി. വനിതാ വിഭാഗത്തിൽ പി.വി നിരഞ്ജന ഒന്നാമതെത്തി.

കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ കളക്ടറേറ്റിനു മുന്നിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്ത വാക്കത്തോൺ ആരംഭിച്ചത. ലഹരി വിരുദ്ധ സന്ദേശ പ്രചാരണ ജാഥയുടെ കാസർകോട് ജില്ലയിലെ സമാപനത്തോടനുബന്ധിച്ചുള്ള മാരത്തൺ ചെറുവത്തൂർ ബസ്റ്റാൻഡിൽ നിന്നാരംഭിച്ച് കാലിക്കടവ് ഗ്രൗണ്ടിൽ സമാപിക്കും. സമാപനത്തോടനുബന്ധിച്ച് കളിക്കളങ്ങളെ വീണ്ടെടുക്കുകയെന്ന മുദ്രാവാക്യമുയർത്തി തെരഞ്ഞെടുത്ത സ്പോർട്സ് ക്ലബ്ലുകൾക്കുള്ള കിറ്റ് വിതരണവും നടക്കും.