പട്ടികജാതി-പട്ടിക ഗോത്രവർഗക്കാരുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിൽ മികച്ച മുന്നേറ്റം : കമീഷൻ ചെയർപേഴ്സൺ
കാസർഗോട് :പട്ടികജാതി-പട്ടിക ഗോത്രവർഗക്കാരുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിൽ സംസ്ഥാന പട്ടികജാതി-പട്ടിക ഗോത്രവർഗ കമീഷൻ വലിയ മുന്നേറ്റമുണ്ടാക്കിയതായി കമീഷൻ ചെയർപേഴ്സൺ ശേഖരൻ മിനിയോട് പറഞ്ഞു. കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമീഷൻ ചുമതലയേൽക്കുമ്പോൾ ഉണ്ടായിരുന്ന 5000 പരാതികൾക്ക് പുറമെ ഒരു വർഷം ലഭിച്ച മറ്റു പരാതികൾ അടക്കം 7338 പരാതികളിൽ 3974 നും ആദ്യവർഷം തന്നെ പരിഹാരം കാണാൻ സാധിച്ചു. തൊട്ടടുത്ത വർഷം പരാതികളുടെ എണ്ണം 5898ലേക്ക് ഉയർന്നെങ്കിലും ഇതിൽ 5086 എണ്ണവും തീർപ്പാക്കി. 812 പരാതികളാണ് ശേഷിക്കുന്നത്. പരാതി പരിഹാരത്തിനായി 56 അദാലത്തുകളും 150ഓളം ഹിയറിങ്ങുകളും സംഘടിപ്പിച്ചു. മൂന്നു വർഷത്തിനിടെ 90 ദിവസങ്ങളിലായാണ് ഇവ സംഘടിപ്പിച്ചതെന്നും ചെയർപേഴ്സൺ പറഞ്ഞു.
സംസ്ഥാനത്തിന്റെ 40ഓളം ഭാഗങ്ങളിൽ ചെയർപേഴ്സണും കമീഷൻ അംഗങ്ങളും ഉൾപ്പെടെയുള്ളവർ സന്ദർശനം നടത്തി. 14 മോഡൽ റസിഡൻഷ്യൽ സ്കൂളുകളും എട്ട് വിദ്യാർഥി ഹോസ്റ്റലുകളും മൂന്ന് ട്രെയിനിങ് സെന്ററുകളും സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തി. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കുള്ള സംവരണം നടപ്പാക്കൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി പട്ടിക വിഭാഗങ്ങൾക്ക് അനുവദിച്ചിട്ടുള്ള ഫണ്ട് വിനിയോഗം തുടങ്ങിയ വിഷയങ്ങളിലും കമീഷൻ കൃത്യമായ ഇടപെടലുകൾ നടത്തി സർക്കാറിന് നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൺ പറഞ്ഞു.
കാസർകോട് ജില്ലയിൽ മൂന്ന് തവണകളായി നടത്തിയ സിറ്റിങ്ങിലൂടെ 90 ശതമാനം പരാതികൾക്കും പരിഹാരം നിർദേശിച്ചിട്ടുണ്ട്. മുൻവർഷങ്ങളിലേതടക്കം 14 പരാതികൾ മാത്രമാണ് ജില്ലയിൽനിന്ന് പരിഹാരത്തിനായി ബാക്കിയുള്ളത്. ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സഹകരണം കൊണ്ടാണ് പരാതികൾക്ക് പെട്ടെന്ന് പരിഹാരം കാണാനായതെന്നും ചെയർപേഴ്സൺ പറഞ്ഞു.
.jpg)

